ഒഡിഷയിലെ ബാലസോര്‍ ട്രെയിന്‍ ദുരന്തത്തില്‍ നിന്നും പാഠം ഉള്‍ക്കൊളളാത്തതാണ് ബംഗാള്‍ ട്രെയിന്‍ അപകടത്തിനും കാരണമായത്. കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിനായിരുന്നു മോദി സര്‍ക്കാരിന്റെ രണ്ട് കാലയളവിലും റെയില്‍വേ ചുമതല. സിഗ്നല്‍ സംവിധാനങ്ങളിലെ പിഴവും വേഗനിയന്ത്രണ സംവിധാനങ്ങള്‍ കാര്യക്ഷമമാക്കാത്തതും ദുരന്തങ്ങള്‍ ആവര്‍ത്തിക്കുകയാണ്.
2023 ജൂണ്‍ 2 ഒഡിഷയിലെ ബാലസോറില്‍ മൂന്ന് ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ വന്‍ദുരന്തത്തില്‍ 296 പേരാണ് മരിച്ചത്. രണ്ടാം മോദി സര്‍ക്കാരിന് കീഴില്‍ അശ്വിനി വൈഷ്ണവ് ആയിരുന്നു അന്നും കേന്ദ്ര റെയില്‍വേ മന്ത്രി. അപകട സ്ഥലത്തേക്ക് പാഞ്ഞെത്തിയ കേന്ദ്രമന്ത്രി വൈകാരികമായി സംസാരിച്ചു. അപകടത്തിന് കാരണമായ സിഗ്നല്‍ സംവിധാനങ്ങളിലെ പിഴവും ട്രെയിനുകളുടെ വേഗനിയന്ത്രണങ്ങളുടെ കാര്യക്ഷമതയില്ലായ്മയും പരിഹരിക്കുമെന്ന് ഉറപ്പു നല്‍കി.
ട്രെയിനുകള്‍ തമ്മിലുളള കൂട്ടിയിടി ഒഴിവാക്കുന്ന കവച് സാങ്കേതിക വിദ്യ കൊണ്ടുവരണമെന്ന ആവശ്യവും ചര്‍ച്ചയായി. ഒരു വര്‍ഷത്തിനപ്പുറം മൂന്നാം മോദി സര്‍ക്കാര്‍ അധികാരത്തിലേറി സമാനമായ ദുരന്തം ആവര്‍ത്തിക്കുമ്പോള്‍ അശ്വിനി വൈഷ്ണവിന് തന്നെയാണ് റെയില്‍വേയുടെ അമരക്കാരന്‍. ഇത്തവണ ബംഗാളിലെ അപകടസ്ഥലത്തേക്ക് സാഹസികമായി ബൈക്കില്‍ കയറി എത്തിയ റെയില്‍വേ മന്ത്രി പതിവുപോലെ അന്വേഷണം പ്രഖ്യാപിച്ചു കഴിഞ്ഞു. സുരക്ഷാ സംവിധാനങ്ങള്‍ ഉറപ്പുവരുത്താന്‍ റെയില്‍വേ പരാജയപ്പെടുന്നുവെന്നതിന്റെ വ്യക്തമായ തെളിവുകളാണ് തുടര്‍ച്ചയായ സമാന അപകടങ്ങള്‍.
ഏറ്റവും സുരക്ഷിതമല്ലാത്ത യാത്രാസംവിധാനമായി ഇന്ത്യന്‍ റെയില്‍വേ മാറിയത് മോദി സര്‍ക്കാരിന്റെ കഴിഞ്ഞ 10 വര്‍ഷത്തെ ഭരണത്തിലാണ്. റെയില്‍വേ പൂര്‍ണമായും സ്വകാര്യവത്ക്കരിക്കാനുളള നീക്കം തകൃതിയായി നടക്കുന്നു. 1956ല്‍ പ്രകൃതിദുരന്തം മൂലമുണ്ടായ ട്രെയിന്‍ അപകടങ്ങളുടെ ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത്, അന്നത്തെ റെയില്‍വേ മന്ത്രിയായിരുന്ന ലാല്‍ ബഹദൂര്‍ ശാസ്ത്രി രാജിവച്ച ചരിത്രവും നമ്മുടെ മുന്നിലുണ്ട്. എന്നാല്‍ കെടുകാര്യസ്ഥത മൂലം ജീവനുകള്‍ പൊലിയുമ്പോഴും നരേന്ദ്രമോദിയും വകുപ്പ് ചുമതലയുളള കേന്ദ്രമന്ത്രിയും നഷ്ടപരിഹാരം നല്‍കിയും അനുശോചിച്ചും ഓരോ അപകടങ്ങളെയും തരണം ചെയ്ത് മുന്നേറുകയാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here