തമിഴ്‌നാട്ടിലെ തഞ്ചാവൂർ ജില്ലയിലെ ബാറിൽനിന്നും മദ്യം കഴിച്ചതിനു പിന്നാലെ രണ്ട് പേർ മരിച്ചു. മത്സ്യവിൽപനക്കാരനായ കിഴവാസൽ സ്വദേശി കുപ്പുസാമി (68), പുമനരവത്തൻ കോയിൽ സ്ട്രീറ്റിൽ വിവേക് (38) എന്നിവരാണ് മരിച്ചത്.
മദ്യം കഴിച്ച ശേഷം സ്വന്തം കടയിലെത്തിയ കുപ്പുസ്വാമി കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു.ഇയാളെ തഞ്ചാവൂരിലെ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ബാറിൽ നിന്നും ഇറങ്ങിയ ഉടൻ കുഴഞ്ഞ് വീണ വിവേക് ആശുപത്രിയിൽ വെച്ചാണ് മരണപ്പെടുന്നത്.ഉച്ചക്ക് 12ന് ബാർ തുറക്കുന്നതിന് മുമ്പ് തന്നെ ഇവിടെ നിന്നും മദ്യം നൽകിയിരുന്നെന്ന് തെളിഞ്ഞിട്ടുണ്ട്. ബാറിലെ സിസിടിവി പ്രവർത്തിച്ചിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു.
അതേ സമയം; ഫോറൻസിക് വിശകലനത്തിൽ സയനൈഡിന്‍റെ സാന്നിധ്യം കണ്ടെത്തിയത് ദുരൂഹത വർദ്ധിപ്പിക്കുന്നു.സംഭവം കൊലപാതകമാണോ സ്വയം ജീവനൊടുക്കിയതാണോ എന്ന കാര്യം പൊലീസ് അന്വേഷിക്കുകയാണെന്ന് തഞ്ചാവൂർ കലക്ടർ ദിനേശ് പൊൻരാജ് ഒലിവർ പറഞ്ഞു.
കുറച്ച് ദിവസങ്ങൾക്ക് മുമ്പ് വില്ലുപുരം, ചെങ്കല്‍പ്പേട്ട് ജില്ലകളിലുണ്ടായ വിഷമദ്യ ദുരന്തത്തിൽ 22 പേർ മരിച്ചിരുന്നു. 40 പേർ ഇപ്പോഴും ചികിത്സയിലാണ്. ഇതേതുടർന്ന് വ്യാപക പരിശോധനയിൽ വ്യാജമദ്യം സൂക്ഷിച്ചതിന് സംസ്ഥാനത്തൊട്ടാകെ 410 പേരാണ് അറസ്റ്റിലായത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here