കേരളീയം; തലസ്ഥാന നഗരത്തില്‍ നവംബര്‍ 1 മുതല്‍ 7 വരെ ഭാഗിക ഗതാഗത നിയന്ത്രണം: മുഖ്യമന്ത്രി

മലയാളികളുടെ മഹോത്സവമായ ‘കേരളീയം 2023’ന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തില്‍ ഭാഗിക ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വെള്ളയമ്പലം മുതല്‍ ജിപിഒ വരെ വൈകിട്ട് ആറു മുതല്‍ രാത്രി 10 വരെ വാഹന ഗതാഗതം ഭാഗികമായി നിയന്ത്രിക്കും.

കവടിയാര്‍ മുതല്‍ വെള്ളയമ്പലം വരെ ഭാഗിക ഗതാഗത നിയന്ത്രണത്തിലൂടെ മുഴുവന്‍ വാഹനങ്ങളും കടത്തിവിടുന്നതാണ്. നിര്‍ദിഷ്ട പാര്‍ക്കിംഗ് സ്ഥലങ്ങളിലല്ലാതെയുള്ള പാര്‍ക്കിംഗ് അനുവദിക്കില്ല. ഈ മേഖലയില്‍ ഇനി പറയുന്ന സ്ഥലങ്ങളിലൂടെ മാത്രം സ്വകാര്യ വാഹനങ്ങള്‍ ക്രോസ് ചെയ്തു പോകുന്നതിന് അനുവദിക്കുന്നതാണ്. പട്ടം, പിഎംജി ഭാഗത്തുനിന്നുള്ള വാഹനങ്ങള്‍ക്ക് യുദ്ധസ്മാരകം വേള്‍ഡ് വാര്‍ മെമ്മോറിയല്‍ പാളയം വഴി റോഡ് ക്രോസ് ചെയ്തു സര്‍വീസ് റോഡ് വഴി പഞ്ചാപുര-ബേക്കറി ജംഗ്ഷന്‍-തമ്പാനൂര്‍ ഭാഗത്തേക്ക് പോകാവുന്നതാണ്.

Also Read : കേരളീയം മലയാളികളുടെ മഹോത്സവം: മുഖ്യമന്ത്രി

സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി 40 വേദികള്‍ ഉള്‍പ്പെടുന്ന മേഖലകളെ നാലുസോണുകളായും 12 ഡിവിഷനുകളായും 70 സെക്ടറുകളുമായി തിരിച്ച് പഴുതടച്ചുള്ള സുരക്ഷാക്രമീകരണം സജ്ജമാക്കിയിട്ടുണ്ട്. മുഖ്യവേദികള്‍ ക്രമീകരിച്ചിരിക്കുന്ന കവടിയാര്‍ മുതല്‍ കിഴക്കേക്കോട്ട വരെ വൈകിട്ട് 6 മുതല്‍ രാത്രി 11 വരെ കെഎസ്ആര്‍ടിസി ഇലക്ട്രിക് ബസുകളില്‍ സൗജന്യ യാത്ര ഒരുക്കും. കേരളീയം വേദികള്‍ ബന്ധിപ്പിച്ചുകൊണ്ട് സന്ദര്‍ശകര്‍ക്ക് സൗജന്യ യാത്ര ഒരുക്കാന്‍ കെഎസ്ആര്‍ടിസി ഈ മേഖലയില്‍ 20 ഇലക്ട്രിക് സ്വിഫ്റ്റ് ബസുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഈ മേഖലയില്‍ ഇലക്ട്രിക് സ്വിഫ്റ്റ് ബസുകള്‍, പ്രത്യേക പാസ് വാഹനങ്ങള്‍, ആംബുലന്‍സുകള്‍, മറ്റ് എമര്‍ജന്‍സി സര്‍വീസുകള്‍ എന്നിവ മാത്രമേ അനുവദിക്കൂ.

നിശ്ചിത പാര്‍ക്കിംങ് ഏരിയകളില്‍ നിന്നും നിലവിലെ സര്‍വ്വീസുകള്‍ക്കു പുറമെ റെഡ് സോണുമായി ബന്ധിപ്പിക്കുന്നതിന് കെ.എസ്.ആര്‍.ടി.സി കൂടുതല്‍ സര്‍വ്വീസുകള്‍ ആവശ്യാനുസരണം 10 രൂപാ നിരക്കില്‍ നടത്തുന്നതാണ്. കവടിയാര്‍ മുതല്‍ കിഴക്കേകോട്ട വരെയുളള പ്രധാന വീഥി റെഡ്‌സോണായും, അതിലേക്ക് ചേരുന്ന മറ്റു റോഡുകളെ ഓറഞ്ച്‌സോണായും, മറ്റു ഭാഗങ്ങളെ ഗ്രീന്‍സോണായും തരം തിരിച്ചിട്ടുണ്ട്. കവടിയാര്‍ മുതല്‍ കിഴക്കേകോട്ടവരെയുളള റെഡ് സോണില്‍ വൈകുന്നേരം 06 മണി മുതല്‍ 11.00 മണി വരെ വാഹന ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തും.

Also Read : തദ്ദേശ സ്ഥാപനങ്ങൾക്ക്‌ 186 കോടികൂടി അനുവദിച്ചു; കെ എന്‍ ബാലഗോപാല്‍

സുരക്ഷയുടെ മേല്‍നോട്ടത്തിനായി 19 എസിപി/ഡിവൈ.എസ്.പിമാരും 25 ഇന്‍സ്പെക്ടര്‍മാര്‍, 200 എസ്‌ഐ/എഎസ്‌ഐ ആയിരത്തിലധികം പൊലീസ് ഉദ്യോഗസ്ഥര്‍, 250 നു മുകളില്‍ വനിതാ ബറ്റാലിയനില്‍ നിന്നുള്ള പൊലീസ് ഉദ്യോഗസ്ഥരെയും ഇതിനു പുറമേ 300 വോളണ്ടിയര്‍മാര്‍ എന്നിവരെയും ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുണ്ട്. പ്രധാന വേദികളില്‍ ആരോഗ്യവകുപ്പിന്റെയും ഫയര്‍ഫോഴ്‌സിന്റെയും സേവനം ലഭ്യമാക്കും. ആംബുലന്‍സ് അടക്കമുള്ള സേവനം ഉറപ്പാക്കും. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേക സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി തിരക്കേറിയ സ്ഥലങ്ങളില്‍ പൊലീസിന്റെയും സിറ്റി ഷാഡോ ടീമിന്റെയും നിരന്തരമായ നിരീക്ഷണവും ശക്തമാക്കും. തിരക്ക് അനുഭവപ്പെടാന്‍ സാധ്യതയുള്ള റോഡുകള്‍/ഇടറോഡുകള്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ നിശ്ചിത ഇടവേളകളില്‍ പട്രോളിങ് ശക്തമാക്കും. കൂടുതല്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ച് സുരക്ഷാ സംവിധാനം ശക്തമാക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News