സംസ്ഥാനത്തെ ഈ വര്‍ഷത്തെ ട്രോളിങ് നിരോധനം ജൂണ്‍ 9 അര്‍ധരാത്രി 12 മണി മുതല്‍ ജൂലൈ 31 അര്‍ധരാത്രി 12 മണി വരെ 52 ദിവസമായിരിക്കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു. മത്സ്യമേഖലയിലെ വിവിധ ട്രേഡ് യൂണിയന്‍ നേതാക്കന്മാര്‍, ജില്ലാ കളക്ടര്‍മാര്‍, ജില്ലാ പൊലീസ് സൂപ്രണ്ടുമാര്‍, കോസ്റ്റല്‍ പൊലീസ് മേധാവി, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ്, ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ്, ഇന്ത്യന്‍ നേവി, ഫിഷറീസ്, സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ എന്നിവരുമായി നടത്തിയ യോഗത്തിലാണ് തീരുമാനം.
ട്രോളിങ് നിരോധന കാലയളവില്‍ ട്രോളിംഗ് ബോട്ടില്‍ തൊഴിലെടുക്കുന്ന മത്സ്യത്തൊഴിലാളികള്‍ക്കും അവയെ ആശ്രയിച്ച് ഉപജീവനം കണ്ടെത്തുന്ന അനുബന്ധ തൊഴിലാളികള്‍ക്കും അനുവദിക്കുന്ന സൗജന്യ റേഷന്‍ വിതരണം ഊര്‍ജ്ജിതമാക്കുമെന്ന് ഫിഷറീസ് മന്ത്രി യോഗത്തില്‍ ഉറപ്പു നല്‍കി. എല്ലാ തീരദേശ ജില്ലകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഫിഷറീസ് കണ്‍ട്രോള്‍ റൂമുകള്‍ മെയ് 15 മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.
ട്രോളിങ് നിരോധനം നടപ്പാക്കുന്നതിനായി ജില്ലാ കളക്ടര്‍മാരുടെ അദ്ധ്യക്ഷതയില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും മത്സ്യമേഖലയിലെ വിവിധ ട്രേഡ് യൂണിയന്‍ നേതാക്കളുടെയും യോഗം വിളിച്ചുകൂട്ടി ജില്ലാതല തീരുമാനങ്ങള്‍ കൈക്കൊള്ളണം. അന്യസംസ്ഥാന ബോട്ടുകള്‍ ട്രോളിങ് നിരോധനം തുടങ്ങുന്നതിനു മുമ്പ് കേരളതീരം വിട്ടുപോകുന്നതിന് ബന്ധപ്പെട്ട തീരദേശ ജില്ലാ കളക്ടര്‍മാര്‍ നിര്‍ദ്ദേശം നല്‍കണമെന്നും മന്ത്രി അറിയിച്ചു.
കൊല്ലം ജില്ലയിലെ നീണ്ടകര ഹാര്‍ബര്‍ ട്രോളിങ് നിരോധന കാലഘട്ടത്തില്‍ ഇന്‍ബോര്‍ഡ് വള്ളങ്ങള്‍ ഒഴികെയുള്ള പരമ്പരാഗത മത്സ്യബന്ധന യാനങ്ങള്‍ക്ക് തുറന്നുകൊടുത്തിരുന്നു. അത് ഈ വര്‍ഷവും തുടരാന്‍ നടപടി സ്വീകരിക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു. ട്രോളിങ് നിരോധനവുമായി ബന്ധപ്പെട്ട് ഹാര്‍ബറുകളിലും ലാന്റിംഗ് സെന്ററുകളിലും പ്രവര്‍ത്തിക്കുന്ന ഡീസല്‍ ബങ്കുകള്‍ അടച്ചുപൂട്ടാന്‍ നിര്‍ദ്ദേശം നല്‍കണം. എന്നാല്‍ ഇന്‍ബോര്‍ഡ് വള്ളങ്ങള്‍ക്ക് ഡീസല്‍ ലഭ്യമാക്കാന്‍ അതത് ജില്ലകളിലെ മത്സ്യ ഫെഡിന്റെ തെരഞ്ഞെടുത്ത ഡീസല്‍ ബങ്കുകള്‍ നിബന്ധനകള്‍ക്ക് വിധേയമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കണം.
കടല്‍ സുരക്ഷയുടെയും, തീര സുരക്ഷയുടെയും ഭാഗമായി കടലില്‍ പോകുന്ന എല്ലാ മത്സ്യത്തൊഴിലാളികള്‍ക്കും ബയോമെട്രിക് ഐ.ഡി. കാര്‍ഡ്/ആധാര്‍ കാര്‍ഡ്, ലൈഫ് ജാക്കറ്റ് എന്നിവ കരുതിയിട്ടുണ്ട് എന്ന് ഉറപ്പാക്കണം. ഏകീകൃത കളര്‍ കോഡിംഗ് നടത്തിയിട്ടില്ലാത്ത ബോട്ടുകള്‍ ട്രോളിംഗ് നിരോധന കാലയളവില്‍ തന്നെ അടിയന്തിരമായി കളര്‍ കോഡിംഗ് നടത്തണമെന്നും യോഗം തീരുമാനിച്ചു.
ALSO READ:വിരാട് കോഹ്‌ലിക്ക് ഭീകരാക്രമണ ഭീഷണി; പരിശീലനം ഉപേക്ഷിച്ച് ആർസിബി
മറൈന്‍ എന്‍ഫോഴ്‌സ്മെന്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ട്രോളിങ് നിരോധന കാലയളവില്‍ കൂടുതല്‍ പൊലീസുകാരുടെ സേവനം ആവശ്യമായി വന്നാല്‍ ജില്ലാ ഫിഷറീസ് ഓഫീസര്‍മാര്‍ ആവശ്യപ്പെടുന്ന മുറയ്ക്ക് അനുവദിക്കാന്‍ അതത് ജില്ലാ പൊലീസ് മേധാവികള്‍ നടപടി സ്വീകരിക്കണം. ജൂണ്‍ ഒമ്പതിന് വൈകുന്നേരത്തോടെ ട്രോളിംഗ് ബോട്ടുകള്‍ എല്ലാം കടലില്‍ നിന്നും സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റിയിട്ടുണ്ടെന്ന് മറൈന്‍ എന്‍ഫോഴ്‌സുമെന്റും കോസ്റ്റല്‍ പോലീസും ഉറപ്പാക്കണം. ട്രോളിങ് നിരോധനം ലംഘിയ്ക്കുന്ന ട്രോള്‍ ബോട്ടുകള്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കണമെന്നും നിര്‍ദേശിച്ചു.
ട്രോളിങ് നിരോധന കാലയളവില്‍ ഇന്‍ബോര്‍ഡ് വളളങ്ങളോടൊപ്പം ഒരു കാരിയര്‍ വളളം മാത്രമേ അനുവദിക്കൂ. നിരോധന കാലയളവില്‍ കടലില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ വേണ്ടിവരുമ്പോള്‍ ഫിഷറീസ് വകുഷ് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ്, കോസ്റ്റല്‍ പൊലീസ് എന്നിവ ഏകോപനത്തോടെ പ്രവര്‍ത്തിക്കണം. അടിയന്തിര സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ ഇന്ത്യന്‍ നേവി, ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് എന്നിവര്‍ സജ്ജമായിരിക്കണമെന്നും യോഗം നിര്‍ദേശിച്ചു.
കാലാവസ്ഥാ വ്യതിയാനം മൂലം സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പുറപ്പെടുപ്പിവിക്കുന്ന മത്സ്യബന്ധന നിരോധനത്തോട് മത്സ്യത്തൊഴിലാളികള്‍ പൂര്‍ണമായും സഹകരിക്കണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here