മുംബൈ മലയാളികള്‍ക്ക് മനസ്സില്‍ പ്രത്യേക ഇടം നല്‍കിയ നേതാവാണ് ഉമ്മന്‍ ചാണ്ടിയെന്ന് മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് പി ആര്‍ കൃഷ്ണന്‍ അനുസ്മരിച്ചു. മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പലവട്ടം മഹാരാഷ്ട്രയില്‍ പര്യടനം നടത്തിയിട്ടുണ്ട്. 2012 നവംബറില്‍ ഡോംബിവ്ലിയില്‍ മുംബൈ പൂരം സംഘടിപ്പിച്ചപ്പോള്‍ ഉത്ഘാടനം ചെയ്തത് ഉമ്മന്‍ ചാണ്ടിയായിരുന്നു. നഗരത്തിലെ ഏറ്റവും വലിയ മലയാളി കൂട്ടായ്മയായ ശ്രീനാരായണ മന്ദിര സമിതിയുടെ വാര്‍ഷികാഘോഷ പരിപാടിയിലും മുഖ്യമന്ത്രിയായി പങ്കെടുത്തിട്ടുണ്ട്. ഹിരാനന്ദാനി കേരളൈറ്റ്‌സ് അസോസിയേഷന്‍ സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയിലും മുഖ്യാതിഥിയായിരുന്നു. കൂടാതെ കശ്മീര്‍ ടു കന്യാകുമാരി എന്ന സന്നദ്ധ സംഘടനയുടെ വാര്‍ഷികാഘോഷ പരിപാടിയിലും മുഖ്യാതിഥിയായി ഉമ്മന്‍ചാണ്ടി പങ്കെടുത്തിരുന്നു. ബോംബെ കേരള മുസ്ലിം ജമാഅത് സംഘടിപ്പിച്ച സ്വീകരണ പരിപാടിയിലും ഉമ്മന്‍ചാണ്ടിയുടെ ഊഷ്മളമായ സാന്നിധ്യമുണ്ടായിരുന്നു. ഈ പരിപാടികളിലെല്ലാം ഉമ്മചാണ്ടിയോടൊപ്പം പങ്കെടുക്കാന്‍ കഴിഞ്ഞത് ഇന്നും ജ്വലിക്കുന്ന ഓര്‍മ്മകളായി മനസ്സില്‍ സൂക്ഷിക്കുന്നു. ഉമ്മന്‍ ചാണ്ടിയുമൊത്തുള്ള യാത്രകള്‍ പി ആര്‍ ഓര്‍ത്തെടുത്തു
ഒരു രാഷ്ട്രീയ നേതാവിനേക്കാള്‍ ഉപരി നല്ലൊരു സ്‌നേഹിതനായിരുന്നു ഉമ്മന്‍ചാണ്ടിയെന്ന് മഹാരാഷ്ട്രയിലെ മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവ് ലയണ്‍ കുമാരന്‍ നായര്‍ അനുസ്മരിച്ചു. വലുപ്പ ചെറുപ്പമില്ലാതെ എല്ലാ വിഭാഗത്തില്‍ പെട്ടവരെയും ഒരുപോലെ ചേര്‍ത്ത് പിടിക്കുന്ന മനുഷ്യസ്‌നേഹിയായിരുന്നു ഉമ്മന്‍ചാണ്ടിയെന്നും കുമാരന്‍ നായര്‍ ഓര്‍മ്മകള്‍ പങ്ക് വച്ചു ..
ജനകീയനായ നേതാവിയിരുന്നു ഉമ്മന്‍ ചാണ്ടിയെന്നും മുംബൈ നഗരവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നുവെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ലയണ്‍ കുമാരന്‍ നായര്‍ ഓര്‍മ്മിച്ചു.
ഉമ്മന്‍ചാണ്ടിയുടെ വ്യക്തിപ്രഭാവത്തിന്റെ ശക്തി സ്‌നേഹമായിരുന്നുവെന്നും അനിഷേധ്യനായ നേതാവിനെയും ഒരു ജ്യേഷ്ഠനെയുമാണ് തനിക്ക് നഷ്ടമായതെന്നും എം പി സി സി ജനറല്‍ സെക്രട്ടറി ജോജോ തോമസ് അനുശോചിച്ചു.
മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് പി ആര്‍ കൃഷ്ണന്‍, കേരളീയ കേന്ദ്ര സംഘടന പ്രസിഡന്റ് ടി എന്‍ ഹരിഹരന്‍, വേള്‍ഡ് മലയാളി കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി എം കെ നവാസ്, കെയര്‍ ഫോര്‍ മുംബൈ ജനറല്‍ സെക്രട്ടറി പ്രിയ വര്‍ഗ്ഗീസ്, മലയാളം മിഷന്‍ മുംബൈ ചാപ്റ്റര്‍ സെക്രട്ടറി രാമചന്ദ്രന്‍ മഞ്ചറമ്പത്ത്, ഓള്‍ ഇന്ത്യ മലയാളി അസോസിയേഷന്‍ മഹാരാഷ്ട്ര ഘടകം സെക്രട്ടറി കെ ടി നായര്‍, , സിപിഐഎം ദക്ഷിണ താനെ താലൂക്ക് സമിതി സെക്രട്ടറി പി കെ ലാലി, ഫെയ്മ മഹാരാഷ്ട്ര മലയാളി വെല്‍ഫെയര്‍ സെല്‍ ചീഫ് കോര്‍ഡിനേറ്റര്‍ ഉണ്ണി വി ജോര്‍ജ്ജ്, സാമൂഹിക പ്രവര്‍ത്തകരായ വത്സന്‍ മൂര്‍ക്കോത്ത്, ഏ എന്‍ ഷാജി, ഇടശ്ശേരി രാമചന്ദ്രന്‍ , ബിജു രാമന്‍ എഴുത്തുകാരായ സുരേഷ് വര്‍മ്മ, രാജന്‍ കിണറ്റിങ്കര, രമേശ് അമ്പലപ്പുഴ, അഭിനേത്രി സുമ മുകുന്ദന്‍, രാജശ്രീ മോഹന്‍, പ്രശാന്ത്, തുടങ്ങി സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരും ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തില്‍ അനുശോചിച്ചു.
കേരളത്തിന്റെ അന്തസ്സും അഭിമാനവും വാനോളം ഉയര്‍ത്തി പിടിച്ച് ജനങ്ങള്‍ക്ക് വേണ്ടി മരണം വരെ പോരാടിയ കര്‍മ്മനിരതനായ ധീര പോരാളിയാണ് വിട പറഞ്ഞതെന്ന് കല്യാണ്‍ ജില്ലാ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് ആന്റണി ഫിലിപ്പ് അനുശോചനം രേഖപ്പെടുത്തി
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here