ടിക്കറ്റില്ലാതെ യാത്ര ചെയ്ത അന്യസംസ്ഥാനക്കാരനെ ചോദ്യം ചെയ്തതിനു ട്രെയിനിൽ നിന്ന് തളളിയിട്ട് കൊലപ്പെടുത്തിയ ടിടിഇ ആയ വി വിനോദിന്റെ അമ്മ അന്തരിച്ചു. വിനോദിന്റെ മരണത്തെത്തുടർന്ന് അമ്മ ലളിതയുടെ ആരോഗ്യനില മോശമായിരുന്നു. മകന്റെ അപ്രതീക്ഷിത വിയോഗത്തിൽ കടുത്ത ദുഖത്തിലായിരുന്നു അമ്മ. അതിനാൽ മകളുടെ വീട്ടിലും ആശുപത്രിയിലുമൊക്കെയായാണ് ലളിത കഴിഞ്ഞിരുന്നത്. കടുത്ത മനോവിഷമം അനുഭവിച്ചിരുന്ന അവർ പിന്നീട് പഴയ അവസ്ഥയിലേക്ക് മടങ്ങിയെത്തിയില്ല.
ഒഡീഷ സ്വദേശിയായ രജനീകാന്ത രണജിത്താണ് വിനോദിനെ കൊലപ്പെടുത്തിയത്. മദ്യലഹരിയിലായിരുന്ന ഇയാൾ യാത്രക്കാരോടും വളരെ മോശമായി പെരുമാറുകയായിരുന്നു. ഇത് ചോദ്യം ചെയ്ത ടിടിഇ ടിക്കറ്റ് എവിടെയെന്ന് ചോദിക്കുകയും, അടുത്ത സ്റ്റേഷനിൽ ഇറക്കി വിടാൻ പ്രതിയെ ഡോറിനടുത്തേക്ക് കൂട്ടിക്കൊണ്ടുപോവുകയും ചെയ്തു. ഇതിൽ പ്രകോപിതനായ ഇയാൾ വിനോദിനെ പുറത്തേക്ക് തള്ളിയിടുകയായിരുന്നു.
മെക്കാനിക്കല്‍ വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന വിനോദ് കാന്‍സറിനെ അതിജീവിച്ച വ്യക്തിയാണ്. അച്ഛന്റെ മരണത്തെ തുടർന്നാണ് വിനോദിന് റെയില്‍വേയില്‍ ജോലി ലഭിച്ചത്. നിരവധി സിനിമകളിലും വിനോദ് വേഷമിട്ടിട്ടുണ്ട്. 2024 ഏപ്രിൽ 2 നാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. എറണാകുളത്തു നിന്നും പട്നയിലേക്കുള്ള ട്രെയിനിലെ ടിടിഇ ആയിരുന്ന വിനോദിനെ ഒഡീഷ സ്വദേശിയായ രജനീകാന്ത രണജിത്ത് ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here