മാസങ്ങള്‍ക്ക് മുമ്പ് നടന്ന ലോക്‌സഭ തെരഞ്ഞെടുപ്പിലെ മുന്നേറ്റത്തോടെ ആത്മവിശ്വാസം; ഫലം വന്നപ്പോള്‍ ഞെട്ടല്‍, ഉദ്ദവിന് ഷിന്‍ഡേയോട് പറയാന്‍ ചിലതുണ്ട്!

2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ശക്തമായ മത്സരം കാഴ്ചവെച്ചതിന് പിന്നാലെ ആത്മവിശ്വാസത്തിലായിരുന്ന ഉദ്ദവ് താക്കറേയ്ക്ക് അപ്രതീക്ഷിത ആഘാതമാണ് നിയമസഭ തെരഞ്ഞെടുപ്പില്‍ ഉണ്ടായിരിക്കുന്നത്. അടിത്തറ തന്നെ ഇളക്കിമറിക്കുന്ന ഫലമാണ് നിയമസഭ തെരഞ്ഞെടുപ്പില്‍ ഉദ്ദവിന് നേരിടേണ്ടി വന്നിരിക്കുന്നത്. ഈ തെരഞ്ഞെടുപ്പ് ഫലം വരുന്നതോടെ യഥാര്‍ത്ഥ ശിവസേന ഏതാണെന്ന് അറിയാന്‍ കഴിയുമെന്ന് പറഞ്ഞിരുന്ന ഉദ്ദവ് നിലവിലെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡേയ്ക്ക് ഒരു മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്.

ALSO READ: വ്യഭിചാരം കുറ്റകരമല്ലാതാക്കി; നിയമവ്യവസ്ഥയിൽ കാര്യമായ മാറ്റം വരുത്തി ന്യൂയോർക്ക്

ഷിന്‍ഡേ അട്ടിമറിയിലൂടെ ഉദ്ദവിന്റെ മഹാവികാസ് അഖാഡി സര്‍ക്കാരിനെ താഴെയിറക്കിയാണ് മുഖ്യമന്ത്രി കസേരയിലെത്തിയത്. നിലവില്‍ ഷിന്‍ഡേ വിഭാഗത്തിന് തെരഞ്ഞെടുപ്പില്‍ വമ്പന്‍ സ്വാധീനം ചെലുത്താന്‍ കഴിയുന്ന ഒരു ഫലമല്ല പുറത്തുവന്നിരിക്കുന്നത്. ഇനി മുതല്‍ നിങ്ങള്‍ക്ക് ഫഡ്‌നാവിസിന് കീഴില്‍ പ്രവര്‍ത്തിക്കേണ്ടി വരും. ആദ്യം ഏത് ബംഗ്ലാവാണ് ലഭിക്കുന്നതെന്ന് മനസിലാക്കി വച്ചോ എന്നാണ് താക്കറേ ഇപ്പോള്‍ ഷിന്‍ഡേയ്ക്ക് നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. ഏതാണ് യഥാര്‍ത്ഥ സേനയെന്ന കാര്യത്തില്‍ ഇപ്പോള്‍ നിയമപോരാട്ടം നടക്കുകയാണെന്നും അതിന് ഇതുവരെ ഒരു തീരുമാനമായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നുമുണ്ട്.

മത്സരിച്ച 89 സീറ്റുകളില്‍ 20 സീറ്റുകളില്‍ മാത്രമായി ഒതുങ്ങിയിരിക്കുകയാണ് ഉദ്ദവിന്റെ ശിവസേന. അതേസമയം ഷിന്‍ഡേ വിഭാഗം മത്സരിച്ച 80 സീറ്റില്‍ 57 സീറ്റുകള്‍ നേടി. മാസങ്ങള്‍ക്ക് മുമ്പ് നടന്ന ലോക്‌സഭ തെരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ ഞെട്ടിക്കുന്ന ഫലമാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. പൊതുതെരഞ്ഞെടുപ്പില്‍ ഉദ്ദവ് വിഭാഗം 9 സീറ്റുകള്‍ നേടിയപ്പോള്‍ ഷിന്‍ഡേ വിഭാഗത്തിന് 7 സീറ്റുകളെ ലഭിച്ചിരുന്നുള്ളു. എന്നാല്‍ നിയമസഭ തെരഞ്ഞെടുപ്പിലെ ഫലം താക്കറേയെ ഏറെ മാനസികമായി തളര്‍ത്തുന്നതാണ്.

എന്നിരുന്നാലും ഷിന്‍ഡേ ഇനിയും മുഖ്യമന്ത്രിയായി തുടരുമോ എന്ന ചോദ്യത്തിന് സാധ്യത കുറവാണെന്നാണ് റിപ്പോര്‍ട്ട് പുറത്തുവരുന്നത്. സഖ്യത്തില്‍ കൂടുതല്‍ സീറ്റുകളുള്ള പാര്‍ട്ടിയായിരുന്നിട്ടും ഫഡ്‌നാവിസ് മനസില്ലാമനസോടെ മുഖ്യമന്ത്രി പദവി ഷിന്‍ഡേയ്ക്ക് വിട്ടുനല്‍കി, ഉപമുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കുകയായിരുന്നു.

ALSO READ: പേപ്പർ അപേക്ഷകൾ പൂർണമായും ഒഴിവാക്കി,കെഎസ്ഇബിയുടെ സേവനങ്ങൾ ഇനി ഓൺലൈൻ വഴി; അപേക്ഷിച്ച് തുടങ്ങാനുള്ള തീയതി

ഇത്തവണ 148 സീറ്റില്‍ 133 സീറ്റുകള്‍ നേടി വലിയ വിജയം നേടിയ ബിജെപിയ്ക്ക് മുന്നില്‍ വിലപേശാനുള്ള ശക്തി ഷിന്‍ഡേയ്ക്കില്ല. മറ്റൊരു സഖ്യകക്ഷിയായ എന്‍സിപിക്കും ഫലം മികച്ച രീതിയില്‍ ലഭിച്ചതോടെ ബിജെപി ആവശ്യപ്പെട്ടാല്‍ ഷിന്‍ഡേ മുഖ്യമന്ത്രി സ്ഥാനം ഒഴിയേണ്ടി വരും. മുഖ്യമന്ത്രിയല്ലായെങ്കില്‍ ഔദ്യോഗിക വസതിയായ വര്‍ഷ ഷിന്‍ഡേ ഒഴിയേണ്ടി വരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News