ഗാസയില്‍ ഉടന്‍ വെടിനിര്‍ത്തല്‍ ആവശ്യം; യുഎന്‍ രക്ഷാസമിതി ആദ്യ പ്രമേയം പാസാക്കി, യുഎസ് വിട്ടുനിന്നു

ഇസ്രയേല്‍ പലസ്തീന്‍ യുദ്ധം ആരംഭിച്ചതിനുശേഷം ആദ്യമായി ഗാസയില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് യുഎന്‍ രക്ഷാസമിതി. ന്യൂയോര്‍ക്കിലെ യുഎന്‍ ആസ്ഥാനത്ത് വച്ച് പലസ്തീന്‍ പ്രശ്‌നം സംബന്ധിച്ച് ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സില്‍ യോഗം ചേര്‍ന്നു. യുഎസ് ഒഴികെയുള്ള 14 രാജ്യങ്ങള്‍ പ്രമേയത്തെ അനുകൂലിച്ചു.

വിശുദ്ധ മാസമായ റംസാനില്‍ അടിയന്തരമായി വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടാണു പ്രമേയം അവതരിപ്പിച്ചത്. ഇസ്രയേല്‍ സഖ്യ കക്ഷിയായ യുഎസ് പ്രമേയത്തില്‍ നിന്ന് വിട്ടുനിന്നു. 15 അംഗ രക്ഷാസമിതിയിലെ 14 രാജ്യങ്ങളും പ്രമേയത്തെ അനുകൂലിച്ചു. ഇസ്രയേലില്‍നിന്ന് ഹമാസ് പിടിച്ചുകൊണ്ടുപോയ 130 ബന്ദികളെ മോചിപ്പിക്കണമെന്നും പ്രമേയം ആഹ്വാനം ചെയ്തു.

ഗാസയില്‍ പട്ടിണിയിലായ സാധാരണക്കാര്‍ക്ക് ജീവന്‍രക്ഷാ സഹായം അനുവദിക്കണം. ഗാസ മുനമ്പിലെ മുഴുവന്‍ ജനങ്ങളുടെയും സംരക്ഷണം ശക്തിപ്പെടുത്തുകയും മാനുഷിക സഹായം വിപുലീകരിക്കുകയും വേണം. അന്താരാഷ്ട്ര മാനുഷിക നിയമങ്ങള്‍ക്കും പ്രമേയങ്ങള്‍ക്കും അനുസൃതമായി മാനുഷിക സഹായം നല്‍കുന്നതിനുള്ള എല്ലാ തടസ്സങ്ങളും നീക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു.

Also Read : സ്ഥാനാർത്ഥികളെ കുറിച്ച് നേരിട്ടറിയാം; വോട്ട് ചെയ്യാനുള്ള ബൂത്തും കണ്ടെത്താം

ശാശ്വതവും സുസ്ഥിരവുമായ വെടിനിര്‍ത്തല്‍ വേണമെന്നായിരുന്നു പ്രമേയത്തിലുണ്ടായിരുന്നതെങ്കിലും സുസ്ഥിരമായ എന്ന വാക്ക് നീക്കം ചെയ്യണമെന്ന് റഷ്യ ആവശ്യപ്പെട്ടു. എന്നാല്‍ അത് അംഗീകരിക്കപ്പെട്ടില്ല. അള്‍ജീരിയ അടക്കം പത്ത് രാജ്യങ്ങളാണ് പ്രമേയം മുന്നോട്ടുവച്ചത്.സ്ഥിരം വെടിനിര്‍ത്തല്‍ വേണമെന്ന പ്രമേയത്തില്‍ കൂട്ടിച്ചേര്‍ക്കണമെന്ന് റഷ്യ ഭേദഗതി നിര്‍ദേശിച്ചെങ്കിലും പാസായില്ല.

പ്രമേയം ഗാസയിലെ രക്തച്ചൊരിച്ചില്‍ അവസാനിപ്പിക്കുമെന്ന് അള്‍ജീരിയ പ്രത്യാശിച്ചു. പ്രമേയം നടപ്പാക്കണമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് അഭ്യര്‍ഥിച്ചു. പ്രമേയം വീറ്റോ ചെയ്യാത്തതില്‍ പ്രതിഷേധിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു അമേരിക്കന്‍ സന്ദര്‍ശനം റദ്ദാക്കി.

കഴിഞ്ഞ ദിവസം അമേരിക്ക ഇസ്രയേലിന് അനുകൂലമായി കൊണ്ടുവന്ന താത്കാലിക വെടിനിര്‍ത്തല്‍ പ്രമേയം ചൈനയും റഷ്യയും വീറ്റോ ചെയ്തതോടെ പരാജയപ്പെട്ടിരുന്നു. ഇതിനു മുമ്പ് ഗാസവിഷയത്തില്‍ കൊണ്ടുവന്ന ഒമ്പത് വെടിനിര്‍ത്തല്‍ പ്രമേയങ്ങളാണ് പരാജയപ്പെട്ടത്. അതില്‍ മൂന്നെണ്ണം അമേരിക്ക വീറ്റോ ചെയ്യുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News