യുഎഇയില്‍ തൊഴില്‍ വിസയുടെ കാലാവധി മൂന്ന് വര്‍ഷമാക്കി ഉയര്‍ത്തി

യു എ ഇ തൊഴില്‍ വിസയുടെ കാലാവധി മൂന്നു വര്‍ഷമാക്കി. തൊഴില്‍ വീസയുടെ കാലാവധി 3 വര്‍ഷമാക്കി ഉയര്‍ത്തണമെന്ന പാര്‍ലമെന്ററി കമ്മിറ്റി ശുപാര്‍ശ ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ അംഗീകരിച്ചു. തൊഴില്‍ വിസയുടെ കാലാവധി രണ്ടു വര്‍ഷമാക്കിയത് തൊഴില്‍ ദാതാക്കള്‍ക്ക് ഭീമമായ സാമ്പത്തിക ബാധ്യത വരുത്തിവയ്ക്കുന്നത് കണക്കിലെടുത്താണ് 3 വര്‍ഷമാക്കാന്‍ പാര്‍ലമെന്ററി കമ്മിറ്റി ശുപാര്‍ശ ചെയ്തത്.

ജോലി മാറ്റത്തിനുള്ള വര്‍ക്ക് പെര്‍മിറ്റ് ഫീസില്‍ ഇളവും ശുപാര്‍ശ ചെയ്തിരുന്നു. പാര്‍ലമെന്റ് അംഗീകാരം ലഭിച്ചതോടെ ഇനി പുതുക്കുന്ന വിസകള്‍ക്ക് മൂന്നു വര്‍ഷം കാലാവധി ലഭിക്കും. പ്രൊബേഷന്‍ സമയത്തിനു ശേഷം കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും അതേ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നത് നിര്‍ബന്ധമാക്കണമെന്ന ശുപാര്‍ശയും പാര്‍ലമെന്റ് അംഗീകരിച്ചു.

എന്നാല്‍, തൊഴില്‍ദാതാവിന്റെ സമ്മതമുണ്ടെങ്കില്‍ ഒരു വര്‍ഷത്തിനു മുന്‍പ് ജോലി മാറുന്നതിന് തടസ്സമില്ല. തൊഴിലുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളില്‍ മാനവ വിഭവശേഷി – സ്വദേശിവല്‍ക്കരണ മന്ത്രാലയം ഇതിനോടകം 72,000 പരിശോധനകള്‍ രാജ്യത്ത് നടത്തിയതായി പാര്‍ലമെന്റിനെ അറിയിച്ചു. വ്യാജ സ്വദേശിവല്‍ക്കരണം സംശയിക്കുന്ന 2300 കേസുകള്‍ കണ്ടെത്തി.

യുഎഇയില്‍ സ്വദേശിവല്‍ക്കരണ നടപടികള്‍ അധികൃതര്‍ ഊര്‍ജ്ജിതമാക്കി. ഈ വര്‍ഷം അവസാനമാകുമ്പോഴേക്കും സ്വദേശിവല്‍ക്കരണം 4 ശതമാനത്തില്‍ എത്തിക്കാനാണ് ശ്രമം. തുടക്കത്തില്‍ 50 പേരില്‍ കൂടുതലുള്ള കമ്പനികള്‍ 2 ശതമാനം സ്വദേശിവല്‍ക്കരണം നടത്തണമെന്ന നിയമം ഈ വര്‍ഷം ജൂണ്‍ 30 ആകുമ്പോഴേക്കും 3 ശതമാനമായി മാറും. ഡിസംബര്‍ ആകുമ്പോഴേക്കും സ്വദേശിവല്‍ക്കരണം 4 ശതമാനമാകും. 10% സ്വദേശിവല്‍ക്കരണമാണ് ലക്ഷ്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News