എഐ ക്യാമറ പദ്ധതിയുമായും എസ്ആര്‍ഐറ്റിയുമായും ബന്ധമില്ലെന്ന് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റി

എഐ ക്യാമറകള്‍ സ്ഥാപിച്ച പദ്ധതിയുമായി ബന്ധപ്പെട്ട ആരോപണത്തില്‍ പരാമര്‍ശിക്കപ്പെട്ട എസ്ആര്‍ഐറ്റി എന്ന കമ്പനിയുമായി ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റിയെ ബന്ധപ്പെടുത്തിയുള്ള പ്രചാരണങ്ങള്‍ വ്യാജമെന്ന് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി. വ്യാജ ആരോപണങ്ങള്‍ ചില വാര്‍ത്താ മാദ്ധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും പങ്കുവയ്ക്കുന്നുണ്ട്. എന്നാല്‍ എഐ ക്യാമറ പദ്ധതിയുമായി ഒരു ബന്ധവും ഇല്ല. സമൂഹമാദ്ധ്യമങ്ങളില്‍ ചിലര്‍ ഉയര്‍ത്തുന്ന ആരോപണങ്ങളില്‍ പറയുന്ന പേരുകാര്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റിയുടെ ഡയറക്ടര്‍മാരുമല്ലെന്ന് യുഎല്‍സിസിഎസ് വ്യക്തമാക്കി.

ബംഗളൂരു ആസ്ഥാനമായ എസ്.ആര്‍.ഐ.റ്റി. (SRIT India Pvt Ltd.) ഒരു ആശുപത്രി സോഫ്റ്റ്‌വെയർ വികസനപദ്ധതി 2016-ല്‍ ഊരാളുങ്കല്‍ സൊസൈറ്റിക്കു നല്കി. ഇതിനായി അന്ന് ഈ രണ്ടു സ്ഥാപനങ്ങളും ചേര്‍ന്ന് സംയുക്തസംരംഭം രൂപവത്ക്കരിച്ചു. അതിന്റെ പേരാണ് ULCCS SRIT. രണ്ടു സ്ഥാപനങ്ങളിലെയും ഡയറക്ടര്‍മാര്‍ അതില്‍ അംഗങ്ങള്‍ ആയിരുന്നു. ULCCS SRITയുടെ ദൗത്യം 2018-ല്‍ അവസാനിക്കുകയും തുടര്‍ന്ന് ആ സംയുക്ത സംരംഭം പിരിച്ചുവിടുകയും ചെയ്തു, ULCCS SRIT ഇപ്പോള്‍ നിലവിലില്ല എന്നുമാണ് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റി പത്രക്കുറിപ്പിലൂടെ വ്യക്തമാക്കിയിരിക്കുന്നത്.

അതേസമയം കമ്പനികളുടെ വിവരങ്ങള്‍ കിട്ടുന്ന zaubacorp.com പോലെയുള്ള ചില വെബ്‌സൈറ്റുകളില്‍ എസ്ആര്‍ഐറ്റി എന്നു തെരഞ്ഞാല്‍ ULCCS SRIT Private Limited എന്ന കമ്പനിയുടെ വിവരംകൂടി വരാറുണ്ട്. അവരുടെ വെബ്‌സൈറ്റ് അപ്‌ഡേറ്റ് ചെയ്യാത്തതുകൊണ്ട് ആ വെബ്സൈറ്റില്‍ ഇപ്പോഴും പഴയ വിവരം കിടക്കുന്നു എന്നുമാത്രം. ഇതു കണ്ടിട്ടാണു പലരും SRIT എന്നു കേള്‍ക്കുന്നിടത്തെല്ലാം ULCCSനെ കൂട്ടിക്കെട്ടാന്‍ മുതിരുന്നത്. SRIT അല്ല ULCCS SRIT. എസ്ആര്‍ഐറ്റി സ്വതന്ത്രമായ അസ്തിത്വമുള്ള സ്വകാര്യ കമ്പനിയാണ്. എന്നാല്‍ എസ്ആര്‍ഐറ്റി പങ്കാളിയായി മുമ്പ് ഉണ്ടായിരുന്ന സംയുക്തസംരംഭമായ ULCCS SRIT ആണ് യഥാര്‍ത്ഥ എസ്ആര്‍ഐറ്റി എന്നു തെറ്റിദ്ധരിപ്പിച്ചാണ് ആരോപണങ്ങള്‍ ഉയര്‍ത്തുന്നതെന്നാണ് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റി വ്യക്തമാക്കുന്നത്.

എസ്ആര്‍ഐറ്റിയുമായോ എഐ ക്യാമറ സ്ഥാപിക്കുന്ന പദ്ധതിയുമായോ യുഎല്‍സിസിഎസിന് ബന്ധവുമില്ല. അതിനാല്‍, ഈ വിഷയത്തില്‍ യുഎല്‍സിസിഎസിനെ ബന്ധപ്പെടുത്തി നടത്തുന്ന ആരോപണങ്ങള്‍ പിന്‍വലിക്കണമെന്നും അത്തരം വാര്‍ത്ത നല്കിയ മാദ്ധ്യമങ്ങള്‍ അതു തിരുത്തി പ്രസിദ്ധീകരിക്കണമെന്നും ഓണ്‍ലൈനില്‍നിന്നടക്കം ആ പരാമര്‍ശങ്ങള്‍ പിന്‍വലിക്കണമെന്നും പത്രക്കുറിപ്പിലൂടെ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റി ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News