പിറന്നാള്‍ ദിനത്തില്‍ സമ്മാനമായി ലഭിച്ച സ്വര്‍ണവള ഡിവൈഎഫ്ഐ യുടെ വീട് നിര്‍മ്മാണ ക്യാംപെയ്നിലേക്ക് സംഭാവന ചെയ്തിരക്കുകയാണ് കണ്ണൂര്‍ ഇരിണാവിലെ അയാനും ആരിനും. വയനാട്ടിലെ ദുരന്തത്തെ കുറിച്ച് വായിച്ച് അറിയാന്‍ പ്രായമായിട്ടില്ലെങ്കിലും കണ്ടറിഞ്ഞ ചിത്രങ്ങളാണ് ഇരട്ടകുട്ടികളുടെ ഈ തീരുമാനത്തിന് പിന്നില്‍. നിര്‍ത്താതെ പെയ്യുന്ന മഴയത്ത് സ്കൂളില്ലാത്തത് കൊണ്ട് പിറന്നാളിന് കൂട്ടുകാര്‍ക്ക് മിഠായി നല്‍കാന്‍ കഴിയാത്ത സങ്കടത്തിലായിരുന്നു അയാനും ആരിനും.
Also Read: വയനാട് ഉരുൾപൊട്ടൽ ദുരന്തം; മൃഗസംരക്ഷണ മേഖലയില്‍ ഉണ്ടായത് 2.5 കോടി രൂപയുടെ നഷ്ടം
വയനാട്ടിലെ ഉരുള്‍പ്പൊട്ടലിനെ കുറിച്ച് ചാനലിലും പത്രത്തിലുമൊക്കെ കാണുന്നുണ്ടെങ്കിലും പിറന്നാള്‍ ദിവസത്തിലാണ് തങ്ങളോളം പോന്ന ഒരു വാവയെ രക്ഷാപ്രവര്‍ത്തകന്‍ നെഞ്ചോടടുക്കി പിടിച്ച ചിത്രം കാണാനിടയായത്. ആ ഫോട്ടോ കണ്ടപ്പോള്‍ മുതലുള്ള സങ്കടമാണ് പിറന്നാളിന് സമ്മാനമായി കിട്ടിയ സ്വര്‍ണവള അവര്‍ക്കായി നല്‍കാന്‍ അയാനേയും ആരിനേയും പ്രേരിപ്പിച്ചത്. അമ്മയായ ജിജിയോടും അച്ഛന്‍ ഗിരീഷിനോടും ആവശ്യം പറഞ്ഞപ്പോള്‍ അവര്‍ക്കും എതിര്‍പ്പുണ്ടായില്ല.
സ്ഥലത്തെ ഡി വൈ എഫ് ഐ പ്രവര്‍ത്തകരെ ബന്ധപ്പെട്ട് വയനാട്ടിൽ വീട് നഷ്ടപ്പെട്ടവർക്ക് വീട് വച്ച് നൽകുന്ന ഡിവൈഎഫ്ഐയുടെ ക്യാമ്പയിനിലേക്ക് വള കൈമാറി. സംസ്ഥാന സെക്രട്ടറി വി കെ സനോജ് ഏറ്റുവാങ്ങി. ഇരിണാവ് സ്വദേശികളായ ഗിരീഷ് പി സി- എം പി ജിജി ദമ്പതികളുടെ മക്കളാണ് ഇരട്ടകളായ അയാനും ആരിനും. മൂന്നാം പിറന്നാള്‍ ദിനത്തില്‍ കിട്ടിയ 4 സ്വര്‍ണവളകളാണ് ഇവര്‍ ദുരിതാശ്വാസ പ്രവര്‍ത്തനത്തിനായി കൈമാറിയത്. ഇരിണാവ് യു പി സ്കൂളിലെ എല്‍ കെ ജി വിദ്യാര്‍ത്ഥികളാണ് ഇരുവരും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here