നിറങ്ങളുടെ ഉത്സവം തീര്‍ത്ത് തൂലിപ് പൂക്കള്‍ വിരിഞ്ഞു, സഞ്ചാരികളെ കാത്ത് കശ്മീര്‍

ദല്‍ തടാകത്തിനും സബര്‍വാന്‍ മലനിരകള്‍ക്കും ഇടയില്‍ പരന്നുകിടക്കുന്ന പൂമൈതാനം. ആ മൈതാനം നിറയെ നിറങ്ങള്‍ പടര്‍ത്തി തൂലിപ് പൂക്കള്‍.  കശ്മീരിലെ ശ്രീനഗറില്‍ സ്ഥിതി ചെയ്യുന്ന ഏഷ്യയിലെ ഏറ്റവും വലിയ തൂലിപ് ഗാര്‍ഡനിലേക്ക് ഇനി സഞ്ചാരികളുടെ ഒഴുക്കാകും. മാര്‍ച്ച് 19 മുതല്‍ തൂലിപ് ഗാര്‍ഡന്‍ സഞ്ചാരികള്‍ക്കായി തുറക്കുകയാണ്.

മഞ്ഞുകാലത്തിന് ശേഷം കശ്മീരിലേക്ക് വസന്തകാലം എത്തുകയാണ്. ഭൂമിയിലെ സ്വര്‍ഗ്ഗം എന്നാണ് കശ്മീരിനെ ജവഹര്‍ലാല്‍ നെഹ്റു വിശേഷിപ്പിച്ചത്. അക്ഷരാര്‍ത്ഥത്തില്‍ ഭൂമിയിലെ സ്വര്‍ഗ്ഗം തന്നെയാണ് കശ്മീര്‍. അത് മഞ്ഞുകാലത്തായാലും വസന്തകാലത്തായാലും. ഓരോ കാലത്തും പകരംവെക്കാനാകാത്ത സൗന്ദര്യ കാഴ്ചകള്‍.

വിവിധ നിറങ്ങളിലായി 15 ലക്ഷത്തിലധികം തൂലിപ് ചെടികള്‍ ഇത്തവണ കശ്മീരിലെ ഇന്ദിരാഗാന്ധി ഗാര്‍ഡനില്‍ പൂക്കള്‍ വിരിക്കും. ചുവപ്പും വെള്ളവും നീലയും ഒന്നിലധികം നിറങ്ങള്‍ ചേര്‍ന്നതുമായി ഒരുപാട് വൈവിധ്യങ്ങള്‍  ഒരുക്കിയിട്ടുണ്ടെന്ന് ഗാര്‍ഡന്‍റെ ചുമതലയുള്ള ഇനാമുള്‍ റഹിമാന്‍ പറയുന്നു.

74 ഏക്കറിലായി പരന്നുകിടക്കുന്ന തൂലിപ് ഗാര്‍ഡനില്‍ നൂറുകണക്കിന് തൊഴിലാളികളാണ് പണിയെടുക്കുന്നത്. ഉദ്ഘാടന ദിനത്തില്‍ എല്ലാ ചെടികളും വിരിയിക്കാനാണ് ഇവരുടെ ശ്രമം. 50,000 തൂലിപ് ചെടികളുമായി 2008 ലാണ് ഗാര്‍ഡന്‍ തുറന്നത്. പിന്നീടത് മൂന്നര ലക്ഷം ചെടികളാക്കി. ഇപ്പോള്‍ 15 ലക്ഷമായി. ഓരോ വര്‍ഷവും തൂലിപ് പൂക്കള്‍ കൂടുതല്‍ ഇടങ്ങിലേക്ക് പടര്‍ന്ന് കശ്മീരിന്‍റെ വസന്തകാലം കൂടുതല്‍ നിറപ്പകിട്ടാക്കുകയാണ്. തൂലിപ്പിനൊപ്പം ഡാഫോഡില്‍സ് ഉള്‍പ്പടെ മറ്റ് നിരവധി ഇനം പൂക്കളും ഇത്തവണ ഗാര്‍ഡനില്‍ ഉണ്ടാകും.

സഞ്ചാരികള്‍ക്ക് ഇനി ഉത്സവകാലമാണ്. സഞ്ചാരികളുടെ വലിയ തിരക്ക് കണക്കിലെടുത്തുള്ള സൗകര്യങ്ങള്‍ ജമ്മുകശ്മീര്‍ ടൂറിസം വിഭാഗം ഒരുക്കിയിട്ടുണ്ട്. സഞ്ചാരികള്‍ക്കുള്ള സുരക്ഷാ സംവിധാനങ്ങളും ഉറപ്പാക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration