ഒഡീഷയിലെ ട്രെയിൻ അപകടം; തമിഴരുടെ സുരക്ഷ, രക്ഷാ പ്രവർത്തനം ഏകോപിപ്പിക്കാൻ സമിതി

കോറോമാണ്ടൽ എക്‌സ്‌പ്രസ് ട്രെയിൻ അപകടത്തിൽപ്പെട്ടതിനെ തുടർന്ന് ട്രെയിനിലുണ്ടായിരുന്ന തമിഴ് ജനങ്ങളുടെ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നതിനായി നാലംഗ സമിതിയെ നിയോഗിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. സ്റ്റാലിൻ ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായിക്കുമായി സംസാരിച്ചു.

അതേസമയം, മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. പരുക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപ വീതവും തമിഴ്നാട് സര്‍ക്കാര്‍ നല്‍കും. രക്ഷാപ്രവര്‍ത്തനത്തിനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും കൂടുതല്‍ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ടെന്നും എം കെ സ്റ്റാലിന്‍ അറിയിച്ചു.

ഹൗറയിലേക്കുള്ള യാത്രാമധ്യേ 12864 ബെംഗളൂരു-ഹൗറ സൂപ്പർഫാസ്റ്റ് എക്‌സ്പ്രസിന്റെ നിരവധി കോച്ചുകൾ പാളം തെറ്റി അടുത്തുള്ള ട്രാക്കുകളിൽ വീണതായി ഒരു ഉദ്യോഗസ്ഥൻ പിടിഐയോട് പറഞ്ഞു. അപകടത്തിൽ ഞെട്ടൽ പ്രകടിപ്പിച്ച സ്റ്റാലിൻ, താൻ പട്‌നായിക്കിനോട് സംസാരിച്ചുവെന്നും അപകടത്തെക്കുറിച്ചറിഞ്ഞ വിശദാംശങ്ങൾ ആശങ്കാജനകമാണെന്നും പറഞ്ഞു.

“അപകടത്തിൽ അകപ്പെട്ട തമിഴരെ രക്ഷിക്കാൻ ഒഡീഷയിലേക്ക് തിരിക്കാൻ ഞാൻ ഗതാഗത മന്ത്രി എസ് എസ് ശിവശങ്കറിനോടും 3 ഐഎഎസ് ഉദ്യോഗസ്ഥരോടും ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു ഹെൽപ്പ് ലൈൻ സ്ഥാപിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്,” അദ്ദേഹം കൂട്ടിച്ചേർത്തു.

അപകടത്തിൽ ദുഃഖം പ്രകടിപ്പിച്ച സ്റ്റാലിൻ, നവീൻ പട്‌നായിക്കുമായുള്ള സംഭാഷണത്തിനിടെ തമിഴ്‌നാട്ടിൽ നിന്ന് സാധ്യമായ എല്ലാ സഹായവും ഉറപ്പുനൽകിയതായി പറഞ്ഞു. നിരവധി ഐപിഎസ്, ഐഎഎസ് ഉദ്യോഗസ്ഥരെയും ജില്ലയിലെ ഉദ്യോഗസ്ഥരെയും അപകടസ്ഥലത്തേക്ക് അയച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

അപകടത്തിൽ കുടുങ്ങിപ്പോയ യാത്രക്കാരെ കടത്തിവിടാൻ പ്രത്യേക ട്രെയിൻ ഏർപ്പെടുത്തിയിട്ടുണ്ടെന്നും വെള്ളിയാഴ്ച രാത്രി മുതൽ സ്റ്റേറ്റ് എമർജൻസി കൺട്രോൾ റൂം പ്രവർത്തിച്ചു തുടങ്ങിയെന്നും യാത്രക്കാർക്ക് സഹായം നൽകുന്നതിനുള്ള പ്രവർത്തനങ്ങൾ തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

അതിനിടെ, ദക്ഷിണ റെയിൽവേ ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ ഹെൽപ്പ് ഡെസ്‌ക് സ്ഥാപിച്ചു. 044-25330952, 044-25330953, 044-25354771 എന്നീ ഹെൽപ്പ് ലൈൻ നമ്പറുകളും നൽകി.

Also Read: ഒഡീഷ ട്രെയിൻ ദുരന്തം; കേന്ദ്രസർക്കാരിനെ കുറ്റപ്പെടുത്തി കശ്മീർ ഫയൽസ് സംവിധായകൻ വിവേക് അ​ഗ്നിഹോത്രി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News