വാഹനത്തിൽ നിന്നും ബാറ്ററി മോഷ്ടിച്ച കേസിൽ രണ്ട് പേർ പിടിയിൽ

വാഹനത്തിൽ നിന്നും ബാറ്ററി മോഷ്ടിച്ച കേസിൽ രണ്ട് പേർ കൂടൽ പൊലീസിന്റെ പിടിയിലായി. കൂടൽ മിച്ചഭൂമിയിൽ ബാബു വിലാസം വീട്ടിൽ ബാബുവിന്റെ മകൻ ശ്രീരാഗ് (26), പോത്തുപാറ കാരമണ്ണിൽ വീട്ടിൽ കലാധരന്റെ മകൻ സബിനേഷ് (18) എന്നിവരാണ് അറസ്റ്റിലായത്. വ്യാഴാഴ്ച്ച രാത്രി 10 മണിക്ക് ശേഷവും വെള്ളി രാവിലെ 6 നുമിടയിലാണ് മോഷണം നടന്നത്. ഇന്നലെ രാത്രി കൂടൽ കടുവന്നൂർ സന്തോഷ് വിലാസത്തിൽ സന്തോഷിന്റെ മൊഴിപ്രകാരം മോഷണത്തിന് കേസ് രജിസ്റ്റർ ചെയ്ത പൊലീസ് മണിക്കൂറുകൾക്കകം പ്രതികളെ പിടികൂടുകയായിരുന്നു. സന്തോഷിന്റെ സഹോദരിയുടെ മകന്റെ ഉടമസ്ഥതയിലുള്ള പെട്ടി ഓട്ടോയുടെ 8000 രൂപ വിലവരുന്ന ബാറ്ററിയാണ് പ്രതികൾ മോഷ്ടിച്ചത്.

പഴക്കച്ചവടത്തിന് ഉപയോഗിച്ചിരുന്ന വണ്ടി കുറച്ചുനാളായി സന്തോഷിന്റെ വീട്ടുമുറ്റത്താണ് സൂക്ഷിച്ചിരുന്നത്. വീടിന്റെ മതിൽ നിർമാണം തുടങ്ങിയപ്പോൾ, സമീപത്തുള്ള ആൾതാമസമില്ലാത്ത വീടിന്റെ മുറ്റത്തേക്ക് മാറ്റിയതായും എല്ലാ ദിവസവും പോയി നോക്കുമായിരുന്നെന്നും സന്തോഷിന്റെ മൊഴിയിൽ പറയുന്നു.ഇന്നലെ രാവിലെ 6 ന് പതിവുപോലെ പോയിനോക്കുമ്പോൾ ബാറ്ററി മോഷ്ടിക്കപ്പെട്ടുവെന്ന് മനസ്സിലായി. അയൽവാസികളോട് തിരക്കിയപ്പോൾ, കൂടൽ മിച്ചഭൂമിയിൽ താമസിക്കുന്ന നാലുപേർ പെട്ടി ഓട്ടോയിൽ എത്തിയിരുന്നുവെന്ന് അറിഞ്ഞു. തുടർന്നാണ് സന്തോഷ് പൊലീസിൽ പരാതി നൽകിയത്. കേസെടുത്ത് അന്വേഷണം തുടങ്ങിയ കൂടൽ പൊലീസ് പ്രതികളെ ഇന്നലെ ഗാന്ധി ജംഗ്ഷനിൽ നിന്നും കസ്റ്റഡിയിലെടുക്കുകയായിരുന്നു. സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ചു. മോഷ്ടിച്ച ബാറ്ററി കലഞ്ഞൂരുള്ള ആക്രിക്കടയിൽ വിറ്റുവെന്നും, 800 രൂപ കിട്ടിയെന്നും സമ്മതിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസ് അവിടെ എത്തിച്ച് തെളിവെടുപ്പ് നടത്തി, ബാറ്ററി കണ്ടെടുത്തു. നേരത്തെ വിരലടയാള വിദഗ്‌ദ്ധർ, പൊലീസ് ഫോട്ടോഗ്രാഫർ എന്നിവരുടെ സഹായത്തോടെ സംഭവസ്ഥലത്ത് പരിശോധന നടത്തിയിരുന്നു. വൈദ്യപരിശോധനയ്ക്ക് വിധേയരാക്കിയ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പൊലീസ് ഇൻസ്‌പെക്ടർ പുഷ്പകുമാറിന്റെ മേൽനോട്ടത്തിൽ നടക്കുന്ന അന്വേഷണത്തിൽ എസ് ഐ ഷെമിമോളുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. എസ് സി പി ഓമാരായ അജികർമ, സജി, സി പി ഓമാരായ സി എസ് അനൂപ്, അരുൺ,
ടെന്നിസൻ, ഗോപൻ എന്നിവരാണ് അന്വേഷണസംഘത്തിലുള്ളത്.

also read; രഹസ്യാന്വേഷണവിഭാഗം പൊലീസുദ്യോഗസ്ഥന്റെ സമയോചിത നീക്കത്തിൽ വലയിലായ അമ്പലമോഷ്ടാവിനെ റിമാൻഡ് ചെയ്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News