കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തിയ മുഖ്യമന്ത്രിയാണ് ഇ കെ നായനാര്‍. ആറു തവണ നായനാര്‍ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ നായനാരുടെ ആദ്യത്തെ തെരഞ്ഞെടുപ്പ് പോരാട്ടം ലോക്‌സഭയിലേക്കായിരുന്നു.
മൂന്നു തവണയായി പതിനൊന്നു വര്‍ഷത്തോളം കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്നു കയ്യൂര്‍ സമരനായകനായ ഇ. കെ നായനാര്‍. അത്രയും തവണ പ്രതിപക്ഷ നേതൃസ്ഥാനവും വഹിച്ചു. എന്നാല്‍ നായനാരുടെ ആദ്യത്തെ തെരഞ്ഞെടുപ്പ് നിയമസഭയിലേക്കല്ല ലോക്‌സഭയിലേക്കായിരുന്നു. 1964ല്‍ സിപിഐഎം രൂപീകരിച്ചതിനു ശേഷം നടന്ന ആദ്യ ലോക്‌സഭാ തെരഞ്ഞെടുപ്പ്. കോണ്‍ഗ്രസിന്റെ സമുന്നത നേതാക്കളായ പണ്ഡിറ്റ് നെഹ്രുവും ലാല്‍ ബഹദൂര്‍ ശാസ്ത്രീയും അന്തരിച്ചതിനു ശേഷമുള്ള തെരഞ്ഞെടുപ്പ്. ഇന്ദിരാഗാന്ധി ആദ്യമായി പ്രധാനമന്ത്രിയായ തെരഞ്ഞെടുപ്പ്.
1967ല്‍ പാലക്കാട് മണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസിലെ സി എസ് ദേവനെ പരാജയപ്പെടുത്തിയാണ് നായനാര്‍ ലോക്‌സഭയിലെത്തിയത്. 1971ലെ തെരഞ്ഞെടുപ്പില്‍ കാസര്‍ക്കോടു നിന്നും മത്സരിച്ചെങ്കിലും കോണ്‍ഗ്രസിലെ അന്നത്തെ യുവനേതാവ് കടന്നപ്പള്ളി രാമചന്ദനോട് പരാജയപ്പെട്ടു. കേരളത്തിലെ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ആ അട്ടിമറി വിജയം നായനാരുടെ രാഷ്ട്രീയ ജീവിതത്തിലെ ആദ്യത്തെ തെരഞ്ഞെടുപ്പ് തോല്‍വിയായിരുന്നു. 1972ല്‍ സി.എച്ച്. കണാരന്റെ മരണത്തോടെ നായനാര്‍ സി.പി.ഐ.എമ്മിന്റെ സംസ്ഥാന സെക്രട്ടറിയായി. 1974ല്‍ ഇരിക്കൂറില്‍ നിന്നും മല്‍സരിച്ചാണ് നായനാര്‍ ആദ്യമായി നിയമസഭാ അംഗമായത്. 1975ല്‍ അടിയന്താരവസ്ഥ പ്രഖ്യപിച്ചപ്പോള്‍ നായനാരും ഒളിവില്‍പ്പോയി.
പിന്നീട് 1980ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ നായനാര്‍ മലമ്പുഴയില്‍ നിന്ന് വിജയിച്ചു. എ കെ ആന്റണിയുടെ കോണ്‍ഗ്രസ് ഗ്രൂപ്പിന്റെയും കെ എം മാണിയുടെ കേരള കോണ്‍ഗ്രസിന്റെയും പിന്തുണയില്‍ നായനാര്‍ മുഖ്യമന്ത്രിയായി. 1981 ഒക്ടോബര്‍ 21 വരെ മാത്രമേ ആ മന്ത്രിസഭ നിലനിന്നുള്ളൂ. കെ.കരുണാകരന്റെ നേതൃത്വത്തില്‍ പുതിയ മന്ത്രിസഭ രൂപീകരിച്ചപ്പോള്‍ നായനാര്‍ പ്രതിപക്ഷ നേതാവായി. ആ മന്ത്രിസഭയും അധികനാള്‍ നില നിന്നില്ല. 1982-ല്‍ നിയമസഭ തെരഞ്ഞെടുപ്പ് വന്നപ്പോള്‍ മലമ്പുഴയില്‍ നിന്ന് ജയിച്ച് നായനാര്‍ നിയമസഭയിലെത്തി വീണ്ടും പ്രതിപക്ഷ നേതാവായി. 1987-ല്‍ തൃക്കരിപ്പൂരില്‍ നിന്ന് ജയിച്ച് മുഖ്യമന്ത്രിയായി. 91-ലും തൃക്കരിപ്പൂരില്‍ നിന്നു തന്നെ ജയിച്ച് നായനാര്‍ മൂന്നാമതും പ്രതിപക്ഷ നേതാവായി. 1992-ല്‍ പ്രതിപക്ഷ നേതൃസ്ഥാനം ഒഴിഞ്ഞ് പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയായി. 1996-ല്‍ പാര്‍ട്ടി മൂന്നാമതും മുഖ്യമന്ത്രിക്കസേര നായനാരെ ഏല്‍പ്പിക്കുമ്പോള്‍ അദ്ദേഹം നിയമസഭാംഗമായിരുന്നില്ല. പാര്‍ട്ടി സെക്രട്ടറി സ്ഥാനമൊഴിഞ്ഞ് തലശേരിയില്‍ നിന്ന് ഉപ-തെരഞ്ഞെടുപ്പിലൂടെ നിയമസഭയിലെത്തുകയായിരുന്നു. 2001-ലെ നിയമസഭാ തിരഞ്ഞെടുപ്പിലും 2004ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും നായനാര്‍ പാര്‍ട്ടിയെ നയിച്ചു.
ഇന്ത്യതിളങ്ങുന്നുവെന്ന മുദ്രാവാക്യത്തോടെ വാജ്‌പേയി സര്‍ക്കാര്‍ 2004ല്‍ നിലം പതിച്ചപ്പോള്‍ ഇടതുപക്ഷത്തിന്റെ കൂടി പിന്തുണയോടെ മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രിയായി. പൊളിറ്റ് ബ്യൂറോ അംഗമെന്ന നിലയില്‍ ആ ചരിത്രനിയോഗത്തിന് കൂടി കൈയൊപ്പ് ചാര്‍ത്തിയാണ് മെയ് 19ന് നായനാര്‍ വിടപറഞ്ഞത്. രാജ്യം മറ്റൊരു ചരിത്ര നിയോഗത്തിനുകൂടി വിധിയെഴുതി കാത്തിരിക്കുമ്പോള്‍ ചരിത്രപുരുഷന്‍ ഓര്‍മ്മയായിട്ടും രണ്ടു ദശാബ്ദം പൂര്‍ത്തിയാവുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here