ഇസ്ലാമിക് സ്റ്റേറ്റ് തലവനെ വധിച്ച് തുർക്കി

ഇസ്ലാമിക് സ്റ്റേറ്റ് തലവൻ അബു ഹുസൈൻ അൽ ഖുറാഷിയെ വധിച്ച് തുർക്കി. സിറിയയിലെ അഫ്രിൻ നഗരത്തിൽ നടത്തിയ ഓപ്പറേഷനിലൂടെയാണ് കൊലപ്പെടുത്തൽ. തുർക്കി പ്രസിഡൻ്റ് ത്വയ്യിപ് ഉർദുഗാനാണ് വാർത്ത സ്ഥിരീകരിച്ചത്.

കഴിഞ്ഞവർഷം നവംബറിൽ ഐഎസ് തലപ്പത്തേക്ക് ചുമതലയേറ്റ അബു ഹുസൈൻ അൽ ഖുറാഷിയെയാണ് തുർക്കി സൈന്യം കൊലപ്പെടുത്തിയത്. സിറിയയിലെ അഫ്രിൻ നഗരത്തിന്റെ വടക്ക് പടിഞ്ഞാറൻ പ്രദേശമായ ജിൻഡിറസ് കേന്ദ്രീകരിച്ച് പ്രാദേശിക പൊലീസ് സംഘത്തിൻ്റെ സഹായത്തോടെ തുർക്കി ഇൻ്റലിജൻസ് ഏജൻസി നടത്തിയ ഓപ്പറേഷനാണ് വിജയം കണ്ടത്. ഒക്ടോബറിൽ സിറിയൻ സൈന്യം ഏറ്റുമുട്ടലിൽ വധിച്ച ഇസ്ലാമിക് സ്റ്റേറ്റ് തലവൻ അബു ഹസൻ അൽ ഹാഷിമി അൽ ഖുറൈഷിയുടെ ഒഴിവിലായിരുന്നു അബു ഹുസൈന്റെ പ്രവർത്തനം. ഒഴിഞ്ഞുകിടക്കുന്ന കൃഷിയിടത്തിലായിരുന്നു അബു ഹുസൈൻ്റെ ഒളിത്താവളം എന്നാണ് സൂചന.

ഐഎസ് നേതാവ് അബു ഹുസൈന്റെ നീക്കങ്ങൾ ദിവസങ്ങളായി പരിശോധിച്ച് വരികയായിരുന്നുവെന്നും തീവ്രവാദത്തിനെതിരായ പോരാട്ടം തുർക്കി ഇനിയും തുടരുമെന്നും വാർത്ത സ്ഥിരീകരിച്ചുകൊണ്ട് തുർക്കി പ്രസിഡണ്ട് ത്വയ്യിപ് ഉർദുഗാൻ വ്യക്തമാക്കി. തീവ്രവാദത്തെ അമർച്ച ചെയ്യാൻ 2020 മുതൽ തുർക്കി സൈന്യം സിറിയയിൽ തുടരുന്നുണ്ട്. കഴിഞ്ഞ ഏപ്രിലിൽ അമേരിക്കൻ സൈന്യം സിറിയ കേന്ദ്രീകരിച്ച് നടത്തിയ ഓപ്പറേഷനിൽ ഇസ്ലാമിക് സ്റ്റേറ്റ് യൂറോപ്പ്, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങൾ ലക്ഷ്യമാക്കി ആക്രമണങ്ങൾ ആസൂത്രണം ചെയ്തതായി കണ്ടെത്തിയിരുന്നു. അമേരിക്കയുടെ ഹെലികോപ്റ്റർ ആക്രമണത്തിൽ രണ്ട് ഐഎസ് നേതാക്കൾ കൊല്ലപ്പെടുകയും ചെയ്തിരുന്നു. എന്നാൽ ഐഎസ് ഏപ്രിൽ 16ന് സിറിയയിൽ നടത്തിയ ആക്രമണത്തിൽ 25 സിവിലിയന്മാരടക്കം 41 പേരാണ് കൊല്ലപ്പെട്ടത്.

അന്താരാഷ്ട്ര ഏജൻസികളുടെ കണക്കുകൾ പ്രകാരം തുർക്കിക്കു നേരെ ഐ എസ് നടത്തിയ ആക്രമണങ്ങളിൽ 300 പേരോളം കൊല്ലപ്പെട്ടിട്ടുണ്ട്. 2013ൽ ഐഎസിനെ തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ച ആദ്യ രാജ്യങ്ങളിൽ ഒന്നാണ് തുർക്കി. എന്നാൽ ഈ മാസം തുർക്കിയിൽ നടക്കുന്ന തെരഞ്ഞെടുപ്പ് മുന്നിൽകണ്ടാണ് ഐഎസിന് നേരെയുള്ള ആക്രമണമെന്നും വ്യാഖ്യാനം നൽകുന്നവരുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News