ഗോതമ്പ് മോഷ്ടിച്ചെന്നാരോപിച്ച് രണ്ട് ആണ്‍കുട്ടികളെ മര്‍ദ്ദിച്ചതായി ആരോപണം. ഉത്തര്‍പ്രദേശിലെ ബഹറായിച്ച് ജില്ലയിലെ താജ്പുര്‍ തേഡിയ ഗ്രാമത്തില്‍ ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവമുണ്ടായത്. അഞ്ചുകിലോ ഗോതമ്പ് മോഷ്ടിച്ചു എന്ന് ആരോപിച്ച് പൗള്‍ട്രി ഫാം ഉടമകളായ രണ്ടുപേര്‍ ചേര്‍ന്നാണ് കുട്ടികളെ മർദിച്ചത് എന്നാണ് ആരോപണം. 12-ഉം 14-ഉം പ്രായമുള്ള ആണ്‍കുട്ടികളാണ് മര്‍ദനത്തിനും അപമാനത്തിനും ഇരയായത്.
കുട്ടികളെ ക്രൂരമായി മര്‍ദ്ദിച്ച്, തലമൊട്ടയടിച്ച്, മുഖത്ത് കരിതേച്ച്, കൈകളില്‍ ‘കള്ളന്‍’ എന്നെഴുതി, ഇരുകൈകളും പിന്നില്‍കെട്ടി ഗ്രാമത്തിനുചുറ്റും വലംവെപ്പിച്ചു എന്നാണ് പൊലീസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. പൗള്‍ട്രി ഫാമില്‍ ജോലിക്ക് ചെല്ലാന്‍ വൈകിയതിനാണ് കുട്ടികളെ മുതലാളിമാര്‍ ഉപദ്രവിച്ചതെന്നാണ് കുട്ടികളുടെ ബന്ധുക്കള്‍ ആരോപിച്ചത്.
കുട്ടികളുടെ ബന്ധുക്കളുടെ പരാതിയില്‍ കേസെടുത്ത പൊലീസ് നാസിം ഖാന്‍, ഖ്വാസിം ഖാന്‍, ഇനായത്, സനു എന്നിങ്ങനെ നാലുപേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഭാരതീയ ന്യായ സംഹിത, എസ്‌സി/എസ്ടി അട്രോസിറ്റീസ് പ്രിവെന്‍ഷന്‍ ആക്ട് എന്നിവ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതായി നന്‍പാറ എസ്എച്ച്ഓ പ്രദീപ് സിങ് പറഞ്ഞു. സംഭവത്തിൽ രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. മുന്‍ ഗ്രാമത്തലവന്‍ കൂടിയായ സനുവും ഇനായത്തും ഇപ്പോൾ ഒളിവിലാണ്.
പൗള്‍ട്രി ഫാം നടത്തുന്ന നാസിമും, ഖ്വാസിമും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിക്കുകയും ജാതിപറഞ്ഞ് അധിക്ഷേപിക്കുകയും ചെയ്തതായി കുട്ടികള്‍ മാധ്യമങ്ങളോട് പറഞ്ഞു. കുട്ടികളെ അപമാനിച്ച് നടത്തുന്ന ദൃശ്യങ്ങള്‍ പ്രതികള്‍ വീഡിയോ എടുത്തതായും കുട്ടികളുടെ മാതാപിതാക്കള്‍ ആരോപിക്കുന്നുണ്ട്. കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ഗ്രാമത്തില്‍ പ്രത്യേകം പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here