ഹരിയാനയിലും സംഘപരിവാര്‍ കലാപം; രണ്ട് ഹോംഗാര്‍ഡുകള്‍ കൊല്ലപ്പെട്ടു

ഹരിയാനയിലെ നൂഹ് ജില്ലയില്‍ വര്‍ഗീയകലാപത്തിന് സംഘപരിവാര്‍ നീക്കം. ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ രണ്ട് ഹോംഗാര്‍ഡുകള്‍ കൊല്ലപ്പെട്ടു. ഏഴു പൊലീസുകാര്‍ അടക്കംനിരവധി പേര്‍ക്ക് പരിക്കേറ്റു. നിരവധി വാഹനങ്ങള്‍ കത്തിച്ചു. മേഖലയില്‍ രാത്രി വൈകിയും സംഘര്‍ഷം തുടരുകയാണ്. നിരോധനാജ്ഞ പ്രഖ്യാപിച്ചു. ബുധനാഴ്ചവരെ നൂഹ് ജില്ലയില്‍ ഇന്റര്‍നെറ്റ് വിച്ഛേദിക്കുകയും ചെയ്തു.

സംഘപരിവാര്‍ സംഘടനകളായ ബജ്റംഗദളും വിഎച്ച്പിയും സംഘടിപ്പിച്ച ബ്രിജ്മണ്ഡല്‍ ജലാഭിഷേക് യാത്രയെത്തുടര്‍ന്നാണ് സംഘര്‍ഷം. പശുക്കടത്ത് ആരോപിച്ച് ഹരിയാനയില്‍ രണ്ടു യുവാക്കളെ ചുട്ടുകൊന്ന കേസിലെ പ്രതിയായ സംഘപരിവാര്‍ പ്രവര്‍ത്തകന്‍ മോനു മനേസറും സംഘവും യാത്രയില്‍ പങ്കാളികളായത് സംഘര്‍ഷത്തിന് കാരണമായിട്ടുണ്ട്. ഇതോടൊപ്പം ഒരു വിഎച്ച്പി പ്രവര്‍ത്തകന്‍ സമൂഹമാധ്യമത്തില്‍ പ്രകോപനപരമായ പോസ്റ്റിട്ടതും ഏറ്റുമുട്ടലിന് വഴിയൊരുക്കി.

Also Read: മണിപ്പൂരില്‍ സ്ത്രീകളെ കൂട്ട ബലാത്സംഗം ചെയ്ത കേസ്; സുപ്രീംകോടതി ഉത്തരവ് ഇന്ന്

ഹരിയാനയില്‍ ന്യൂനപക്ഷങ്ങള്‍ കൂടുതലായുള്ള മേഖലകളിലൊന്നാണ് നൂഹ് ജില്ല. സംഘപരിവാറിന്റെ ജലാഭിഷേക് യാത്രയ്ക്ക് തിങ്കളാഴ്ച ഗുഡ്ഗാവില്‍നിന്നാണ് തുടക്കമായത്. നൂഹിലേക്ക് യാത്ര പ്രവേശിച്ചതിനു പിന്നാലെയാണ് സംഘര്‍ഷം. നൂഹില്‍ സ്ഥിതി മോശമാണെന്നും ഹരിയാന ആഭ്യന്തരമന്ത്രി അനില്‍ വിജ് പ്രതികരിച്ചു. മൂവായിരത്തോളം പേര്‍ നൂഹിലെ ഒരു ക്ഷേത്രത്തില്‍ ബന്ദികളാക്കപ്പെട്ടെന്നും പൊലീസിനോട് ആവശ്യമായ ഇടപെടല്‍ നടത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അനില്‍ വിജ് പറഞ്ഞു. ഇരുവിഭാഗവും സംയമനം പാലിക്കണമെന്നും സമാധാനം പുനഃസ്ഥാപിക്കാന്‍ സഹകരിക്കണമെന്നും മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍ അഭ്യര്‍ഥിച്ചു. സംഘര്‍ഷസാധ്യതയുണ്ടെന്ന വിവരം നേരത്തേതന്നെ ലഭിച്ചിരുന്നെന്നും എന്നിട്ടും കലാപം തടയുന്നതില്‍ ബിജെപി സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും പ്രതിപക്ഷ പാര്‍ടികള്‍ ആരോപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here