കണ്ണൂരിൽ സിബിഐ ഓഫീസർ ചമഞ്ഞ് പ്രവാസിയിൽനിന്ന് 12.91 ലക്ഷം തട്ടിയ സംഭവത്തിൽ അറസ്റ്റിലായ രണ്ടുപേരെ പൊലീസ് റിമാൻഡിൽ വിട്ട് കോടതി. എറണാകുളത്തുവെച്ചതാണ് ആലപ്പുഴ സ്വദേശി ഇർഫാൻ ഇഖ്ബാൽ (23), തൃശ്ശൂർ സ്വദേശി ജിതിൻ ദാസ് (20) എന്നിവരെ കഴിഞ്ഞദിവസം ടൗൺ പൊലീസ് ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്.
കണ്ണൂർ ചാലാട് സ്വദേശിയായ പ്രവാസിയുടെ പണമാണ് സിബിഐ ഓഫീസറെന്ന വ്യാജേന പ്രതികൾ തട്ടിയെടുത്തത്. സിബിഐ ഉദ്യോഗസ്ഥരാണ് തങ്ങളെന്ന് പരിചയപ്പെടുത്തിയാണ് ഇവർ പ്രവാസിയെ ബന്ധപ്പെട്ടത്. പൊലീസ് ഓഫീസറുടെ വേഷമണിഞ്ഞ് വീഡിയോ കോളിൽ എത്തിയ പ്രതികൾ വെർച്വൽ അറസ്റ്റുണ്ടാകുമെന്നും അത് ഒഴിവാക്കാൻ പണം നൽകണമെന്നും ആവശ്യപ്പെടുകയായിരുന്നു.
തുടർന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിനെത്തുടർന്ന് ഓഗസ്റ്റ് ആറ് മുതൽ എട്ട് വരെയുള്ള ദിവസങ്ങളിൽ പ്രവാസി തന്റെ ബാങ്ക് അക്കൗണ്ട് വഴി പണം അയച്ചുകൊടുക്കുത്തു. പണം ലഭിച്ചതോടെ ഇവർ ഫോൺ ഓഫാക്കി മുങ്ങിയെന്നാണ് കേസ്.
തട്ടിപ്പു സംഘത്തിലെ കണ്ണികൾ
കഴിഞ്ഞദിവസം അറസ്റ്റിലായ പ്രതികൾ വെറും കണ്ണികൾ മാത്രമാണെന്നും. ഇവർക്ക് പിന്നിൽ വൻ റാക്കറ്റ് ഉണ്ടെന്നും ടൗൺ പൊലീസ് ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരി വ്യക്തമാക്കി. അറസ്റ്റിലായ ഇർഫാൻ ഇഖ്ബാലാണ് ഇതിലെ പ്രധാന കണ്ണി. ജിതിൻ ദാസാണ് ബാങ്ക് അക്കൗണ്ട് എടുത്തുകൊടുക്കുന്നത്. ഒരുലക്ഷത്തിന് 1000 രൂപ കമ്മിഷനാണെന്നും ജിതിൻ ദാസ് പൊലീസിനോട് പറഞ്ഞു.
പ്രവാസിയുടെ പക്കലിൽനിന്ന് തട്ടിയെടുത്ത 12.91 ലക്ഷം രൂപ ബാങ്കിൽനിന്ന് ഇർഫാൻ ഇഖ്ബാലിന് എടുത്തുനൽകിയെന്നും ജിതിൻ നൽകിയ മൊഴിയിലുണ്ട്. വെള്ളിയാഴ്ച പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. കോടിക്കണക്കിന് രൂപയുടെ ഇടപാട് നടന്നിട്ടുണ്ടെന്ന് സംശയിക്കുന്നതായും പൊലീസ് വ്യക്തമാക്കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here