കോഴിക്കോട് കൊടുവള്ളി കവർച്ചയിൽ വമ്പൻ ട്വിസ്റ്റ്. പെട്രോള്‍ പമ്പില്‍ നിന്ന് രണ്ടംഗ സംഘം കവര്‍ച്ച ചെയ്തത് മുക്കുപണ്ടമെന്ന് തെളിഞ്ഞു. സ്വർണ്ണാഭരണമെന്ന് കരുതി, പോലീസ് മാല കോടതിയില്‍ ഹാജരാക്കാന്‍ ഒരുങ്ങുമ്പോഴാണ് ഒറിജിനല്‍ മാല നഷ്ടപ്പെട്ടിട്ടില്ല എന്നറിയുന്നത്. സംഭവത്തില്‍ 17 കാരന്‍ ഉള്‍പ്പെടെ രണ്ട് പേരെ കൊടുവള്ളി പോലീസ് 2 മണിക്കൂറിനകം പിടകൂടിയിരുന്നു.
Also Read; മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയെടുത്ത യൂത്ത് കോൺഗ്രസ് നേതാവും, പിതാവും അറസ്റ്റിൽ
ശനിയാഴ്ച ഉച്ചക്ക് രണ്ടരയോടെയാണ് കൊടുവള്ളി വെണ്ണക്കാടുള്ള പെട്രോള്‍ പമ്പില്‍ മോഷണം നടന്നത്. വൈകിട്ട് ജീവനക്കാരി വീട്ടിലേക്ക് പോകാനായി ബാഗ് എടുത്തപ്പോള്‍ പണം കാണാനില്ലായിരുന്നു. ബേഗ് പരിശോധിച്ചപ്പോള്‍ ഒന്നേകാല്‍ പവന്റെ സ്വര്‍ണ്ണമാലയും കാണാനില്ലെന്ന് വ്യക്തമായി. ഉടന്‍ പമ്പിലെ സിസിടിവി പരിശോധിച്ചപ്പോള്‍ മുറിയിലുണ്ടായിരുന്ന രണ്ട് പേർ ബാഗുകള്‍ പരിശോധിക്കുന്നതും ഒരു ബാഗില്‍ നിന്ന് പണവും മാലയും കൈക്കലാക്കി രക്ഷപ്പെടുന്നതും കണ്ടു. കൊടുവള്ളി പോലീസ് സ്ഥലത്തെത്തി പലയിടങ്ങളിലേയും സിസിടിവി പരിശോധിക്കുകയും രണ്ടംഗ സംഘമാണ് മോഷണം നടത്തിയതെന്ന് കണ്ടെത്തുകയും ചെയ്തു.
Also Read; കോൺഗ്രസ് ഭരിക്കുന്ന സഹകരണ ബാങ്കിൽ കോടികളുടെ തട്ടിപ്പ്
മണിക്കൂറുകള്‍ക്കകം ഇവരെ പോലീസ് വലയിലാക്കി. പുതുപ്പാടി ഈങ്ങാപ്പുഴ സ്വദേശി നൗഫലും സുഹൃത്ത് 17 കാരനുമാണ് കൊടുവള്ളി പോലീസിന്റെ പിടിയിലായത്. കവര്‍ച്ച ചെയ്ത മാലയും കവര്‍ച്ചക്കെത്തിയ ബൈക്കും പോലീസ് പിടിച്ചെടുത്തു. കവര്‍ച്ച ചെയ്ത മൂവായരത്തോളം രൂപ ഇവര്‍ ചെലവഴിച്ചിട്ടുണ്ടായിരുന്നു. പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജറാക്കാനുള്ള ഒരുക്കത്തിനിടെയാണ് ഒറിജിനല്‍ മാല നഷ്ടപ്പെട്ടിട്ടില്ലെന്ന് യുവതി പോലീസിനെ അറിയിക്കുന്നത്. ഉടന്‍ തന്നെ പോലീസ് പെട്രോള്‍ പമ്പിലെത്തി യുവതിയെ ചോദ്യം ചെയ്തു. നേരത്തെ ബേഗില്‍ സൂക്ഷിച്ചിരുന്ന മാല അമ്മ എടുത്തു വെച്ച വിവരം തനിക്ക് അറിയില്ലായിരുന്നുവെന്നും മുക്കുപണ്ടമാണ് നഷ്ടപ്പെട്ടതെന്നും യുവതി വ്യക്തമാക്കി. മോഷണം നടന്ന് മണിക്കൂറുകള്‍ക്കകം പ്രതികളെയും തൊണ്ടിമുതലും കസ്റ്റഡിയിലെടുത്ത പോലീസിന് ആശ്വസിക്കാമെങ്കിലും മുക്കുപണ്ടം മോഷ്ടിച്ചതിന് പ്രതികൾ റിമാൻ്റിലായി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here