കഴിഞ്ഞ ദിവസം പൻവേലിൽ നിന്ന് പുറപ്പെട്ട നേത്രാവതി അടക്കം നിരവധി ട്രെയിനുകളാണ് സാവന്ത് വാഡിക്കും മഡ്‌ഗാവിനും ഇടയിലുള്ള തുരങ്കത്തിൽ വെള്ളം കയറിയതിനെ തുടർന്ന് ഏറെ കാത്തിരിപ്പിനൊടുവിൽ വഴി തിരിച്ചു വിടാൻ തീരുമാനിച്ചത്. രത്‌നഗിരിയിൽ തിരിച്ചെത്തി പുണെ വഴി പോകുവാനാണ് തീരുമാനമെന്ന് പൻവേൽ സ്റ്റേഷൻ മാനേജർ ആർ കെ നായർ അറിയിച്ചു. മുംബൈയിലേക്ക് വരുന്ന തീവണ്ടികളുടെയും അവസ്ഥ ഇത് തന്നെയാണ്. കേരളത്തിൽ നിന്നുള്ള ട്രെയിനുകൾ ഷൊർണൂർ വഴി തിരിച്ചു വിടുവാനുള്ള നടപടികളാണ് എടുത്തിരിക്കുന്നത്.
ഇന്നലെ പൻവേലിൽ നിന്ന് പുറപ്പെട്ട നേത്രാവതി രാത്രിയോടെ സാവന്ത് വാഡിയിലെത്തിയ ശേഷം മുന്നോട്ട് പോകാൻ കഴിയാതെ നിർത്തിയിടുകയായിരുന്നുവെന്ന് യാത്രക്കാരനായ കാമോട്ടെ നിവാസി ബാബു ഗണദാസ് പറയുന്നു. ഹരിപ്പാട് സ്വദേശിയാണ് ബാബു. അനശ്ചിതാവസ്ഥയിലായ ട്രെയിൻ ഇന്ന് രാവിലെ വഴി തിരിച്ചു വിടാനുള്ള തീരുമാനത്തിന്റെ ആശ്വാസത്തിലാണ് യാത്രക്കാരെല്ലാം. എന്നിരുന്നാലും നിലവിലെ സാഹചര്യത്തിൽ എപ്പോൾ നാട്ടിലെത്തുമെന്ന് പറയാൻ കഴിയില്ലെന്നും ബാബു പറഞ്ഞു. നേത്രാവതി കൂടാതെ 12118 നിസാമുദ്ദീൻ എറണാകുളം മംഗള എക്‌സ്പ്രസ്സ് ലോണാവാല, പുണെ വഴി തിരിച്ചു വിടും. ഭാവ്നഗർ കൊച്ചുവേളി സൂപ്പർ ഫാസ്റ്റ് ട്രെയിനും രത്‌നഗിരിയിലേക്ക് മടങ്ങാൻ തീരുമാനമായി.
Also Read: കോവളം ബീച്ചിലെ അടിയന്തിര പ്രവൃത്തികള്‍ക്കായി ടൂറിസം വകുപ്പ് 3.67 കോടി രൂപ അനുവദിച്ചു
പതിവ് അറിയിപ്പുകളിലൂടെയും കാൻ്റീനുകൾ പ്രവർത്തനക്ഷമമാക്കുന്നതിലൂടെയും യാത്രക്കാർക്ക് സാധ്യമായ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്യാൻ ശ്രമിച്ചതായി കൊങ്കൺ റെയിൽവേ അറിയിച്ചു. ഗോവയിലെ പെർനെമിൽ തുരങ്കത്തിനുള്ളിൽ വെള്ളം കയറിയതിനെ തുടർന്നും കൊങ്കൺ റെയിൽവേ റൂട്ടിലെ ട്രെയിനുകൾ വിവിധ സ്ഥലങ്ങളിൽ നിർത്തിവച്ചു. നിലവിലെ സാഹചര്യത്തിൽ ട്രെയിനുകൾ റദ്ദാക്കുകയോ തിരിച്ചു വിടുകയോ മാത്രമാണ് ചെയ്യാൻ കഴിയുകയെന്നാണ് റെയിൽവേ അധികൃതർ പറയുന്നത്. 22229 വന്ദേ ഭാരത്, 12051 ജനശതാബ്ദി, 10103 മണ്ഡോവി എക്സ്പ്രസ്സ് തുടങ്ങിയ ട്രെയിനുകളാണ് റദ്ദാക്കിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here