മഹാരാഷ്ട്രയിൽ രണ്ടാഴ്ചയോളം നീണ്ട അനിശ്ചിതത്ത്വത്തിനിടയിൽ രണ്ടാം ബിജെപി സർക്കാർ ഇന്ന് അധികാരമേൽക്കും. മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്നാവിസും രണ്ട് ഉപമുഖ്യമന്ത്രിമാരും ആയിരിക്കും ഇന്ന് സത്യപ്രതിജ്ഞ ചെയ്യുക. വകുപ്പ് തർക്കങ്ങൾക്കിടയിലും ചടങ്ങിനെ ആഘോഷക്കാഴ്ചയാക്കാനുള്ള വിപുലമായ ഒരുക്കങ്ങളാണ് മുംബൈയിൽ നടന്നു കൊണ്ടിരിക്കുന്നത്.
പ്രധാനമന്ത്രിയുൾപ്പെടെ പ്രമുഖരുടെ നീണ്ട നിര തന്നെ സത്യപ്രതിജ്ഞയ്ക്ക് ഉണ്ടാകുമെന്നാണ് വിവരം. കൂടാതെ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 19 മുഖ്യമന്ത്രിമാരും കൂടാതെ കേന്ദ്രമന്ത്രിമാരും പാർട്ടിയുടെ പ്രമുഖ നേതാക്കളും ചടങ്ങിന് സാക്ഷ്യം വഹിക്കാനെത്തും.
സത്യപ്രതിജ്ഞാ ചടങ്ങിൽ സുരക്ഷയ്ക്കായി 4000 പൊലീസുകാരെയാണ് വിന്യസിച്ചിട്ടുള്ളത്. ദക്ഷിണ മുംബൈയിലെ ആസാദ് മൈതാനത്താണ് പ്രത്യേകം തയാറാക്കിയ പന്തലിൽ സത്യപ്രതിജ്ഞാ ചടങ്ങ് ക്രമീകരിച്ചിരിക്കുന്നത്.
മഹായുതി സഖ്യകക്ഷികളുടെ അരലക്ഷത്തോളം അനുയായികളും ചടങ്ങിനെത്തും. 2000 വിവിഐപികൾക്ക് പ്രത്യേക ഇരിപ്പിടവും വേദിയിലൊരുക്കിയിട്ടുണ്ട്. നാലായിരത്തോളം സ്പെഷ്യൽ പൊലീസ് സേനയെയും വിന്യസിച്ചിട്ടുണ്ട്. മൈതാനത്തിലേക്കുള്ള റോഡുകളിൽ ഗതാഗത നിയന്ത്രണവും സുരക്ഷാ ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.
ALSO READ: പ്രവാസി വ്യവസായി അബ്ദുൽ ഗഫൂറിൻ്റെ മരണം കൊലപാതകം, മന്ത്രവാദിനിയായ യുവതിയുൾപ്പടെ 4 പേർ അറസ്റ്റിൽ
2014-ൽ ദേവേന്ദ്ര ഫഡ്‌നാവിസ് മഹാരാഷ്ട്രയുടെ ആദ്യത്തെ ബിജെപി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞചെയ്തത് വാംഖഡേ സ്റ്റേഡിയത്തിലായിരുന്നു. അന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ചടങ്ങിൽ പങ്കെടുക്കാനെത്തിയിരുന്നു.
മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനെ കൂടാതെ രണ്ട് ഉപമുഖ്യമന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും. ഏകനാഥ് ഷിൻഡെ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് സൂചന. അതേസമയം, സർക്കാർ രൂപീകരണത്തിന് മുൻപ് ആഭ്യന്തര വകുപ്പിനെ ചൊല്ലിയുള്ള തർക്കം തുടരുകയാണ്. ബിജെപി വിട്ടുവീഴ്ചയ്ക്ക് തയാറായിട്ടില്ല.
ഉപമുഖ്യമന്ത്രി പദത്തിനൊപ്പം ആഭ്യന്തരവകുപ്പും ലഭിക്കാതെ പോയാൽ ഷിൻഡെയുടെ സ്വാധീനം കുറയ്ക്കുന്ന തരത്തിലാകുമെന്നാണ് ശിവസേന എംഎൽഎമാരുടെ വാദം. പാർട്ടിയുടെ മനോവീര്യവും ഐക്യവും നിലനിർത്താൻ പുതിയ സർക്കാരിൽ ഷിൻഡെയുടെ പങ്കാളിത്തം അനിവാര്യമാണെന്ന് ശിവസേനയിലെ പ്രമുഖ നേതാക്കൾ ഊന്നിപ്പറഞ്ഞു. ശിവസേനയ്ക്ക് 12, എൻസിപിക്ക് 9 എന്നിങ്ങനെയാണ് മന്ത്രി സ്ഥാനങ്ങൾ പരിഗണനയിലുള്ളത്. എന്നാൽ വകുപ്പുകളുടെ കാര്യത്തിൽ ഇനിയും ധാരണയായിട്ടില്ല.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here