ഉമ്മന്‍ചാണ്ടി തൊഴിലാളി ക്ഷേമത്തിനായി കൈക്കൊണ്ട നടപടികളോട് എന്നും കടപ്പെട്ടിരിക്കും: ഊരാളുങ്കൽ സൊസൈറ്റി

കേരളത്തിൻ്റെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ  അനുശോചനം രേഖപ്പെടുത്തി ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോപ്പറേറ്റീവ് സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി. മുഖ്യമന്ത്രി, ധനമന്ത്രി എന്നീ നിലകളിൽ അദ്ദേഹം സഹകരണമേഖലയ്ക്കു പൊതുവിലും ഊരാളുങ്കൽ സൊസൈറ്റിക്കു വിശേഷിച്ചും നല്കിയിട്ടുള്ള പിന്തുണയ്ക്കും തൊഴിൽ മന്ത്രി ആയിരിക്കെ തൊഴിലാളിക്ഷേമത്തിനായി കൈക്കൊണ്ട നടപടികൾക്കും ഊരാളുങ്കൽ സൊസൈറ്റിയും അതിലെ മുഴുവൻ തൊഴിലാളികളും എന്നും കടപ്പെട്ടിരിക്കും.

സൊസൈറ്റിയുടെ കാര്യങ്ങൾക്കായോ കരാർ എടുത്ത നിർമ്മാണങ്ങളുടെ കാര്യങ്ങൾക്കായോ അദ്ദേഹവുമായി സംസാരിക്കേണ്ടിവന്നപ്പോഴൊക്കെ അങ്ങേയറ്റത്തെ അനുഭാവത്തോടും സൗഹൃദത്തോടുമാണ് അദ്ദേഹം ഇടപെട്ടിട്ടുള്ളത്. നടപടിക്രമങ്ങളുടെ കാലതാമസവും അഴിമതിയും ഒഴിവാക്കാനും സമയബന്ധിതമായി പദ്ധതികൾ പൂർത്തിയാക്കാനും ഗുണമേന്മ ഉറപ്പാക്കാനും ആയി സംസ്ഥാനസർക്കാരിൻ്റെ നിർമ്മാണപ്രവൃത്തികൾ ടെൻഡർ കൂടാതെ നല്കാവുന്ന സ്ഥാപനങ്ങളെ നിശ്ചയിച്ച് അവയെ അക്രഡിറ്റ് ചെയ്ത് ഉത്തരവ് ഇറക്കിയതും ഊരാളുങ്കൽ സൊസൈറ്റിയെ അതിൽ ഉൾപ്പെടുത്തിയതും അദ്ദേഹം മുഖ്യമന്ത്രി ആയിരിക്കെ 2015-ൽ ആണ്. ആ കടപ്പാട് എന്നും ഞങ്ങൾക്ക് അദ്ദേഹത്തോട് ഉണ്ടായിരിക്കും.

ALSO READ: മണിപ്പൂരിൽ ഇന്റർനെറ്റ് വിച്ഛേദിച്ചിട്ട് ഇന്നേക്ക് എഴുപത്തിയഞ്ച് ദിവസം , വിഷയത്തിൽ ഇടപെടാനില്ലെന്ന് സുപ്രീം കോടതി

അതേ മന്ത്രിസഭയുടെ കാലത്തു സൊസൈറ്റിയെ കരാർ ഏല്പിച്ച കോഴിക്കോട് ബൈപ്പാസ് നിർമ്മാണം നിശ്ചിതസമയത്തിനും മുമ്പേ പൂർത്തിയാക്കാമോ എന്ന് അദ്ദേഹം ചോദിച്ചതും അദ്ദേഹം ആവശ്യപ്പെട്ടതിനും മുമ്പേ തീർത്തുകൊടുത്തതും അദ്ദേഹവുമായി ബന്ധപ്പെട്ട എക്കാലത്തെയും നല്ല ഓർമ്മയാണ്. കരാർ കാലയളവ് 24 മാസം ആയിരുന്ന ആ നിർമ്മാണം 18 മാസം‌കൊണ്ടു തീർക്കാമോ എന്നായിരുന്നു അദ്ദേഹം ചോദിച്ചത്. 16 മാസം‌കൊണ്ടു തീർക്കാം എന്ന എൻ്റെ മറുപടി കേട്ട അദ്ദേഹത്തിൻ്റെ നിറഞ്ഞ പുഞ്ചിരി ഇപ്പോഴും മനസിലുണ്ട്. നമ്മുടെ തൊഴിലാളികൾ ആ വാഗ്ദാനം പാലിക്കുകയും ചെയ്തു.

ദക്ഷിണേഷ്യയിലെതന്നെ ഏറ്റവും നീളമുള്ള ബോ സ്ട്രിങ് പാലമായ വലിയഴീക്കൽ പാലം നിർമ്മിക്കാൻ ഊരാളുങ്കൽ സൊസൈറ്റിയെ തെരഞ്ഞെടുത്തതും അദ്ദേഹം മുഖ്യമന്ത്രി ആയിരിക്കെ ആണ്. ഒരു മികച്ച ആർക്കിടെക്ചറൽ മാർവെൽ ആയിത്തന്നെ അതു നാടിനു സമർപ്പിക്കാൻ കഴിഞ്ഞത് സൊസൈറ്റിക്കു വലിയ ജനകീയാംഗീകാരം നേടാൻ സഹായിച്ചിട്ടുണ്ട്. അതടക്കം പല പ്രവൃത്തികളും അനുവദിച്ച് സൊസൈറ്റിയിലെ തൊഴിലാളികൾക്കു തൊഴിൽ നല്കാൻ അദ്ദേഹം അനുഭാവപൂർണ്ണമായ സമീപനമാണ് എപ്പോഴും സ്വീകരിച്ചിട്ടുള്ളത്.

ALSO READ: ആദ്യനിയമനത്തിൽ തന്നെ കൈക്കൂലി; സർക്കാർ ഉദ്യോഗസ്ഥ അറസ്റ്റിൽ

രണ്ടുതവണ തൊഴിൽമന്ത്രി ആയിരിക്കെ തൊഴിലാളിക്ഷേമത്തിനായി അദ്ദേഹം കൈക്കൊണ്ട നടപടികൾക്കും കേരളത്തിലെ തൊഴിലാളിസമൂഹത്തോടൊപ്പം ഊരാളുങ്കൽ സൊസൈറ്റിയും അതിലെ മുഴുവൻ തൊഴിലാളികളും എന്നും കടപ്പെട്ടിരിക്കുമെന്നും  ആദരണീയനായ മുൻ മുഖ്യമന്ത്രിക്ക് ഒരിക്കൽക്കൂടി തന്‍റെയും  സൊസൈറ്റിയുടെയും പേരില്‍  ആദരാഞ്ജലി നേരുന്നതായും രമേശൻ പാലേരി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News