കൃത്രിമമായി മഴ പെയ്യിക്കാൻ രാജ്യത്ത് ഒരു മാസത്തോളം നീളുന്ന ക്ലൗഡ് സീഡിങ് പ്രഖ്യാപിച്ച് യുഎഇ. അടുത്തയാഴ്ച്ച മുതലാണ് ചെറുവിമാനങ്ങളുപയോഗിച്ചുള്ള ക്ലൗഡ് സീഡിങ് തുടങ്ങുക. ഇതോടെ, അടുത്ത ആഴ്ചമുതൽ രാജ്യത്ത് വ്യാപകമായി മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി. അമേരിക്ക ആസ്ഥാനമായുള്ള സ്ട്രാട്ടൻ പാർക്ക് എഞ്ചിനീയറിംഗ് കമ്പനിയുമായി ചേർന്നാണ് ക്ലൗഡ് സീഡിംഗ്.
1990കൾ മുതൽ മഴയ്ക്കായി യുഎഇ പിന്തുടരുന്ന രീതിയാണ് ക്ലൗഡ് സീഡിങ്. മഴ സാധ്യതയുള്ള മേഘങ്ങൾ കണ്ടെത്തലാണ് പ്രധാനം. മഴയ്ക്കായുള്ള രാസ പദാർത്ഥങ്ങൾ മേഘങ്ങളിൽ വിതറാൻ ഇരുപത്തി അയ്യായിരം അടി ഉയരത്തിൽ പറന്നാകും ക്ലൗഡ് സീഡിങ്. ചെറുവിമാനങ്ങൾ ഉപയോഗിച്ച് മേഘങ്ങളെ നിരീക്ഷിക്കുകയും പഠനം നടത്തുകയും ചെയ്യും. അൻപത് ശതമാനമെങ്കിലും മഴയ്ക്ക് സാധ്യതയുള്ള മേഘങ്ങളിലാണ് ക്ലൗഡ് സീഡിംഗ് നടത്തുക. ഇതോടെ ഇത്തരം മേഘങ്ങളിൽ നിന്നും മഴ ലഭിക്കാനുള്ള സാധ്യത 75 ശതമാനം വരെയാകും. ലക്ഷ്യം കണ്ടാൽ അടുത്ത ആഴ്ചമുതൽ യുഎഇ-യിലും യുഎഇ-യോട് ചേർന്നുള്ള ഒമാന്റെ മലയോര മേഖലകളിലും ശക്തമായ മഴ ലഭിച്ചേക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here