ഉടുപ്പി വഴി ആലപ്പുഴയിലേക്ക്: ട്രെയിന്‍ യാത്രയിലെ ആരോഗ്യ ബോധവല്‍ക്കരണം വൈറല്‍; അഭിനന്ദനങ്ങളുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

ആരോഗ്യ പ്രവര്‍ത്തകയുടെ ട്രെയിന്‍ യാത്രയിലെ ആരോഗ്യ ബോധവത്ക്കരണ വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും അവബോധം നല്‍കിയ ആലപ്പുഴ വണ്‍ ഹെല്‍ത്ത് ജില്ലാ മെന്ററായ പുലോമജയെ നേരിട്ട് വിളിച്ച് അഭിനന്ദിക്കുകയും ചെയ്തു.

31 വര്‍ഷം ആരോഗ്യ വകുപ്പില്‍ സേവനം അനുഷ്ഠിച്ചിരുന്ന വ്യക്തിയാണ് പുലോമജ. പ്രവര്‍ത്തന മികവിന് 2007ല്‍ ഏറ്റവും മികച്ച നഴ്‌സിനുള്ള സംസ്ഥാന അവാര്‍ഡും ലഭിച്ചിരുന്നു. 2018ല്‍ ആരോഗ്യ വകുപ്പില്‍ നിന്നും വിരമിച്ച ശേഷം വണ്‍ ഹെല്‍ത്ത് പദ്ധതിയുടെ ഭാഗമായി ജില്ലാ മെന്ററായി സേവനം അനുഷ്ഠിച്ച് വരികയാണ്. ആന്റിബയോട്ടിക് സാക്ഷര കേരളത്തിന്റെ ഭാഗമായി ആന്റിബയോട്ടിക്കുകള്‍ അമിതമായി ഉപയോഗിച്ചാലുള്ള ദോഷവശങ്ങളെപ്പറ്റി ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട് വരികയായിരുന്നു. ആരോഗ്യ വകുപ്പ് അടുത്തിടെയാണ് എഎംആര്‍ ബോധവത്ക്കരണം വിപുലമായ ജനകീയ പരിപാടിയായി ആരംഭിച്ചത്. വീട് വീടാനന്തരമുള്ള ജനകീയ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങളില്‍ മന്ത്രി വീണാ ജോര്‍ജും പങ്കെടുത്തിരുന്നു.

Also read: മുടി ട്രിം ചെയ്യുന്നത് മുടിയുടെ വളർച്ചയ്ക്ക് സഹായകരമോ? സത്യാവസ്ഥയെന്ത്, പരിശോധിക്കാം

ഈ പ്രവര്‍ത്തനങ്ങള്‍ക്കിടയിലാണ് പുലോമജ രണ്ട് ദിവസം അവധി എടുത്ത് മൂകാംബിക, ഉഡുപ്പി ക്ഷേത്രങ്ങളില്‍ ദര്‍ശനത്തിന് പോയത്. ദര്‍ശനത്തിന് ശേഷം മംഗലാപുരം റെയില്‍വേ സ്റ്റേഷനില്‍ നിന്നും മാവേലി എക്‌സിപ്രസിന്‍ മടക്കയാത്ര ചെയ്യുമ്പോള്‍ ഒപ്പം യാത്ര ചെയ്തിരുന്ന കുറച്ച് അധ്യാപകരെ പരിചയപ്പെടാനിടയായി. രാത്രി ഭക്ഷണത്തിന് ശേഷം എല്ലാവരുമായി നാട്ടുകാര്യങ്ങള്‍ സംസാരിച്ചിരിക്കെ ആരോഗ്യ സംബന്ധിയായ ഒരു വിഷയം പങ്കിടാന്‍ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞപ്പോള്‍ എല്ലാവരും താല്‍പര്യം കാണിച്ചു. ആന്റിമൈക്രോബിയല്‍ റെസിസ്റ്റന്‍സ് (എഎംആര്‍) കാലികപ്രസക്തിയുള്ള വിഷയമായതിനാല്‍ അതുതന്നെ തെരഞ്ഞെടുത്തു. വണ്ടിയുടെ ഇരമ്പലിനിടയിലും കഴിയുന്നത്ര ശബ്ദത്തില്‍ ക്ലാസെടുത്തു. എല്ലാവരും ശ്രദ്ധയോടെ, അതിലേറെ അതിശയത്തോടെയാണ് ക്ലാസ് കേട്ടിരുന്നത്. ഇതെന്തന്നറിയാന്‍ മറ്റ് യാത്രക്കാരും ടിടിഇയും ഒപ്പം ചേര്‍ന്നു.

ആന്റിബയോട്ടിക് പോലെയുള്ള മരുന്നുകളുടെ ദുരുപയോഗം ഭാവിയില്‍ ആ രോഗാണുക്കള്‍ക്കെതിരെ ആന്റിബയോട്ടിക്കുകള്‍ പ്രവര്‍ത്തിക്കാത്ത സാഹചര്യത്തിലേക്ക് നയിക്കുമെന്നും വിവേകമില്ലാതെയുള്ള മരുന്ന് ഉപയോഗം വലിയ വിപത്ത് ക്ഷണിച്ചു വരുത്തുമെന്നുമുള്ള അറിവ് മറ്റുള്ളവര്‍ക്ക് കേള്‍ക്കാന്‍ താത്പര്യമേകി. ബാക്ടീരിയ മൂലമുണ്ടാകുന്ന അസുഖങ്ങള്‍ക്ക് മാത്രമാണ് ആന്റിബയോട്ടിക് മരുന്ന് ഫലപ്രദമെന്ന തിരിച്ചറിവ് അവരെ അതിശയപ്പെടുത്തി. കേട്ടിരുന്നവര്‍ ഫോട്ടോകളും വീഡിയോയും എടുക്കുകയും ചെയ്തു. ആ വീഡിയോയാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്.

Also read: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ആദ്യമായി സ്പെക്റ്റ് സിടി സ്‌കാനര്‍ സ്ഥാപിച്ച് ട്രയല്‍ റണ്‍ ആരംഭിച്ചു

മന്ത്രി വീണാ ജോര്‍ജ് പുലോമജയെപ്പറ്റി പറഞ്ഞത് ഇപ്രകാരമാണ്. ‘ശ്രീമതി പുലോമജ പറയുന്നത് എ.എം.ആര്‍. അഥവാ ആന്റിബയോട്ടിക്കുകള്‍ക്കെതിരെ രോഗാണുക്കള്‍ ആര്‍ജിക്കുന്ന പ്രതിരോധത്തിന്റെ അപകടത്തെ കുറിച്ചാണ്, അതിനെതിരെ നാം ഓരോരുത്തരും ചെയ്യേണ്ട കാര്യങ്ങളെ കുറിച്ചാണ്… സമര്‍പ്പണം, ആത്മാര്‍ത്ഥത, ചെയ്യുന്ന പ്രവര്‍ത്തനത്തോടുള്ള ഇഷ്ടം, സാമൂഹിക പ്രതിബദ്ധത. പ്രിയപ്പെട്ട പുലോമജ, നിങ്ങളുടെ പ്രവര്‍ത്തനം ഹൃദയത്തെ സ്പര്‍ശിക്കുന്നതാണ്. അഭിമാനവും സന്തോഷവും പങ്കുവയ്ക്കട്ടെ.’

മന്ത്രി വിളിച്ച് അഭിനന്ദനങ്ങള്‍ അറിയിക്കുകയും യാത്രയെക്കുറിച്ചും ക്ലാസ് എടുക്കാന്‍ ഉണ്ടായ സാഹചര്യത്തെക്കുറിച്ചും വിശദമായി ചോദിച്ചു മനസിലാക്കിയതുമായി പുലോമജ പറഞ്ഞു. ‘വീഡിയോ കണ്ടത് മാഡത്തിന്റെ കണ്ണ് നനയിച്ചു എന്ന് പറഞ്ഞത് എന്നില്‍ അതിശയവും അതിലേറെ അഭിമാനവുമുണ്ടാക്കി. നേരില്‍ കാണാം എന്ന് പറഞ്ഞവസാനിപ്പിച്ച ആ സംഭാഷണം, പ്രവര്‍ത്തന മേഖലയില്‍ ഏറെ ആര്‍ജവത്തോടെ ഇനിയും മുന്നോട്ടുപോകാനുള്ള എന്നിലെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുക തന്നെ ചെയ്തു.’ എന്നാണ് തന്റെ അനുഭവ കുറിപ്പില്‍ പുലോമജ പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News