ഈ സാഹചര്യങ്ങള്‍ ഒ‍ഴിവാക്കിയാല്‍ വായ്നാറ്റത്തോട് പറയാം ഗുഡ്ബൈ

വായിലെ ദുര്‍ഗന്ധം മൂലം കഷ്‌ടപ്പെടുന്നവര്‍ നിരവധിയാണ്‌. വായില്‍ ദുര്‍ഗന്ധം ഉണ്ടാകുന്നതിനെ ‘ഹാലിറ്റോസിസ്‌’ എന്നു പറയുന്നു. ചിലര്‍ക്ക്‌ വായ്‌നാറ്റം സ്വയം അനുഭവപ്പെടുന്നു. ചിലര്‍ക്ക്‌ മറ്റുള്ളവര്‍ പറഞ്ഞ്‌ അറിയുകയും ചെയ്യും.

രാവിലെ ഉറക്കമുണരുമ്പോള്‍ അനുഭവപ്പെടുന്ന വായില്‍ ദുര്‍ഗന്ധം ഉണ്ടാവുക സ്വാഭാവികമാണ്‌. ഉറക്കത്തില്‍ തുപ്പലിന്റെ അളവ്‌ കുറയുകയും അത്‌ വായില്‍ തളംകെട്ടി കിടക്കുന്നതുമാണ്‌ ഇതിനു കാരണം.

പല്ല്‌ നന്നായി ബ്രഷ്‌ ചെയ്‌ത് കുലുക്കുഴിഞ്ഞാല്‍ ഈ ദുര്‍ഗന്ധം മാറും. ഇത്തരത്തിലല്ലാതെയുള്ള വായ്‌നാറ്റത്തിന്‌ പല കാരണങ്ങള്‍ ഉണ്ട്‌. പ്രധാനമായും ഇവ ശരീരത്തിന്‌ അകത്തുള്ള കാരണങ്ങളും, ശരീരത്തിന്‌ പുറത്തുള്ള കാരണങ്ങളുമായി വേര്‍തിരിക്കാം.

ശരീരത്തിന്‌ പുറത്തുള്ള കാരണങ്ങളില്‍ പ്രധാനമായും പുകവലി, മദ്യപാനം എന്നിവയും കഴിക്കുന്ന ചില ഭക്ഷണങ്ങളും കാരണമാകാം. ഉള്ളി, കാബേജ്‌, വെളുത്തുള്ളി മുതലായവ കഴിച്ചുകഴിഞ്ഞാല്‍ ചിലര്‍ക്ക്‌ വായ്‌നാറ്റം അനുഭവപ്പെടാം. അങ്ങനെയുള്ളവര്‍ ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കേണ്ടതാണ്‌.

വായ്‌ക്കകത്തുള്ള കാരണങ്ങള്‍

1. കേടുള്ള പല്ലുകള്‍, അവയില്‍ അടിഞ്ഞിരിക്കുന്ന ഭക്ഷണപദാര്‍ഥങ്ങള്‍

2. പല്ലുകളില്‍ അടിഞ്ഞിരിക്കുന്ന അഴുക്ക്‌ അഥവാ ‘പ്ലാക്ക്‌’

3. മോണരോഗം

4. നാക്കിന്റെ പുറത്ത്‌ അടിഞ്ഞിരിക്കുന്ന അഴുക്ക്‌

5. ഊരിമാറ്റാവുന്ന കൃത്രിമപ്പല്ലുകള്‍ ശുചിയായി സൂക്ഷിക്കാത്തത്‌

6. സ്‌ഥിരമായി ഘടിപ്പിച്ച കൃത്രിമ പല്ലുകള്‍ വൃത്തിയായി സൂക്ഷിക്കാത്തതുമൂലം കാലക്രമേണ അവയില്‍ അടിഞ്ഞുകൂടുന്ന അഴുക്ക്‌

വായ്‌ക്ക് പുറത്തുള്ള കാരണങ്ങള്‍

1. അധികനേരം വിശന്നിരുന്നാല്‍ വായ്‌നാറ്റം അനുഭവപ്പെടാം

2. ചില മരുന്നുകള്‍ (ഫിനോതസയില്‍, നൈട്രേറ്റ്‌ എന്നീ വിഭാഗത്തിലുള്ള മരുന്നുകള്‍) കഴിക്കുന്നത്‌

3. ശ്വാസകോശസംബന്ധമായ അസുഖങ്ങള്‍, ശ്വാസകോശത്തെ ബാധിക്കുന്ന അര്‍ബുദം

4. തുപ്പല്‍ഗ്രന്ഥിയെ ബാധിക്കുന്ന അസുഖങ്ങള്‍

5. കിഡ്‌നിയുടെ അസുഖങ്ങള്‍

6. കരള്‍ രോഗങ്ങള്‍

7. വയറിനകത്തെ ദഹനസംബന്ധമായ ചില അസുഖങ്ങള്‍

8. പ്രമേഹം

9. മാനസികമായ അസുഖങ്ങള്‍

10. ‘ഹാലിറ്റോഫോബിയ’ – വായ്‌നാറ്റമില്ലെങ്കിലും അത്‌ ഉണ്ട്‌ എന്ന തോന്നല്‍.

ചികിത്സാരീതി

1. വായ്‌നാറ്റം ഉണ്ടാക്കുന്ന ഭക്ഷണരീതികള്‍ ഒഴിവാക്കുക

2. പുകവലി, മദ്യപാനം എന്നിവ ഒഴിവാക്കുക

3. മോണരോഗം ഇല്ലെന്ന്‌ ഉറപ്പുവരുത്തണം

4. കേടുള്ള പല്ലുകള്‍ അടപ്പിക്കുക

5. ആവശ്യമെങ്കില്‍ 6 മാസം കൂടുമ്പോള്‍ മോണയും പല്ലും ദന്തഡോക്‌ടറെക്കൊണ്ട്‌ ക്ലീന്‍ ചെയ്യണം

6. പല്ല്‌ തേയ്‌ക്കുമ്പോള്‍ ദിവസവും നാവും വൃത്തിയാക്കുക

7. പല്ലിനിടയിലുള്ള ഭക്ഷണപദാര്‍ഥങ്ങള്‍ ‘ഫ്‌ളോസ്‌’ ഉപയോഗിച്ച്‌ നീക്കം ചെയ്യണം

8. ‘മൗത്ത്‌വാഷ്‌’ ഉപയോഗിക്കുക

9. വായ്‌ക്ക് പുറത്തുള്ള കാരണങ്ങള്‍ ഒന്നും ഇല്ല എന്ന്‌ ഡോക്‌ടറെ കണ്ട്‌ ഉറപ്പുവരുത്തുക

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക്  ഡോക്ടറുടെ മാർഗ്ഗനിർദ്ദേശം തേടുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News