രാജ്യത്തിന്‍റെ അഭിമാനമായ കൊച്ചി വാട്ടര്‍മെട്രോ വന്‍ വിജയമായെന്നതിന് തെളിവാണ് ദിവസേന വര്‍ദ്ധിക്കുന്ന യാത്രികരുടെ എണ്ണം. വാട്ടര്‍ മെട്രോയിലെ യാത്രികരുടെ എണ്ണം ഞായറാഴ്ച്ച പതിനായിരം കടന്നെന്നും കേരളത്തിന്‍റെ പദ്ധതിയെ ജനങ്ങള്‍ ഏറ്റെടുത്തു എന്നത് ഉറപ്പിക്കുന്നതാണ് കണക്കുകളെന്നും വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു. ജലമെട്രോയില്‍ ആദ്യ ദിനം 6559 പേരാണ് യാത്ര ചെയ്തതെന്നും ഇന്നലെ ഒരു ദിവസം മാത്രം 11,556 പേർ ഈ സംവിധാനം ഉപയോഗിച്ചതായും അദ്ദേഹം അറിയിച്ചു. ശനിയാഴ്ച്ച 8415 പേർ വാട്ടര്‍മെട്രോയില്‍ യാത്രചെയ്തതായി കഴിഞ്ഞ ദിവസം മന്ത്രി അറിയിച്ചിരിന്നു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം:
പതിനായിരം കടന്ന് വാട്ടർമെട്രോ. ഇന്നലെമാത്രം കൊച്ചി വാട്ടർമെട്രോയിൽ യാത്ര ചെയ്തത് 11556 പേർ.
പൂർണമായും സുരക്ഷിതവും വികസിതരാജ്യങ്ങളിലേതിന് സമാനമായ യാത്ര ഉറപ്പ് നൽകുകയും ചെയ്യുന്ന കൊച്ചി വാട്ടർമെട്രോ മറ്റൊരു റെക്കോർഡ് തീർത്തിരിക്കുകയാണ്. ആദ്യദിനത്തിൽ 6559 പേരാണ് യാത്ര ചെയ്തതെങ്കിൽ ഇന്നലെ ഒരു ദിവസം മാത്രം അതിന്റെ ഇരട്ടിയോളം പേർ യാത്ര ചെയ്തുവെന്ന കണക്കാണ് പുറത്ത് വരുന്നത്. പുതിയ ജട്ടികളും ബോട്ടുകളും വരുന്നതോടെ ഗണ്യമായ വർധനവ് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും വാട്ടർമെട്രോ കൊച്ചിയും കേരളവും ഇതിനോടകം തന്നെ ഏറ്റെടുത്തെന്ന് ഉറപ്പിക്കുന്നതാണ് ഓരോ ദിവസവും വർധിച്ചുവരുന്ന ഈ കണക്കുകൾ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here