40 കാരിയായ യുവതിയെ ഓടുന്ന ട്രെയിനിൽ നിന്ന് തള്ളിയിട്ട് ടിടിഇ. ഹരിയാനയിലെ ഫരീദാബാദിൽ ഝലം എക്സ്പ്രസിലാണ് സംഭവം. ജനറൽ ടിക്കറ്റുമായി എസി കോച്ചിൽ കയറിയ യുവതിയെയാണ് ഓടുന്ന ട്രെയിനിൽ നിന്നും ടിടിഇ തള്ളിയിട്ടത്. യുവതിയുടെ ലഗേജ് ട്രെയിനിന് പുറത്തേക്ക് വലിച്ചെറിയുകയും തുടർന്ന് ട്രെയിൻ നീങ്ങുന്നതിനിടെ തള്ളുകയും ആയിരുന്നു. സംഭവത്തിൽ യുവതിക്ക് ഗുരുതരമായി പരിക്കേറ്റു.
ഝാൻസിയിൽ ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പോകുന്നതിനിടെയാണ് സംഭവം നടന്നത് . ഫരീദാബാദിലെ എസ്‌ജിജെഎം നഗറിൽ താമസിക്കുന്ന ഭാവനക്കാണ് ടിടിഇയുടെ നടപടിയിൽ പരിക്കേറ്റത്.
ട്രെയിൻ പുറപ്പെടാനൊരുങ്ങിയതിനാൽ വേഗത്തിൽ ഭാവന എസി കോച്ചിൽ കയറി.എന്നാൽ യുവതി തെറ്റായ കോച്ചിൽ കയറുന്നത് ശ്രദ്ധയിൽപ്പെട്ട ടിടിഇ ഉടൻ ഇറങ്ങാൻ ആവശ്യപ്പെട്ടെങ്കിലും ട്രെയിൻ നീങ്ങിത്തുടങ്ങിയിരുന്നു.
അതേസമയം അടുത്ത സ്റ്റേഷനിൽ ഇറങ്ങി ജനറൽ കമ്പാർട്ട്മെന്‍റിലേക്ക് മാറാമെന്ന് യുവതി പറഞ്ഞെങ്കിലും കേട്ടില്ല. ആവശ്യമെങ്കിൽ പിഴ ഈടാക്കാനും യുവതി ആവശ്യപ്പെട്ടു. എന്നാൽ, പ്രകോപിതനായ ടിടിഇ യുവതിയുടെ സാധനങ്ങൾ വലിച്ചെറിയുകയും ട്രെയിനിൽ നിന്ന് തള്ളിയിടുകയുമായിരുന്നു.
ട്രെയിനിൽ നിന്ന് താഴെ വീണ യുവതി ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയിൽ കുടുങ്ങുകയും ഇത് കണ്ട ട്രെയിനിൽ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ ചങ്ങല വലിച്ച് ട്രെയിൻ നിർത്തുകയായിരുന്നു. തുടർന്ന് ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയിൽ കുടുങ്ങിയ യുവതിയെ പുറത്തെടുത്തു സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതിയുടെ തലയിലും കൈകളിലും കാലുകളിലും ശരീരത്തിൻ്റെ മറ്റ് ഭാഗങ്ങളിലും മുറിവേറ്റിട്ടുണ്ട്. ടിടിഇക്കെതിരെ വധശ്രമത്തിന് കേസെടുത്തു. അതേസമയം ഓടി രക്ഷപ്പെട്ട ടിടിഇയെ പിടികൂടാൻ പൊലീസ് തിരച്ചിൽ ആരംഭിച്ചു.
ALSO READ:നിതാന്ത ജാഗ്രത കൊണ്ടുമാത്രമേ രക്ഷ നേടാൻ കഴിയൂ; സൈബർ ബോധവൽക്കരണത്തിനായി ഹ്രസ്വചിത്രവുമായി കേരള പൊലീസ്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here