ഒരുമിച്ച് ജോലി ചെയ്യുമ്പോള്‍ സഹപ്രവര്‍ത്തകരോ സുഹൃത്തുക്കളോ മറ്റിടങ്ങളിലേക്ക് ട്രാന്‍സ്ഫറായി പോയാല്‍ വിഷമമുണ്ടാകും. അവര്‍ക്ക് യാത്രയയപ്പും നല്‍കും. എന്നാല്‍ ഒരു വാഹനം മറ്റൊരു സ്ഥലത്തേക്ക് മാറ്റിയപ്പോള്‍ വികാരനിര്‍ഭരമായ യാത്രയയപ്പ് നല്‍കിയ സംഭവം ഇത് ആദ്യമായിരിക്കും. ഉടുമ്പന്‍ചോല പൊലീസ് സ്റ്റേഷനിലാണ് സംഭവം.
ഉടുമ്പന്‍ചോല പൊലീസ് സ്റ്റേഷനിലെ ജീപ്പിനാണ് അപ്രതീക്ഷിത ട്രാന്‍സ്ഫര്‍. പൈനാവിലെ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് വിങ്ങിനാണ് ജീപ്പ് കൈമാറിയത്. ജീപ്പ് കൊണ്ടുപോകുന്നതിന്റെ വിഡിയോ ഉദ്യോഗസ്ഥര്‍ പുറത്തിറക്കിയിട്ടുണ്ട്. ജീപ്പിന് പകനം ലഭിച്ച ഗൂര്‍ഖ വാഹനം ഉദ്യോഗസ്ഥര്‍ ഉപയോഗിച്ച് തുടങ്ങി.
2016 ല്‍ മുല്ലപ്പെരിയാര്‍ പൊലീസ് സ്റ്റേഷന്റെ അധീനതയിലേക്കാണ് ജില്ലാ പൊലീസ് മേധാവി കെഎല്‍ 01ബിജി 4058 എന്ന ജീപ്പ് നല്‍കിയത്. ഇതിന് ശേഷം ജീപ്പിന് നിരവധി കേടുപാടുകള്‍ സംഭവിച്ചു. ഒരിക്കല്‍ ഒരു രാത്രി കാട്ടാനയുടെ ആക്രമണത്തില്‍ ജീപ്പിന് കേട് സംഭവിച്ചു. ഇതിന് ശേഷം തമിഴ്‌നാട് മുല്ലപ്പെരിയാര്‍ ഡാമിന്റെ സ്പില്‍വേ അടച്ചപ്പോള്‍ വാഹനം കാട്ടില്‍ കുടുങ്ങി. അന്നും ജീപ്പിന് നേരെ കാട്ടാനയുടെ ആക്രമണമുണ്ടായി. അന്ന് ജീപ്പിന്റെ ബോണറ്റ് കാട്ടാന ചവിട്ടിത്തകര്‍ത്തു. ജീപ്പ് കുത്തി തലകീഴായി മറിച്ചിടുകയും ചെയ്തു. ഇതോടെ ജീപ്പ് ഉപയോഗ ശൂന്യമായി. പിന്നീട് ഉടുമ്പന്‍ചോല പൊലീസ് സ്റ്റേഷന്‍ സ്ഥാപിച്ചതോടെ ജീപ്പ് റിപ്പയര്‍ ചെയ്തു. മുന്‍ സിഐ ഫിലിപ് സാം, എസ്.ഐ അബ്ദുള്‍ കനി, ഉദ്യോഗസ്ഥരായ അന്‍സാര്‍ മോന്‍, സി.വി സനീഷ്, ടോണി ജോസ് എന്നിവരുടെ നേതൃത്വത്തിലാണ് ജീപ്പ് നന്നാക്കിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here