കെ മുരളീധരന് പിന്തുണയുമായി കോഴിക്കോട് നഗരത്തില്‍ രണ്ടിടത്ത് ബോര്‍ഡുകള്‍. കോണ്‍ഗ്രസ് പോരാളികള്‍ എന്ന പേരിലാണ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ‘നിങ്ങള്‍ക്ക് വേണ്ടെങ്കിലും കേരള ജനത ഒറ്റക്കെട്ടായി പറയുന്നു. ഞങ്ങള്‍ക്ക് വേണം ഈ നേതാവിനെ’ എന്നാണ് ബോര്‍ഡിലുള്ളത്.
നേരത്തെ കെപിസിസി അച്ചടക്ക നോട്ടീസ് അയച്ചതിനെ തുടര്‍ന്ന് ‘സേവനം വേണ്ടെന്ന് പറഞ്ഞാല്‍ മതി രാഷ്ട്രീയ പ്രവര്‍ത്തനം നിര്‍ത്താമെന്ന’ കടുത്ത പ്രതികരണം കെ മുരളീധരന്‍ പ്രഖ്യാപിച്ചിരുന്നു. നിയമസഭയിലേയ്‌ക്കോ ലോക്‌സഭയിലേക്കോ ഇനി മത്സരിക്കാനില്ലെന്നും കെ മുരളീധരന്‍ വ്യക്തമാക്കിയിരുന്നു. ഈ പ്രതികരണങ്ങളുടെ ചുവട് പിടിച്ചാണ് ഇപ്പോള്‍ കോഴിക്കോട് മുരളീധരനെ അനുകൂലിച്ച് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത് എന്നാണ് വിലയിരുത്തല്‍.
നേരത്തെ കെപിസിസി നേതൃത്വത്തിനെതിരെ പ്രതികരിച്ചതിന്റെ പേരില്‍ കെ മുരളീധരനും എംകെ രാഘവനും കെ സുധാകരന്‍ അച്ചടക്ക നോട്ടീസ് അയച്ചിരുന്നു. ഇതേ തുടര്‍ന്നായിരുന്നു കെ മുരളീധരന്‍ കടുത്ത പ്രതികരണം നടത്തിയത്. കെ മുരളീധരന് അച്ചടക്ക നോട്ടീസ് അയച്ച കെ സുധാകരന്റെ നടപടിക്കെതിരെ രമേശ് ചെന്നിത്തലയും എംഎം ഹസനും രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെ കെപിസിസി നേതൃത്വത്തിനെതിരെ ഏഴ് എംപിമാര്‍ കേന്ദ്രനേതൃത്വത്തിന് പരാതിയും നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് കെസി വേണുഗോപാല്‍ മുന്‍കൈ എടുത്ത് നടത്തിയ സമവായ ചര്‍ച്ചയിലും എംപിമാര്‍ കെ സുധാകരനെതിരെ ആഞ്ഞടിച്ചിരുന്നു. പുന:സംഘടന അടക്കം എംപിമാര്‍ ഉന്നയിച്ച പ്രശ്‌നങ്ങളെല്ലാം പറഞ്ഞു തീര്‍ത്തെന്നാണ് നേതാക്കള്‍ യോഗത്തിന് ശേഷം അറിയിച്ചിരുന്നത്.
പ്രശ്്‌നങ്ങള്‍ പരിഹരിക്കപ്പെട്ടു എന്ന് നേതൃത്വം വ്യക്തമാക്കിയതിന് ശേഷവും മുരളീധരന് പിന്തുണയുമായി ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടത് നേതൃത്വത്തിനെതിരായി താഴെ തട്ടില്‍ രൂപപ്പെട്ടിരിക്കുന്ന അതൃപ്തി മാറിയിട്ടില്ലെന്നതിന്റെ കൂടി സൂചനയായി വേണം കാണാന്‍. കെ മുരളീധരന് സ്വന്തം നിലയില്‍ ധാരാളം അനുയായികളുള്ള കോഴിക്കോട് ഇത്തരത്തിലൊരു ബോര്‍ഡ് പ്രത്യക്ഷപ്പെട്ടത് കോണ്‍ഗ്രസിലെ തര്‍ക്കങ്ങള്‍ തീരില്ല എന്നതിന്റെ കൂടി സൂചയാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here