ഡിഗ്രിക്ക് ചേരണം; ആഗ്രഹം സഫലമാക്കുമെന്ന് സര്‍ക്കാരിന്റെ ഉറപ്പ്; പാട്ടുപാടി സന്തോഷം പങ്കിട്ട് ഇരട്ടസഹോദരിമാര്‍

കരുതലും കൈത്താങ്ങും അടൂര്‍ താലൂക്ക് തല അദാലത്തിനെത്തിയ ഏഴംകുളം സ്വദേശിനികളായ ശ്രീലക്ഷ്മിയും ശ്രീപാര്‍വതിയും മനസ് നിറഞ്ഞ് പാട്ട് പാടുമ്പോള്‍ അവരുടെ സ്വപ്നങ്ങളും പൂത്തുലയുമെന്ന് സംസ്ഥാന സര്‍ക്കാരിന്റെ ഉറപ്പ്. ഗോദ എന്ന ചിത്രത്തിലെ ‘പൊന്നിന്‍ കണിക്കൊന്ന അടിമുടി പൂത്തൊരുങ്ങും’ എന്ന ഗാനമായിരുന്നു ഇരട്ട സഹോരിമാര്‍ പാടിയത്. ജന്മനാല്‍ ശാരീരിക വളര്‍ച്ചയും ആരോഗ്യ കുറവുമുള്ള ഇരുവരും ഡിഇഎല്‍എഡ് കോഴ്സ് പൂര്‍ത്തിയാക്കിയവരാണ്. ഇനി ഡിഗ്രിക്ക് ചേരണമെന്നാണ് ആഗ്രഹം. എന്നാല്‍ വീട്ടിലെ മോശം സ്ഥിതി ഇവരുടെ തുടര്‍ പഠനം പ്രതിസന്ധിയിലാക്കി. തുടര്‍ന്നാണ് താലൂക്ക് തല അദാലത്തില്‍ പങ്കെടുക്കാനെത്തിയത്.

പക്ഷാഘാതം ബാധിച്ച ഇവരുടെ അച്ഛന് ജോലിക്ക് പോകാന്‍ കഴിയാത്ത സാഹചര്യമാണ്. ഇവരുടെ അമ്മ എംപ്ലോയ്മെന്റ് മുഖേന പത്തനംതിട്ട എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്റി നാര്‍ക്കോട്ടിക്ക് സ്പെഷ്യല്‍ സ്‌ക്വാഡ് ഓഫീസില്‍ പാര്‍ടൈം സ്വീപ്പറായി ജോലിചെയ്യുകയാണ്. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനുള്ള പെടാപ്പാടില്‍ കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് കൂടി താങ്ങാന്‍ ഈ അമ്മയ്ക്ക് കഴിയില്ല.

2017 മുതല്‍ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ഇവര്‍ക്ക് ലഭിച്ചിരുന്നു. എന്നാല്‍, ഗവണ്‍മെന്റ് ക്ഷേമപെന്‍ഷന്‍ ലഭിക്കുന്നതിനുള്ള വരുമാന പരിധി 1 ലക്ഷം രൂപയായി നിജപ്പെടുത്തിയപ്പോള്‍ ഇവര്‍ പെന്‍ഷന്‍ പദ്ധതിയില്‍ നിന്ന് ഒഴിവാക്കപ്പെട്ടു. ഇതോടെ ഇവരുടെ വിദ്യാഭ്യാസമെന്ന സ്വപ്നത്തിന് തടസമായി. അങ്ങനെയാണ് സഹോദരിമാര്‍ പരാതിയുമായി അദാലത്തിലെത്തിയത്. ആരോഗ്യമന്ത്രി വീണാ ജോര്‍ജിനേയും വ്യവസായ മന്ത്രി പി. രാജീവിനേയും കണ്ട് പരാതി പറഞ്ഞ ഇവര്‍ക്ക് സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ തുടര്‍ന്ന് ലഭിക്കുന്നതിനുള്ള സത്വരനടപടികള്‍ സ്വീകരിക്കുമെന്ന് രണ്ട് മന്ത്രിമാരും ഉറപ്പ് നല്‍കി. ഇതോടെ മനസ് നിറഞ്ഞാണ് ഇരുവരും അദാലത്തില്‍ നിന്ന് മടങ്ങിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News