കണ്ണൂര്‍ കേളകം മലയാംപടിയിലുണ്ടായ വാഹനാപടകത്തില്‍ രണ്ട് മരണം. നാടകസംഘത്തിന്റെ മിനി ബസ്സ് മറിഞ്ഞാണ് അപകടമുണ്ടായത്. നാടകം കഴിഞ്ഞ് സുല്‍ത്താന്‍ ബത്തേരിയിലേക്ക് പോകുന്ന വഴി പുലര്‍ച്ചെ നാല് മണിക്കാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിച്ചു.
കായംകുളം മുതുകുളം സ്വദേശി അഞ്ജലി (32), കരുനാഗപ്പള്ളി തേവലക്കര സ്വദേശിനി ജെസി മോഹന്‍ എന്നിവരാണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. മലയാംപടി എസ് വളവില്‍ വെച്ചാണ് മിനി ബസ് മറിഞ്ഞത്.
14 പേരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. 9 പേരെ പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദേവ കമ്മ്യൂണിക്കേഷന്‍ കായംകുളം എന്ന നാടക സംഘം സഞ്ചരിച്ച മിനി ബസാണ് അപകടത്തില്‍പ്പെട്ടത്. രാത്രി നാടകം കഴിഞ്ഞ് കടന്നപ്പള്ളിയില്‍ നിന്ന് ബത്തേരിയിലേക്ക് പോകുന്ന വണ്ടിയാണ് അപകടത്തില്‍പ്പെട്ടത്.
Also Read : കോഴിക്കോട് ഓമശ്ശേരിയില്‍ വന്‍ മയക്കുമരുന്ന് വേട്ട; കൊടുവള്ളി സ്വദേശിയിൽനിന്ന് പിടികൂടിയത് 63 ഗ്രാം എംഡിഎംഎ
അതേസമയം കണ്ണൂർ കേളകത്ത് കായംകുളം ദേവ കമ്മ്യൂണിക്കേഷൻ നാടക സംഘത്തിന്റെ ബസ് അപകടത്തില്‍ രണ്ട് അഭിനേത്രികള്‍ മരണപ്പെട്ട സംഭവം ഏറെ വേദനാജനകമാണെന്ന് സാംസ്‌കാരിക മന്ത്രി സജിചെറിയാന്‍ അറിയിച്ചു. കായംകുളം സ്വദേശി അഞ്ജലി, കരുനാഗപ്പള്ളി സ്വദേശി ജെസ്സി മോഹൻ എന്നിവരുടെ മരണത്തില്‍ അദ്ദേഹം അനുശോചനം രേഖപ്പെടുത്തി.
മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് അടിയന്തിര ധനസഹായമെന്ന നിലയില്‍ സാംസ്‌കാരിക ക്ഷേമനിധി ബോര്‍ഡ് 25000 രൂപ വീതം കൈമാറും. അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരുടെ ചികിത്സാചെലവുകള്‍ സാംസ്‌കാരികവകുപ്പ് ഏറ്റെടുക്കുമെന്ന് മന്ത്രി പറഞ്ഞു.
മരണപ്പെട്ടവരുടെ ഭൗതികശരീരം കൊണ്ടുപോകുവാനും ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്യപ്പെടുന്നവര്‍ക്കുമായുള്ള ആംബുലന്‍സ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ കേരള സംഗീത നാടക അക്കാദമിയോട് നിര്‍ദേശിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കൂടുതല്‍ സഹായങ്ങള്‍ നല്‍കുന്ന കാര്യം സര്‍ക്കാര്‍ പരിശോധിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here