കാത്തിരിപ്പിന് വിരാമമിട്ട് നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി നാളെ സ്ഥാനമേൽക്കും. കാപിറ്റോൾ മന്ദിരത്തിൽ വെച്ചാണ് സത്യപ്രതിഞ്ജാ ചടങ്ങുകൾ നടക്കുക. സത്യപ്രതിജ്ഞയ്ക്ക് മുമ്പുള്ള അത്താഴ വിരുന്ന് ഇന്ന് നടന്നു. നിരവധി വിശിഷ്ട വ്യക്തികളാണ് ഇതിനോടകം അത്താഴ വിരുന്നിൽ പങ്കെടുക്കാൻ എത്തിയിരിക്കുന്നത്. റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയും നിത അംബാനിയും അടക്കമുള്ള ഇന്ത്യൻ വ്യവസായ പ്രമുഖർ അടക്കമുള്ളവർ വിരുന്നിൽ പങ്കെടുത്തതായാണ് വിവരം.
ട്രംപിന്‍റെ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുക്കുന്ന വിശിഷ്ട വ്യക്തികൾക്ക് ക്യാബിനറ്റ് മന്ത്രിമാർക്കൊപ്പം പ്രത്യേക ഇരിപ്പിടമാണ് ഒരുക്കുകയെന്ന് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സ്ഥാനാരോഹണ ചടങ്ങിൽ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ആയിരിക്കും ഇന്ത്യയെ പ്രതിനിധീകരിക്കുക. കടുത്ത ശീത കാലാവസ്ഥാ മുന്നറിയിപ്പ് പ്രഖ്യാപിച്ചതിനാൽ സ്ഥാനാരോഹണ ചടങ്ങുകള്‍ ക്യാപിറ്റോൾ മന്ദിരത്തിനുളളിലാകും നടക്കുക.
ALSO READ; ഗാസ വെടിനിര്‍ത്തല്‍ കരാര്‍; ബന്ദികളെ കൈമാറി തുടങ്ങി, ഏറ്റുവാങ്ങുക റെഡ് ക്രോസ്
ചടങ്ങിൽ പങ്കെടുക്കാൻ നിരവധി ലോക നേതാക്കളെ ട്രംപ് ക്ഷണിച്ചിട്ടുണ്ട്. ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിംഗ് ആണ് ഇവരിൽ പ്രധാനി. അമേരിക്കയുമായി നിരവധി വിഷയങ്ങളിൽ കൊമ്പു കോർത്ത് നിൽക്കുന്ന ചൈനയുടെ പ്രസിഡന്‍റ് നേരിട്ടെത്തുന്നത് അപൂർവ കാഴ്ചയാണ്. കൂടാതെ അർജന്‍റീനൻ പ്രസിഡന്‍റ് ഹാവിയർ മിലി, , ഇറ്റലിയുടെ പ്രധാനമന്ത്രി ജോർജിയ മെലോണി, ഹംഗറി പ്രസിഡന്റ് വിക്ടർ ഓർബൻ, ഇക്വഡോർ പ്രസിഡന്‍റ് ഡാനിയൽ നൊബോവ, എൽ സാൽവദോര്‍ പ്രസിഡന്‍റ് നയിബ് ബുകെലെ, മുൻ ബ്രസീലിയൻ പ്രസിഡന്‍റ് ജെയർ ബോൾസോനാരോ എന്നിവർ ചടങ്ങിൽ പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്.
ട്രംപ് സത്യപ്രതിഞ്ജ ചെയ്യുന്ന ചടങ്ങിൽ 500,000 ആളുകൾ പങ്കെടുക്കുമെന്ന് റിപ്പോർട്ട്. എന്നാൽ ചടങ്ങിൽ ക്ഷണിക്കപ്പെടാത്ത ചില ആൾക്കാരുമുണ്ട്. ഇതിൽ പ്രധാനി ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോൺ ആണ്. യുകെ പ്രധാനമന്ത്രി കെയർ സ്റ്റാർമറിനെ ചടങ്ങിൽ പങ്കെടുക്കാൻ ക്ഷണിച്ചിട്ടില്ല. യൂറോപ്യൻ കമ്മീഷൻ മേധാവി ഉർസുല വോൺ ഡെർ ലെയ്‌ൻ, ജർമ്മനി പ്രസിഡൻ്റ് ഒലാഫ് ഷോൾസ്, എന്നിവരെയും ട്രംപ് ക്ഷണിച്ചിട്ടില്ലയെന്നാണ് റിപ്പോർട്ട്. യൂറോപ്പിലെ യുഎസിന്‍റെ പ്രധാന സഖ്യകക്ഷികൾ ചടങ്ങിനെത്തുന്നില്ല എന്നത് കൗതുകകരമാണ്.
അമേരിക്കൻ സമയം ഉച്ചയ്ക്ക് 12 മണിയോടെയാണ് സ്ഥാനാരോഹണ ചടങ്ങ് ആരംഭിക്കുക. കാപിറ്റോൾ മന്ദിരത്തിൽ വെച്ച് നടക്കുന്ന സത്യപ്രതിഞ്ജ ചടങ്ങ് യുഎസ് സുപ്രീം കോടതി ചീഫ് ജസ്റ്റിസാണ് നയിക്കുക. സത്യപ്രതിജ്ഞയ്ക്ക് ശേഷം ട്രംപ് രാജ്യത്തെ അഭിസംബോധന ചെയ്യും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here