തിരുവനന്തപുരത്തിന് യുഎൻ ഹാബിറ്റാറ്റ് ഷാങ്ഹായ് പുരസ്കാരം; നേട്ടത്തിന് അർഹമായ ഇന്ത്യയിലെ ആദ്യ നഗരം

trivandrum

തിരുവനന്തപുരം നഗരത്തിന് യുഎൻ ഹാബിറ്റാറ്റ് ഷാങ്ഹായ് പുരസ്കാരം ലഭിച്ചതായി മന്ത്രി എംബി രാജേഷ് അറിയിച്ചു. മേയർ ആര്യ രാജേന്ദ്രനും സ്മാർട്ട് സിറ്റി സിഇഒ രാഹുല്‍ ശര്‍മയും ചേര്‍ന്ന് ഇന്ന് ഏറ്റുവാങ്ങും. ഉച്ചക്ക് 2.30ന് ഈജിപ്റ്റിലെ അലക്സാണ്ട്രിയയില്‍ വെച്ചാണ് പുരസ്കാരം ഏറ്റുവാങ്ങുക. നഗരങ്ങളിലെ സുസ്ഥിര വികസനത്തിനുള്ള ആഗോള അവാര്‍ഡിനാണ് തിരുവനന്തപുരം അര്‍ഹമായത്.

ലോകത്തെ അഞ്ച് നഗരങ്ങളെയാണ് അവാർഡിന് തെരഞ്ഞെടുത്തത്. ഇന്ത്യയില്‍ നിന്ന് വേറൊരു നഗരവും ഈ അവാർഡിന് അർഹമായിട്ടില്ല. ഈ പുരസ്കാരം ലഭിക്കുന്ന ഇന്ത്യയിലെ ആദ്യ നഗരം കൂടിയായി തിരുവനന്തപുരം മാറി.

Read Also: വിമുക്ത സൈനികർക്ക് 2 കോടി രൂപ വരെ സംരംഭകവായ്‌പ നൽകാൻ കേരള ഫിനാൻഷ്യൽ കോർപറേഷൻ

ആര്യ രാജേന്ദ്രന്‍റെ ഭരണസമിതി നിലവില്‍ വന്ന ശേഷം ഇതുവരെ എട്ട് പ്രധാന അവാര്‍ഡുകള്‍ തിരുവനന്തപുരത്തെ തേടിയെത്തിയിട്ടുണ്ട്. കഴിഞ്ഞ മാസം പുറത്തുവന്ന അര്‍ബൻ ഗവേണൻസ് ഇൻഡക്സില്‍ ഒന്നാം റാങ്ക് കേരളത്തിനാണ്. ഇന്ത്യയില്‍ ആദ്യമായി നഗരനയം നടപ്പാക്കാൻ പോവുന്ന സംസ്ഥാനമാണ് കേരളമെന്നും മന്ത്രി പറഞ്ഞു.

കേരളത്തിനുള്ള ദീപാവലി സമ്മാനമാണ് പുരസ്കാരമെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. തിരുവനന്തപുരം നഗരത്തിന്റെ ഈ നേട്ടം കേരളത്തിനാകെ അഭിമാനമാണ്. രാജ്യത്തെ എല്ലാ നഗരങ്ങൾക്കും മാതൃകയാക്കാനാവുന്ന നിരവധി പ്രവർത്തനങ്ങളാണ് നഗരസഭ ഏറ്റെടുത്ത് നടപ്പിലാക്കുന്നത്. ഈ ചുവടുവെപ്പുകൾക്ക് ആഗോളാംഗീകരം നേടാനായത് ആവേശകരമാണ്. മേയർ ആര്യ രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയെയും ഉദ്യോഗസ്ഥരെയും തിരുവനന്തപുരം നിവാസികളെയും മന്ത്രി അഭിവാദ്യം ചെയ്തു .

Read Also: വിമുക്ത സൈനികർക്ക് 2 കോടി രൂപ വരെ സംരംഭകവായ്‌പ നൽകാൻ കേരള ഫിനാൻഷ്യൽ കോർപറേഷൻ

നഗരങ്ങളുടെ പുരോഗതി, ഭരണം, പ്രവര്‍ത്തനങ്ങള്‍ എന്നിവ പരിഗണിച്ചാണ് അവാർഡ് നിർണയിച്ചത്. ലോകമെമ്പാടുമുള്ള വിവിധ നഗരങ്ങളിൽ നിന്ന്, സുസ്ഥിര വികസന പ്രവര്‍ത്തനങ്ങള്‍ക്കും, നഗരസുരക്ഷാ മാനദണ്ഡങ്ങള്‍ക്കും, നഗര ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടി തിരുവനന്തപുരം നഗരസഭ നടത്തിയ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചുകൊണ്ടാണ് ഈ അംഗീകാരം ലഭിച്ചിരിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗത്ത് നിന്നുള്ള വിദഗ്ധർ അടങ്ങിയ അന്താരാഷ്ട്ര ജൂറിയാണ് അവാർഡ് ജേതാക്കളെ തെരഞ്ഞെടുത്തത്. വിജയികള്‍ക്ക് ഫലകവും, ട്രോഫിയും സമ്മാനിക്കും.

നിലവിൽ 2025 ജൂണ്‍ 5 നു ട്രിവാൻഡ്രം ക്ലൈമറ്റ് ബജറ്റ് പ്രഖ്യാപിക്കാൻ ഒരുങ്ങുകയാണ് നഗരസഭ. സുസ്ഥിര നഗരമെന്നും, സോളാര്‍ നഗരമെന്നുമുള്ള നിലയില്‍ വിഭാവനം ചെയ്തിട്ടുള്ള ലക്ഷ്യങ്ങളും നഗരസഭ പൂർത്തിയാക്കിക്കൊണ്ടിരിക്കുകയാണ്. 17000 കിലോവാട്ട് സോളാര്‍ പാനല്‍, 2000 സോളാര്‍ തെരുവ് വിളക്കുകള്‍, എല്ലാ തെരുവ് വിളക്കുകളും എല്‍.ഇ.ഡി ലൈറ്റാക്കല്‍, പൊതുഗതാഗത സൗകര്യത്തിനായി 115 ഇലക്ട്രിക ബസുകള്‍, തൊഴില്‍ രഹിതര്‍ക്കായി 100 ഇലക്ട്രിക്കല്‍ ഓട്ടോ, 35 ഇലക്ട്രിക് സ്കൂട്ടര്‍ തുടങ്ങി നിരവധി പ്രവർത്തനങ്ങളും ഇതിനകം പൂർത്തിയാക്കി. അഞ്ഞൂറിലധികം ഓഫീസുകൾ സോളാർ ആക്കിയതിന്റെ പ്രഖ്യാപനം മുഖ്യമന്ത്രി നടത്താനിരിക്കുകയാണ്. ഇങ്ങനെ വൈവിധ്യവും വിപുലമായ പ്രവർത്തനങ്ങളാണ് കോർപറേഷൻ നടത്തുന്നത്.

ഈ പ്രവർത്തനങ്ങളുടെ ഭാഗമായി നിരവധി പുരസ്കാരങ്ങളും നഗരസഭയെ തേടിയെത്തിയിട്ടുണ്ട്. രണ്ട് മാസം മുൻപാണ് കേന്ദ്രസർക്കാരിന്റെ പ്രധാൻമന്ത്രി സ്വനിധി PRAISE പുരസ്കാരം നഗരസഭ സ്വന്തമാക്കിയത്. കേന്ദ്രസർക്കാരിന്റെ ഹൌസിംഗ് ആൻഡ് ഡെവലപ്മെന്റ് കോർപറേഷൻ ഏർപ്പെടുത്തിയ രണ്ട് ദേശീയ പുരസ്കാരങ്ങൾ രണ്ട് ആഴ്ച മുൻപാണ് തിരുവനന്തപുരം നഗരസഭ സ്വന്തമാക്കിയത്. കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയത്തിന് കീഴിലെ ഹഡ്കോ ഏർപ്പെടുത്തിയ പുരസ്കാരങ്ങളിൽ അർബൻ ഗവേണൻസ്, സാനിറ്റേഷൻ എന്നീ രണ്ട് വിഭാഗത്തിലാണ് തിരുവനന്തപുരം ഒന്നാമതെത്തിയത്. സ്മാർട്ട് സിറ്റി പ്രവർത്തനങ്ങളുടെ മികവിന്റെ അടിസ്ഥാനത്തിൽ സിറ്റി 2.0 യ്ക്ക് തെരഞ്ഞെടുക്കപ്പെട്ട രാജ്യത്തെ അപൂർവം നഗരങ്ങളിലൊന്നാവാനും തിരുവനന്തപുരത്തിന് കഴിഞ്ഞു.

അമൃത് 1 പദ്ധതി നടത്തിപ്പിലെ മികവിന്റെ അടിസ്ഥാനത്തിൽ 10 കോടി രൂപയുടെ പ്രത്യക ഇൻസെന്റീവും കേന്ദ്രസർക്കാരിൽ നിന്ന് നഗരസഭ നേടിയെടുത്തിരുന്നു. തുടർച്ചയായ വർഷങ്ങളിൽ സംസ്ഥാനത്തെ മികച്ച നഗരസഭയ്ക്കുള്ള സ്വരാജ് ട്രോഫി, ആർദ്രകേരളം പുരസ്കാരം, വയോസേവന പുരസ്കാരം, ഭിന്നശേഷി സൌഹൃദനഗരസഭ തുടങ്ങി നഗരസഭയ്ക്ക് ലഭിച്ച പുരസ്കാരങ്ങൾ നീളുന്നു. ഈ പ്രവർത്തനങ്ങൾക്കാകെ നേതൃത്വം നൽകിയ മേയർ ആര്യാ രാജേന്ദ്രന് ടൈംസ് ബിസിനസ് അവാർഡ് ലഭിച്ചിരുന്നു. തിരുവനന്തപുരം നഗരത്തിൽ നടപ്പിലാക്കുന്ന കാർബൺ ന്യൂട്രൽ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന മേയർക്ക് ഔട്ട്സ്റ്റാൻഡിംഗ് പെർഫോമൻസ് ഇൻ എനർജി എഫിഷ്യൻസി പുരസ്കാരമാണ് ലഭിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News