ഛത്തീസ്ഗഢിലെ മാവോയിസ്റ്റ് ആക്രമണത്തിൽ സ്പെഷ്യൽ ടാസ്ക് ഫോഴ്സിലെ രണ്ട് ജവാന്മാർ വീരമൃത്യു വരിച്ചു. നാല് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. ബീജാപൂർ – സുക്മ മേഖലയിലെ വനത്തിൽ മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷൻ നടത്തി മടങ്ങുകയായിരുന്ന സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. പൈപ്പ് ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. ചൊവ്വാഴ്ച ആരംഭിച്ച ഓപ്പറേഷനിൽ എസ്ടിഎഫ്, സിആർപിഎഫ്, സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സ് എന്നിവർ സംയുക്തമായി ചേർന്നാണ് തിരച്ചിൽ നടത്തിയത്.
അതേസമയം, ജമ്മു കശ്മീരിലെ ദോഡ ജില്ലയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ക്ക് പരിക്കേറ്റു. പുലര്‍ച്ചെ രണ്ട് മണിയോടെ കസ്തിഗഢ് മേഖലയിലെ ജദ്ദാന്‍ ബട്ട ഗ്രാമത്തിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. സര്‍ക്കാര്‍ സ്‌കൂളില്‍ സ്ഥാപിച്ച താൽക്കാലിക സുരക്ഷാ ക്യാമ്പിനുനേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു.
സുരക്ഷാസേന തിരിച്ചടിച്ചതോടെ ഏറ്റുമുട്ടല്‍ ഒരു മണിക്കൂറോളം നീണ്ടു. തുടര്‍ച്ചയായി വെടിവെപ്പുണ്ടായ സാഹചര്യത്തില്‍ വ്യാപക തെരച്ചിലാണ് പ്രദേശത്ത് നടത്തുന്നത്. ദോഡ മേഖലയില്‍ രണ്ടു ദിവസം മുന്‍പുണ്ടായ ഏറ്റുമുട്ടുന്നതിനിടെ മേജര്‍ ഉള്‍പ്പെടെ നാല് സൈനികര്‍ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് വീണ്ടും ആക്രമണമുണ്ടായത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here