തുര്‍ക്കിയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് രണ്ടാം ഘട്ടത്തിലേക്ക്

തുര്‍ക്കിയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് രണ്ടാം ഘട്ടത്തിലേക്ക്. ആദ്യ ഘട്ടത്തില്‍ ആര്‍ക്കും 50 ശതമാനം വോട്ട് നേടാനായില്ല. മെയ് 28ന് നടക്കുന്ന രണ്ടാം ഘട്ടത്തില്‍ പ്രസിഡന്റ് ഉര്‍ദുഗാനും പ്രതിപക്ഷനേതാവ് കിരിച്ച്ദരോലുവും നേരിട്ടേറ്റുമുട്ടും. തുര്‍ക്കിയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി അനാഡോലുവിന്റെ കണക്കുകളില്‍ ആദ്യം മുതല്‍ മുന്നിട്ട് നിന്ന പ്രസിഡന്റ് ത്വയിപ് ഉര്‍ദുഗാനും അമ്പത് ശതമാനത്തിന് താഴേക്ക് പതിച്ചതോടെയാണ് തുര്‍ക്കിയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് രണ്ടാം ഘട്ടം തെളിഞ്ഞത്.

ആദ്യഘട്ടത്തില്‍ ഉര്‍ദുഗാനും പ്രതിപക്ഷനേതാവ് കെമാല്‍ കിരിച്ച്ദരോലുവിനും അമ്പത് ശതമാനത്തില്‍ താഴെ മാത്രമാണ് വോട്ട്. ഉര്‍ദുഗാന് ചെറിയ മുന്‍തൂക്കമുണ്ടെങ്കിലും രണ്ടാം ഘട്ടത്തില്‍ അത് പ്രതിഫലിച്ചേക്കില്ല. മെയ് 28ന് നടക്കുന്ന രണ്ടാംഘട്ട തെരഞ്ഞെടുപ്പില്‍ ഇരുവരും നേരിട്ട് ഏറ്റുമുട്ടും. അഞ്ച് ശതമാനം മാത്രം വോട്ട് ലഭിച്ച സിനാന്‍ ഓഗന്‍ പുറത്തായി. പോളിംഗിലും വോട്ടെണ്ണലിലും കൃത്രിമത്വം ആരോപിച്ച് നാഷണല്‍ ഇലക്ഷന്‍ ബോര്‍ഡിനെതിരെ സ്ഥാനാര്‍ത്ഥികള്‍ രംഗത്തെത്തിയിട്ടുമുണ്ട്.

പാര്‍ട്ടികള്‍ മുന്നണിയായി മത്സരിച്ച പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഉര്‍ദുഗാന്റെ പാര്‍ട്ടിക്ക് കൃത്യമായ മുന്‍തൂക്കമുണ്ട്. 600 അംഗ പാര്‍ലമെന്റില്‍ കൂടുതല്‍ സീറ്റുകള്‍ ഉര്‍ദുഗാന്റെ എകെ പാര്‍ട്ടി നേടിയേക്കും. കിരിച്ച്ദരോലുവിന്റെ റിപ്പബ്ലിക്കന്‍ പീപ്പിള്‍സ് പാര്‍ട്ടിക്കാണ് രണ്ടാം സ്ഥാനം. 2003ല്‍ തുര്‍ക്കിയുടെ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ത്വയിപ് ഉര്‍ദുഗാന്‍ പതിനൊന്നു വര്‍ഷത്തെ ഭരണത്തിനു ശേഷം 2014ല്‍ പ്രസിഡന്റ് പദത്തിലേക്ക് മാറുകയായിരുന്നു.

2017ല്‍ ഹിതപരിശോധന നടത്തി പ്രസിഡന്റ് പദവിയിലേക്ക് മുഴുവന്‍ അധികാരങ്ങളും കൈമാറി പ്രധാനമന്ത്രിപദത്തെ ഇല്ലാതാക്കി. രണ്ടാം ഘട്ടത്തില്‍ ഉര്‍ദുഗാന്‍ തോറ്റാല്‍ പ്രസിഡന്‍ഷ്യല്‍ ജനാധിപത്യത്തില്‍ നിന്ന് പാര്‍ലമെന്ററി സാഹചര്യത്തിലേക്ക് തുര്‍ക്കിയെ തിരികെ കൊണ്ടുപോകാനും വഴി വരച്ചേക്കും. പുതുവസന്തം വിരിയിക്കുമെന്നാണ് കിരിച്ച്ദരോലുവിന്റെ വാഗ്ദാനം. ഉര്‍ദുഗാന്റെ കാലത്ത് മരണമടഞ്ഞ വിവിധ ഭരണഘടനാ സ്ഥാപനങ്ങള്‍ക്കും തുര്‍ക്കി പയറ്റി തെളിഞ്ഞ പഴയ സാമ്പത്തികശാസ്ത്ര വഴികള്‍ക്കും പുനരുജ്ജീവനം ഉണ്ടാകും. യുദ്ധരംഗമടക്കം അന്താരാഷ്ട്ര തലത്തിലും തുര്‍ക്കിയെന്ന നാറ്റോ രാജ്യത്തിന്റെ രാഷ്ട്രീയ പ്രാതിനിധ്യത്തിന് കാതലായ മാറ്റം വരാനാണ് സാധ്യത.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News