സമൂഹത്തിന്റെ ശരി തെറ്റുകളെ പൊളിച്ചെഴുതുക എന്നത് എളുപ്പമല്ല. പക്ഷെ കലയുടെ ജനപ്രീതി പല കാലങ്ങളിൽ ഇത്തരമൊരു മുന്നേറ്റത്തിന് വഴിയൊരുക്കിയിട്ടുണ്ട്. ഉള്ളൊഴുക്കിലൂടെ കടലെന്ന് നമ്മൾ കരുതിയ ചില തറവാട്ട് മഹിമകളെ തിരുത്തുകയും യാഥാർഥ്യത്തെയും സ്നേഹത്തെയും അവിടെ സ്ഥാപിക്കുകയുമാണ് ക്രിസ്റ്റോ ടോമി.
ലാപതാ ലേഡീസിനെ മറികടന്ന് ‘സിനിസ്ഥാന്‍ ഇന്ത്യ’ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ തിരക്കഥ, നീണ്ട ഇടവേളക്ക് ശേഷം പാർവതി തിരുവോത്ത് ഉർവശി എന്നിവരുടെ ശക്തമായ രണ്ടു സ്ത്രീ കഥാപാത്രങ്ങൾ, ജോളിയുടെ ജീവിതകഥ പറഞ്ഞ കറി ആൻഡ് സയനൈഡിന്റെ സംവിധായകൻ ക്രിസ്റ്റോ ടോമിയുടെ സംവിധാനം, ഇങ്ങനെ ഉള്ളൊഴുക്ക് കാണാൻ കാരണങ്ങൾ ഏറെയായിരുന്നു. പേര് പോലെ തന്നെ മനുഷ്യന്റെ മാനസിക സംഘർഷങ്ങളിലേക്ക് ആഴ്ന്നിറങ്ങുന്ന ഒരു സിനിമയാണ് ഉള്ളൊഴുക്ക്. ചിത്രത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട പോസിറ്റീവ് ഉർവശി എന്ന ‘ജം’ തന്നെയാണ്. ഇത്രത്തോളം വ്യത്യസ്തമായ വേഷങ്ങൾ കൈകാര്യം ചെയ്യുന്ന ഒരു നടി, ഏതൊരു മനുഷ്യനെയും അഭിനയം കൊണ്ട് തന്റെ പക്ഷത്ത് നിർത്താൻ പ്രേരിപ്പിക്കുന്ന ഒരു നടി മലയാളത്തിൽ എന്നല്ല ലോകത്തിൽ തന്നെ ഒന്നേയുള്ളൂ.
സിനിമയിൽ പലയിടത്തും ഉർവശി പാർവതി കോമ്പിനേഷൻ സീനുകൾ എല്ലാം ഒരു രക്ഷയും ഉണ്ടായിരുന്നില്ല..അത്രത്തോളം ഇമോഷണലി പ്രേക്ഷനെ കണക്റ്റ് ചെയ്യുന്നതിൽ ഉള്ളൊഴുക്ക് പൂർണമായും വിജയിക്കുന്നുണ്ട്. കൃത്യവും വ്യക്തവുമായ തിരക്കഥ തന്നെയാണ് ഉള്ളൊഴുക്കിന്റെത് സംവിധാനത്തിലെ മികവ് കൊണ്ട് ക്രിസ്റ്റോ അതിനെ കുറേക്കൂടി ഗംഭീരമാക്കുകയാണ്. കുടുംബം എന്ന വ്യവസ്ഥിതിയെ സംരക്ഷിക്കാൻ പല സത്യങ്ങളും മൂടി വെക്കുന്നവരാണ് പൊതുവെ സ്ത്രീകൾ. തുല്യതയില്ലാത്ത, തുറന്നു പറച്ചിലുകൾക്ക് ഇടമില്ലാത്ത വീടകങ്ങളിൽ സ്ത്രീകൾ സ്വന്തം സ്വപ്നങ്ങൾക്ക് പിറകെ പോകാൻ കഴിയാതെ വരികയും ആകെ സമ്പത്തെന്ന് തെറ്റിദ്ധരിക്കുന്ന കുടുംബം നിലനിർത്താൻ അവർ പോരാടുകയും ചെയ്യും. തലമുറകൾ മാറുമ്പോൾ ഈ പോരാട്ടം സ്വന്തം മക്കൾക്കെതിരെ തന്നെ തുടരേണ്ടി വരും…അതുകൊണ്ട് തന്നെ ഉള്ളൊഴുക്ക് രണ്ട് തലമുറകൾ തമ്മിലുള്ള രണ്ടു സ്ത്രീകൾ തമ്മിലുള്ള ആശയപരമായ യുദ്ധം കൂടിയാണ്.
ഉള്ളൊഴുക്കിന്റെ താളത്തിനൊത്ത സുഷിന് ശ്യാമിന്റെ സംഗീതവും, മഴക്കാലങ്ങളിൽ കുട്ടനാടിൻ്റെ താഴ്ന്ന പ്രദേശങ്ങളിലേക്ക് ദുരിതമായെത്തുന്ന വെള്ളപ്പൊക്കവും അതേ തുടർന്നുണ്ടാകുന്ന മനുഷ്യരുടെ ആശങ്കകകളുമെല്ലാം സ്‌ക്രീനിൽ നിറച്ച ഷെഹനാദ് ജലാലിന്റെ ക്യാമറയും ഉള്ളൊഴുക്കിന്റെ ഭംഗി കൂട്ടുന്നു. സിനിമയിൽ പറഞ്ഞാൽ തീരാത്തത് ഉർവശിയുടെ അഭിനയത്തെ കുറിച്ച് തന്നെയാണ്. സന്തോഷം സ്നേഹം സങ്കടം ദേഷ്യം അങ്ങനെ രണ്ടു മണിക്കൂറിൽ മാറി മറിയുന്നത് നിരവധി ഭാവങ്ങളാണ്. ശബ്ദത്തിന്റെ മോഡുലേഷനിൽ പോലും അവർ കാണിക്കുന്ന മാന്ത്രികത ഇതുവരെ ഒരു നടിയിലും ഞാൻ കണ്ടിട്ടില്ല. പലയിടത്തും പാർവതിക്ക് മുകളിൽ പെർഫോമൻസ് കൊണ്ട് ഉർവശി മികച്ചു നിൽക്കുന്നു.
ചിത്രത്തിൽ പർവതിയുടെ പങ്കാളിയായി വന്ന പ്രശാന്ത് മുരളി പതിവ് പോലെ തന്നെ തന്റെ കഥാപാത്രത്തെ ആഴമുള്ളതാക്കിയിട്ടുണ്ട്. പാർവതിയുടെ അമ്മയായി അഭിനയിച്ച ജയാ കുറുപ്പ് സിനിമയുടെ അവസാന ഘട്ടങ്ങളിൽ എല്ലാം തന്നെ ഉള്ളൊഴുക്ക് തന്റേത് കൂടിയാക്കി മാറ്റുന്നുമുണ്ട്. അലന്സിയർ, അർജുൻ രാധാകൃഷ്ണൻ എന്നിവർ തങ്ങളുടെ വേഷങ്ങളും ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട്.
എവിടെ പെണ്ണുങ്ങൾ എന്ന് ചോദിച്ചവർക്കുള്ള മറുപടി കൂടിയാണ് ഉള്ളൊഴുക്ക്. സ്ത്രീ കേന്ദ്രീകൃത ചിത്രങ്ങൾ പുറത്തുവരുന്നില്ല എന്ന ആശങ്കകൾക്ക് ഒരുപാടൊന്നും വേണ്ട ഇതുപോലെ മികച്ച സിനിമകൾ മാത്രം എപ്പോഴെങ്കിലും ഉണ്ടായാൽ മതിയെന്ന മറുപടി തന്നെയാണുള്ളത്. നായകൻറെ കഥാപാത്രത്തെ പൂര്ണമാക്കാൻ വേണ്ടി മാത്രം ഒരു സിനിമയിലും ഒരു നായിക വേണമെന്നില്ല. ശക്തമായ തുല്യമായ പ്രധാന്യമുള്ള കഥകളിൽ മാത്രം മതി നായികമാർ. ഉള്ളൊഴുക്ക് എന്റെ ആ ചിന്തയെ കൂടിയാണ് ശക്തമാക്കുന്നത്. നന്ദി ക്രിസ്റ്റോ ഇത്തരത്തിൽ ഒരു ചിത്രം തന്നതിന്, നന്ദി ഉർവശി, പാർവതി സമൂഹത്തിന്റെ ജീര്ണതകളെ പൊളിച്ചെഴുതുന്ന ഉള്ളൊഴുക്ക് പോലൊരു സിനിമയിൽ ജീവിച്ചതിന്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here