കള്ളന് വീട്ടില്‍ ഒളിത്താവളമൊരുക്കി മറ്റൊരു കള്ളന്‍. തിരുവല്ലയിലാണ് സംഭവം നടന്നത്. മോഷണ കേസില്‍ പ്രതിയായ നിരണം കോട്ടാങ്ങല്‍ വീട്ടില്‍ ജയപ്രകാശിനാണ് ചെങ്ങന്നൂര്‍ പ്രാവിന്‍കൂട് കാവനാല്‍ വീട്ടില്‍ അജി എബ്രഹാം സ്വന്തം വീട്ടില്‍ ഒളിത്താവളമൊരുക്കിയത്. ഒടുവില്‍ രണ്ട് പേരെയും പൊലീസ് പിടികൂടി.
ഇക്കഴിഞ്ഞ പതിനേഴിന് നിരണം എസ്.ബി.ഐക്ക് സമീപമുള്ള വീട്ടില്‍ മോഷണശ്രമം നടന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതിയെക്കുറിച്ചുള്ള സൂചന ലഭിച്ചു. ഇതിനിടെ മറ്റൊരു കള്ളനായ അജി എബ്രഹാമിന്റെ വീട്ടില്‍ ജയപ്രകാശ് ഒളിവില്‍ താമസിക്കുന്നതായി പൊലീസിന് രഹസ്യ വിവരം ലഭിച്ചു. തുടര്‍ന്ന് വീട് വളഞ്ഞ് പൊലീസ് ഇരുവരേയും പിടികൂടുകയായിരുന്നു.
പകല്‍ സമയങ്ങളില്‍ അടച്ചിട്ടിരിക്കുന്ന വീടുകള്‍ സ്‌കൂട്ടറില്‍ സഞ്ചരിച്ച് നിരീക്ഷിച്ച് രാത്രി എത്തി മോഷണം നടത്തുന്നതാണ് ജയപ്രകാശിന്റെ രീതിയെന്ന് പൊലീസ് പറഞ്ഞു. ജനാലയുടെയും കതകിന്റെയും വാതിലുകള്‍ കുത്തിത്തുറക്കാന്‍ ഉപയോഗിക്കുന്ന ഇരുവശവും വളഞ്ഞ പാര ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ പ്രതിയില്‍ നിന്ന് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. നിരവധി തവണ ജയില്‍വാസം അനുഭവിച്ചിട്ടുള്ള ജയപ്രകാശിനെതിരെ പുളിക്കീഴ്, തിരുവല്ല, കീഴ്വായ്പൂര്‍, കോയിപ്രം തുടങ്ങിയ വിവിധ സ്റ്റേഷനുകളില്‍ 40-ഓളം മോഷണക്കേസുകള്‍ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു.’
Also Read- പത്തനംതിട്ടയില്‍ യുവാവ് വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍
ഇയാള്‍ക്ക് ഒളിത്താവളം നല്‍കിയ അജി എബ്രഹാം റെയില്‍വേയുടെ സാധനസാമഗ്രികള്‍ മോഷ്ടിച്ചതടക്കമുള്ള നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്ന് എസ്.ഐ. ജെ. ഷെജീം പറഞ്ഞു. ജയപ്രകാശിനെ ഒളിപ്പിച്ചതിന് അജി എബ്രഹാമിനെ പ്രതിയാക്കി കേസെടുത്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here