ട്രെയിനില്‍ തീകൊളുത്തിയ സംഭവം; സൗജന്യ ചികിത്സ ഉറപ്പാക്കും: മന്ത്രി വീണാ ജോര്‍ജ്

കോഴിക്കോട് ട്രെയിനില്‍ തീകൊളുത്തിയ സംഭവത്തില്‍ പൊള്ളലും പരുക്കുമേറ്റ എല്ലാവര്‍ക്കും സൗജന്യ ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അവര്‍ക്ക് മതിയായ ചികിത്സ സൗജന്യമായി ഉറപ്പാക്കാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം കോഴിക്കോട് എലത്തൂരില്‍ ട്രെയിനില്‍ തീവെച്ച സംഭവത്തിന് ശേഷം കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയയാള്‍ക്ക് തീവെയ്പ്പ് കേസുമായി ബന്ധമില്ലെന്ന് സ്ഥിരീകരണം. ചികിത്സ തേടിയത് ഒഡിഷ സ്വദേശിയെന്ന് സ്ഥിരീകരിച്ച് പോലീസ്.

ചികിത്സ തേടിയത് അടിപിടി കേസില്‍ ഉള്‍പ്പെട്ടയാളാണെന്നും പൊലീസ് അറിയിച്ചു. അതേസമയം എലത്തൂര്‍ ഹിന്ദുസ്ഥാന്‍ പെട്രോളിയം പ്ലാന്റിന് സമീപത്തെ റോഡില്‍ രക്തക്കറ കണ്ടെത്തിയത്, ട്രെയിനില്‍ തീവെച്ച സംഭവവുമായി ബന്ധമുണ്ടോ എന്ന് അന്വേഷിക്കുകയാണ് പൊലീസ്.

ആലപ്പുഴ – കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ്സ് ട്രെയിനില്‍ കഴിഞ്ഞ ദിവസമുണ്ടായ ആക്രമണം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ച് സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് ഉത്തരവിട്ടു. മലപ്പുറം ക്രൈംബ്രാഞ്ച് എസ്.പി പി.വിക്രമന്‍ ആണ് സംഘത്തലവന്‍. 18 അംഗങ്ങളാണ് സംഘത്തിലുള്ളത്.

ഭീകരവിരുദ്ധ സേന ഡിവൈഎസ്.പി ബൈജു പൗലോസ്, കോഴിക്കോട് ടൗണ്‍ അസിസ്റ്റന്റ് കമ്മീഷണര്‍ പി.ബിജുരാജ്, താനൂര്‍ ഡിവൈഎസ്.പി വി.വി.ബെന്നി എന്നിവര്‍ അംഗങ്ങളാണ്. കൂടാതെ വിവിധ സ്റ്റേഷനുകളിലെ ഇന്‍സ്‌പെക്ടര്‍മാര്‍, സബ് ഇന്‍സ്‌പെക്ടര്‍മാര്‍ എന്നിവരും മറ്റ് പോലീസ് ഉദ്യോഗസ്ഥരും അംഗങ്ങളാണ്.

ക്രമസമാധാനവിഭാഗം എ.ഡി.ജി.പിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലായിരുക്കും അന്വേഷണം. എത്രയും വേഗം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന പോലീസ് മേധാവി നിര്‍ദ്ദേശിച്ചു.

ഞായറാഴ്ച രാത്രി 9:30ന് ഏലത്തൂര്‍ സ്റ്റേഷന്‍ വിട്ട് മുന്നോട്ട് നീങ്ങിയതോടെയാണ് ആലപ്പുഴ കണ്ണൂര്‍ എക്സിക്യൂട്ടിവില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറുന്നത്. പതുക്കെ മുന്നോട്ട് നീങ്ങിയ ട്രെയിനിലെ ഡി2 കോച്ചില്‍ നിന്ന് ഡി 1 കോച്ചിലേക്ക് രണ്ട് കുപ്പി പെട്രോളുമായി അക്രമി എത്തി. തിരക്ക് കുറവായിരുന്ന കോച്ചില്‍ പല സീറ്റുകളിലായി യാത്രക്കാരുണ്ടായിരുന്നു.

എല്ലാവരുടേയും ദേഹത്തേക്ക് അക്രമി പെട്രോള്‍ ഒഴിച്ച ശേഷം പെട്ടന്ന് തീയിട്ടു. തീ ഉയര്‍ന്നപ്പോള്‍ നിലവിളച്ച യാത്രക്കാര്‍ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തിയെങ്കിലും ഡി1 കോച്ച് വന്ന് നിന്നത് കോരപ്പുഴ പാലത്തിന് മുകളിലായിരുന്നു. ആര്‍ക്കും പുറത്തിറങ്ങാന്‍ സാധിച്ചില്ല. അക്രമി അവിടെ നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു.ഇതിന് പിന്നാലെ റെയില്‍വേ ട്രാക്കില്‍ നിന്നും ഒരു സ്ത്രീയുടെയും കുഞ്ഞിന്റെയും അടക്കം 3 മൃതദേഹങ്ങള്‍ കണ്ടെത്തി.

മട്ടന്നൂര്‍ സ്വദേശി നൗഫീഖ് (39) റഹ്‌മത്ത്(48), സഹ്റ എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ട്രെയിനിലെ അക്രമം കണ്ട് രക്ഷപ്പെടാന്‍ ചാടിയവരാകാമെമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വധശ്രമം, സ്ഫോടക വസ്തുനിരോധന നിയമം , തീവെക്കുന്നതിനെതിരായ റെയില്‍വേ നിയമം തുടങ്ങി അഞ്ച് വകുപ്പുകള്‍ ചുമത്തി പ്രതിക്കെതിരെ കോഴിക്കോട് റെയില്‍വേ പൊലീസ് കേസെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News