ട്രാന്‍സ്ജെന്‍ഡര്‍ നയം കേരളത്തിലെ ട്രാന്‍സ് വിഭാഗങ്ങള്‍ക്കിടയില്‍ വലിയ മാറ്റമുണ്ടാക്കി: രഞ്ചു രഞ്ചിമാര്‍

(കേരളത്തിലെ ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ സെലിബ്രിറ്റി മേക്ക് അപ്പ് ആര്‍ട്ടിസ്റ്റ്)

സ്വത്വം വെളിപ്പെടുത്തിയതോടെ സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്ന് അവഹേളനവും അപമാനവും നേരിടേണ്ടി വന്ന വിഭാഗമായിരുന്നു ട്രാന്‍സ്ജെന്‍ഡറുകള്‍. ഇന്ത്യയില്‍ ആദ്യമായി ട്രാന്‍സ്ജെന്‍ഡര്‍ നയം നടപ്പാക്കിയതോടെ കേരളത്തിലെ ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളുടെ ജീവിതത്തില്‍ വലിയ മാറ്റമാണുണ്ടായിരിക്കുന്നത്. സമൂഹത്തിലെ വിവിധ തുറകളില്‍ വിജയം കൈവരിച്ച് മുന്നേറുകയാണ് ട്രാന്‍സ് വ്യക്തികള്‍. കേരളം കൈവരിച്ച സമസ്ത നേട്ടങ്ങള്‍ ലോകത്തിനു മുന്നില്‍ അവതരിപ്പിക്കുന്ന കേരളീയം 2023 ന്റെ ഭാഗമായി കേരളത്തിലെ ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ സെലിബ്രിറ്റി മേക്ക് അപ്പ് ആര്‍ട്ടിസ്റ്റായ രഞ്ചു രഞ്ചിമര്‍ സംസാരിക്കുന്നു.

ഐഡന്റിന്റി വെളിപ്പെടുത്തിയതിനെ തുടര്‍ന്ന് സമൂഹത്തില്‍ നിന്നും കുടുംബത്തില്‍ നിന്നും വലിയ എതിര്‍പ്പുകള്‍ താങ്കള്‍ക്ക് നേരിടേണ്ടി വന്നിട്ടുണ്ടാകാം. എന്നാല്‍ അവയെ എല്ലാം മറികടന്ന് ഇന്ന് സമൂഹത്തില്‍ അംഗീകരിക്കപ്പെടുന്ന വ്യക്തിയായി താങ്കള്‍ മാറി. എങ്ങനെയാണ് ഇത് സാധ്യമായത്. ഇതിനുള്ള കരുത്ത് എങ്ങനെ ലഭിച്ചു?

ജീവിതത്തില്‍ എന്റെ ഐഡന്റിന്റി വെളിപ്പെടുത്തുമ്പോള്‍ ഏറ്റവുമധികം ഭയപ്പെട്ടിരുന്നത് എന്റെ സമൂഹത്തെയാണ്. കാരണം എന്റെ ചുറ്റുപാടുകള്‍ അറിവില്ലായ്മകള്‍ കൊണ്ടു നിറഞ്ഞ സമൂഹമായിരുന്നു. എന്റെയൊക്കെ കാലഘട്ടത്തില്‍ ജെന്‍ഡര്‍, സെക്സ്, സെക്ഷ്വാലിറ്റി എന്നതിനെക്കുറിച്ചൊക്കെ പലരും അജ്ഞരായിരുന്നു. എന്താണ് എന്നില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്ന് എനിക്കും തിരിച്ചറിയാന്‍ കഴിയുന്നില്ല. എന്റെ മുമ്പില്‍ ഏക ആശ്രയം എന്ന് പറഞ്ഞ ദൈവങ്ങള്‍ മാത്രമായിരുന്നു. എന്തിനാണ് ദൈവമേ എന്നെ ഇങ്ങനെ സൃഷ്ടിച്ചത്. എന്നെയും സ്ത്രീയായിട്ട് സൃഷ്ടിക്കാമായിരുന്നില്ലേ എന്നോര്‍ക്കും. രാവിലെ ആകുമ്പോള്‍ എന്നെ സ്ത്രീയായി സൃഷ്ടിക്കണേയെന്ന് എല്ലാ ദിവസവും പ്രാര്‍ഥിക്കും. ഓരോ ദിവസം കഴിയുംതോറും ഞാന്‍ പഴയ രൂപത്തില്‍ തന്നെ ആയിരിക്കും ജീവിച്ചു പോകുന്നത്. എങ്കിലും എന്റെ സ്വത്വത്തില്‍ ഉറച്ചുനിന്നു ഞാന്‍ ജീവിച്ചു. അപ്പോള്‍ എനിക്ക് ഏറ്റവും സപ്പോര്‍ട്ട് തന്നത് എന്റെ കുടുംബം തന്നെയാണ്. എന്റെ സമൂഹം എന്നെ നോക്കി പല്ലിളിച്ചപ്പോഴും എന്റെ അമ്മയും കൂടപ്പിറപ്പുകളും എന്നെ ചേര്‍ത്തുപിടിച്ചുവെന്നതാണ് എന്റെ വിജയത്തിന്റെ രഹസ്യം.

ഇന്ത്യയില്‍ ആദ്യമായി ട്രാന്‍സ്‌ജെന്‍ഡര്‍ നയം നടപ്പാക്കിയ സംസ്ഥാനമാണ് കേരളം. നയം നടപ്പാക്കുന്നതിനു മുന്‍പും ശേഷവുമുള്ള അവസ്ഥ ഒന്നു വിലയിരുത്താമോ? നയം നടപ്പാക്കിയ ശേഷം എന്തെല്ലാം മാറ്റങ്ങളുണ്ടായി? മുന്‍പ് എന്തായിരുന്നു സ്ഥിതി?

ഇന്ത്യയില്‍ ആദ്യമായി ട്രാന്‍സ്ജെന്‍ഡര്‍ നയം നടപ്പിലാക്കിയ സംസ്ഥാനം കേരളമാണ്. അതുപോലെ തന്നെ കേരളത്തിലെ ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളെ ഏറ്റവുമധികം സ്വീകരിച്ചു തുടങ്ങിയ സംസ്ഥാനവും കേരളമാണ്. പക്ഷേ ഇതിനു മുന്‍പ് നമുക്കില്ലാത്ത മസ്‌കുലിന്‍ പവര്‍ കാണിച്ച് വേണം സമൂഹത്തിലിറങ്ങുവാന്‍ എന്നതായിരുന്നു അവസ്ഥ. നേരേ ചൊവ്വേ നടക്കാന്‍ പറ്റാത്ത അവസ്ഥ. ഈ അവസ്ഥ നേരിട്ട വ്യക്തിയാണ് ഞാന്‍. പക്ഷേ ട്രാന്‍സ്ജെന്‍ഡര്‍ നയം കേരളത്തില്‍ നടപ്പിലാക്കിയ ശേഷം ഇവിടെ ഇഷ്ടപ്പെട്ട വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. അതുപോലെ തന്നെ യാത്രാ സ്വാതന്ത്ര്യമുണ്ട്. എവിടെയും കടന്നുചെല്ലാനുള്ള സ്വാതന്ത്ര്യമുണ്ട്. കൂടാതെ നമുക്കായി വിദ്യാലയങ്ങളും ഓഫീസുകളും തുറന്നു തന്നിരിക്കുന്നു. ഒരു വ്യക്തി എന്ന നിലയില്‍ ജീവിക്കാനുള്ള എല്ലാ സാഹചര്യങ്ങളും ഈ ഒരു മാറ്റത്തിലൂടെ കേരളത്തിലുണ്ടായിരിക്കുന്നു. ഇത് ഒരു വലിയ കാര്യം തന്നെയാണ്.

ട്രാന്‍സ്‌ജെന്‍ഡര്‍ നയം നടപ്പാക്കിയ ശേഷം കേരളത്തിലെ ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തിലുണ്ടായ മാറ്റം എന്താണ്?

കേരളത്തിലെ പല കോളേജുകളിലും ഇന്ന് ട്രാന്‍സ് വ്യക്തികളെ രണ്ട് കൈയ്യും നീട്ടി സ്വീകരിക്കുന്നു. കുട്ടികള്‍ക്ക് അവരുടെ സ്വത്വത്തില്‍ നിന്നുകൊണ്ട് പഠിക്കുവാനും ഉയര്‍ന്നു വരാനും സാധിക്കുന്നു. അതിന് എത്ര നന്ദി പറഞ്ഞാലും മതി വരില്ല. ഈ മാറ്റം അനിവാര്യമായിരുന്നു. ഈ മാറ്റത്തെ ഉള്‍ക്കൊള്ളാന്‍ കേരള ജനത കാണിച്ച മനസിനാണ് നന്ദി പറയേണ്ടത്.

ട്രാന്‍സ്ജെന്‍ഡര്‍ നയം നടപ്പിലാക്കിയതിനു ശേഷം ഏറ്റവുമധികം സ്വീകാര്യത ലഭിക്കുന്നത് പോലീസിന്റെ ഭാഗത്തുനിന്നാണ്. അതിനു മുന്‍പ് ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ഏറ്റവും കൂടുതല്‍ ശാരീരിക മാനസിക പീഡനങ്ങള്‍ നേരിടേണ്ടി വന്നിട്ടുള്ളത് പോലീസിന്റെ ഭാഗത്തു നിന്നായിരുന്നു. ഈ വിഭാഗത്തിലുള്ളവര്‍ ഒരു പരാതി നല്‍കിയാല്‍ ഇന്ന് അതു കൃത്യമായി പരിശോധിക്കുവാനും നടപടി സ്വീകരിക്കുവാനും ശ്രമിക്കുന്നുണ്ട്. ഒപ്പം സ്വന്തം ഐഡന്റിറ്റിയില്‍ നിന്നുകൊണ്ടുതന്നെ ഏത് മേഖലയിലും ജോലി ചെയ്ത് ജീവിക്കാനുള്ള സ്വാതന്ത്ര്യം കിട്ടിയിട്ടുണ്ട്. ഇവയെല്ലാം ട്രാന്‍സ്ജെന്‍ഡര്‍ നയം നടപ്പിലാക്കിയതിനു ശേഷമുള്ള മാറ്റങ്ങളാണ്.

നിലവില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തിനായി നിരവധി പദ്ധതികള്‍ സാമൂഹ്യനീതി വകുപ്പ് വഴി നടപ്പാക്കുന്നുണ്ട്. സ്വയംതൊഴില്‍ പദ്ധതി, ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് സഹായം, കോളേജുകളില്‍ അധിക സീറ്റുകള്‍ തുടങ്ങിയവയൊക്കെ. കേരളത്തിലെ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന്റെ ഉന്നമനത്തിനും ക്ഷേമത്തിനും ഇവ പര്യാപ്തമാണോ? കൂടുതലായി എന്തൊക്കെ കാര്യങ്ങളിലാണ് ശ്രദ്ധ ചെലുത്തേണ്ടത്?

സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തില്‍ ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്ക് സ്വയം തൊഴില്‍ ലഭ്യമാക്കാനും വിദ്യാഭ്യാസ മേഖലയിലേക്ക് കടന്നുവരുവാനും അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കുവാനുമുള്ള അവസരങ്ങള്‍ ഒരുക്കുന്നു.

ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളുടെ സ്വപ്നമായ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് സര്‍ക്കാര്‍ ധനസഹായം നല്‍കുന്ന പദ്ധതി കേരളം നടപ്പാക്കുന്നു. നിരവധി പദ്ധതികള്‍ പ്രയോജനപ്പെടുത്തി ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ മുന്നേറുന്നു.

ഇന്ന് ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം എന്താണെന്നാണ് കരുതുന്നത്. വിഭാഗത്തിലുള്ളവര്‍ ഒറ്റക്കെട്ടായി നിലകൊള്ളുന്നില്ലെന്ന് അഭിപ്രായമുണ്ടോ?

ഇന്നും ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ നേരിടുന്ന പ്രതിസന്ധി കുടുംബങ്ങള്‍ അവരെ സ്വീകരിച്ചിട്ടില്ല എന്നതാണ്. ഈ അവസരത്തില്‍ അവര്‍ക്ക് കിടപ്പാടം കൊടുത്ത് സഹായിക്കുന്ന ഏതെങ്കിലും പദ്ധതികള്‍ സര്‍ക്കാര്‍ ആസൂത്രണം ചെയ്യുന്നത് നന്നായിരിക്കും എന്ന് തോന്നുന്നു.

ട്രാന്‍സ് വ്യക്തികള്‍ നേരിടുന്ന പ്രധാന പ്രതിസന്ധി തൊഴിലുമായി ബന്ധപ്പെട്ടതാണ്. ഓരോരുത്തരുടെയും വിദ്യാഭ്യാസത്തിന് അനുയോജ്യമായതോ വേറെ ഏതെങ്കിലും തരത്തിലുള്ളതോ ആയ തൊഴില്‍ പദ്ധതികള്‍ ആസൂത്രണം ചെയ്തു ഇവരെ ഉയര്‍ത്തിക്കൊണ്ടുവരണം. വിവിധ സര്‍ക്കാര്‍ പദ്ധതികളും സംഘടനകളുടെ പദ്ധതികളും കൃത്യമായി ഏകോപിപ്പിച്ച് ട്രാന്‍സ് വ്യക്തികള്‍ക്ക് തൊഴില്‍ ലഭ്യമാക്കണം.

പദ്ധതികള്‍ ഫലപ്രദമായി ട്രാന്‍സ് വിഭാഗത്തിലേക്ക് എത്തിക്കുക എന്നത് പ്രധാനമാണ്. ഈ വിഭാഗത്തിനായി നീക്കി വെച്ചിരിക്കുന്ന ഫണ്ടുകള്‍ നഷ്ടമാകുന്ന സ്ഥിതി ഒഴിവാക്കണം. ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളുടെ കൂട്ടായ്മയുടെ ശക്തി കുറയുന്നതായി തോന്നിയിട്ടുണ്ട്. കെട്ടുറപ്പോടെയും മനോധൈര്യത്തോടെയും എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിച്ച് ഈ വിഭാഗത്തിനായി ഒരുക്കിയിരിക്കുന്ന പദ്ധതികളും ഫണ്ടുകളും കൃത്യമായി പ്രയോജനപ്പെടുത്തുന്ന തരത്തിലേക്ക് എത്തണം.

കേരളത്തിലെ ആദ്യത്തെ സെലിബ്രിറ്റി ആന്‍ഡ് ബ്രൈഡല്‍ ട്രാന്‍സ്‌ജെന്‍ഡര്‍ മേക്ക് അപ്പ് ആര്‍ട്ടിസ്റ്റാണ് താങ്കള്‍. പ്രൊഫഷനെക്കുറിച്ച് ഒന്നു വിശദീകരിക്കാമോ? എങ്ങനെയാണ് ഈ നിലയിലുള്ള വിജയം കൈവരിക്കാന്‍ കഴിഞ്ഞത്?

ഇന്ത്യന്‍ സിനിമയില്‍ ജോലി ചെയ്യുന്ന മേക്ക് അപ്പ് ആര്‍ട്ടിസ്റ്റാണ് ഞാന്‍. അതേസമയം സംരംഭകയുമാണ്. അക്കാഡമി നടത്തുന്നുണ്ട്. എന്റെ മേഖലയില്‍ എന്റെ ജെന്‍ഡര്‍ ഒരു ചോദ്യ ചിഹ്നമായിരുന്നു. ആ മേഖലയില്‍ നേരിട്ടിരുന്ന ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകള്‍ വലുതായിരുന്നു. ഒരു ഗ്ലാസ് വെള്ളം പോലും എടുത്ത് തരില്ലാത്ത സഹപ്രവര്‍ത്തകരുണ്ടായിരുന്നു. നിരവധി തിക്താനുഭവങ്ങള്‍ ഉണ്ടായെങ്കിലും എന്റെ ജീവിതം എന്റെ ഉത്തരവാദിത്തമാണ്. സമൂഹം എന്നിലേക്ക് അടിച്ചേല്‍പ്പിച്ചതല്ല, സ്വന്തം നിലയില്‍ തിരഞ്ഞെടുത്തതാണെന്ന ബോധ്യമുണ്ടായിരുന്നു. ആ ജീവിതം ഞാന്‍ തന്നെ ജീവിച്ചുതീര്‍ക്കേണ്ടതാണെന്ന തിരിച്ചറിവാണ് പ്രതിസന്ധികളില്‍ പിടിച്ചുനില്‍ക്കാന്‍ കരുത്തായത്. ഇന്ന് അറിയപ്പെടുന്ന മേക്ക് അപ്പ് ആര്‍ട്ടിസ്റ്റായും സംരംഭകയായും വളരാനും ദുബായ് പോലുള്ള രാജ്യങ്ങളില്‍ പോയി ബിസിനസുകള്‍ നടത്തുവാനും സാധിക്കുന്നു. ഇന്ത്യക്കകത്തും പുറത്തും നിരവധി ജോലികള്‍ ചെയ്യാനും കഴിയുന്നു. ഇത് എന്റെ മനോധൈര്യമാണ്. സമൂഹം എന്ത് ചിന്തിക്കും എന്ന് വിചാരിക്കുന്നിടത്ത് നമ്മുടെ കഴിവുകള്‍ ഇല്ലാതാകും. സ്വന്തം കഴിവുകള്‍ കണ്ടെത്തി സ്വയം പ്രോത്സാഹിപ്പിച്ച് വിനിയോഗിച്ചാല്‍ മാത്രമേ അതത് മേഖലയില്‍ വിജയം കൈവരിക്കാനാകൂ. അത് എന്റെ ജീവിതത്തിലൂടെ സ്വയം തെളിയിച്ച വ്യക്തിയാണ് ഞാന്‍.

ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തോട് സമൂഹത്തിന്റെ കാഴ്ചപ്പാടില്‍ മാറ്റം വന്നിട്ടുണ്ടോ? ഇല്ലെങ്കില്‍ അതിന് കാരണം എന്താണെന്നാണ് കരുതുന്നത്?

ട്രാന്‍സ് വ്യക്തികളെക്കുറിച്ചുള്ള സമൂഹത്തിന്റെ കാഴ്ചപ്പാടുകള്‍
ഒരു പരിധിവരെ മാറിയിട്ടുണ്ട് എന്നാണ് അഭിപ്രായം. നേരത്തേ ട്രാന്‍സ് വ്യക്തികളെ കാണുമ്പോള്‍ ജനങ്ങള്‍ക്ക് ഒരു കൗതുകം ആയിരുന്നു. ഇന്ന് ട്രാന്‍സ് വ്യക്തികളെ സാധാരണ വ്യക്തികളായി കാണാനും അവരോട് ഇടപെടാനുമൊക്കെ സമൂഹം തയാറാകുന്നു. സ്വന്തം കഴിവുകള്‍ തിരിച്ചറിഞ്ഞ് ഉള്‍വലിയാതെ സമൂഹത്തിന്റെ ഭാഗമായി ജീവിക്കാന്‍ തയാറാകുന്നതുകൊണ്ടാണ് സമൂഹവും അവരെ ഇരുകൈയും നീട്ടി സ്വീകരിക്കുന്നതെന്ന് തോന്നുന്നു.

കേരളത്തെക്കുറിച്ച്, ഒരു മലയാളി എന്ന നിലയില്‍ ഏറ്റവും അഭിമാനം തോന്നുന്നത് എന്തിനേക്കുറിച്ചാണ്?

കേരളത്തില്‍ ജനിച്ചു എന്നതില്‍ വലിയ അഭിമാനം തോന്നാറുണ്ട്. വിദേശരാജ്യങ്ങളില്‍ പോകുമ്പോള്‍ കേരളത്തില്‍ നിന്നാണെന്ന് പറയുമ്പോള്‍ അവര്‍ക്കുണ്ടാകുന്ന സന്തോഷം അവരുടെ കണ്ണുകളിലും ശരീരഭാഷയിലും കാണാറുണ്ട്. കേരളത്തെക്കുറിച്ച് പറയുമ്പോള്‍ കേരളത്തിന്റെ ഹരിത ഭംഗി, വള്ളംകളി, ഓണാഘോഷങ്ങള്‍ തുടങ്ങി മറ്റു സംസ്ഥാനങ്ങള്‍ക്കില്ലാത്ത നിരവധി പ്രത്യേകതകളുണ്ട്. ആരെയും ഇരുകൈയും നീട്ടി സ്വീകരിക്കുന്നവരാണ് മലയാളികള്‍ എന്നുള്ളത് ഏറെ അഭിമാനകരമാണ്.

നിങ്ങളുടെ വിഭാഗത്തിലെ മറ്റുള്ളവരേയും ജീവിത വിജയത്തിന്റെ വഴിയിലേക്ക് കൈപിടിച്ച് നടത്താന്‍ ശ്രമിക്കാറുണ്ടോ?

പലരെയും ഞാന്‍ ജോലി ചെയ്യുന്ന മേഖലയിലേക്ക് കൊണ്ടുവരാന്‍ ശ്രമിച്ചിട്ടുണ്ട്. അവര്‍ക്ക് ഒരു തൊഴില്‍ ലഭ്യമാക്കാനും കഴിഞ്ഞിട്ടുണ്ട്. ബ്യൂട്ടീഷ്യന്‍ കോഴ്സുകള്‍ സൗജന്യമായി പഠിപ്പിക്കാനുമൊക്കെ ശ്രമിച്ചിട്ടുണ്ട്. എനിക്ക് കഴിയുന്ന രീതിയില്‍ ട്രാന്‍സ് വിഭാഗത്തിലുള്ള വ്യക്തികളെ സ്വയം പര്യാപ്തരാക്കാന്‍ ശ്രമിക്കാറുണ്ട്.

കേരളം എന്ന് പറയുമ്പോള്‍ നമ്മള്‍ അഭിമാനത്തോടുകൂടി തലയുയര്‍ത്തിപ്പിടിച്ച് പറയാം ഞാനും കേരളത്തില്‍ ജനിച്ചതാണെന്ന്. കേരളം ഇതുവരെ കൈവരിച്ച നേട്ടങ്ങള്‍ ലോകത്തിനു മുന്നില്‍ അവതരിപ്പിക്കുന്ന കേരളത്തിന്റെ മഹോത്സവമാണ് കേരളീയം. നവംബര്‍ 1 മുതല്‍ 7 വരെ തിരുവനന്തപുരത്ത് നടക്കുന്ന കേരളീയത്തിന് ആശംസകള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News