ഇന്ത്യൻ സിനിമയിലെ തന്നെ ക്ലാസിക് ചിത്രമായ പഥേർ പാഞ്ചാലിയിലെ ദുർഗ എന്ന കഥാപാത്രം ചെയ്ത നടി ഉമാ ദാസ് ഗുപ്ത അന്തരിച്ചു. സത്യജിത്ത് റായ് ആണ് പഥേർ പാഞ്ചാലി സംവിധാനം ചെയ്തത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി അർബുദം ബാധിച്ച് ചികിത്സയിലായിരുന്നു ഉമാ ദാസ് ഗുപ്ത. ആനന്ദ് ബസാർ പത്രികയിലൂടെയാണ് നടിയുടെ ബന്ധുവും നടനും രാഷ്ട്രീയനേതാവുമായ ചിരഞ്ജീത് ചക്രബർത്തി ഇക്കാര്യം അറിയിച്ചത്.
ഇന്ന് രാവിലെ എട്ടുമണിയോടെയാണ് ഉമാ ദാസ്ഗുപ്തയുടെ മരണം സംഭവിച്ചത്. അർബുദം സ്ഥിരീകരിച്ചതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചുവർഷങ്ങളായി ചികിത്സയിലായിരുന്നു. ഇടക്കാലത്ത് മരുന്നുകളോട് ശരീരം നന്നായി പ്രതികരിച്ചിരുന്നു, എങ്കിലും വീണ്ടും രോഗം അവരെ പിടികൂടുകയായിരുന്നു. വിദഗ്ധ ചികിത്സയ്ക്കായി കൊൽക്കത്തയിലെ ഒരു പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിച്ച ഉമ അവിടെവെച്ചുതന്നെ മരിക്കുകയായിരുന്നു. ഇന്ന് വൈകിട്ടോടെ തന്നെ സംസ്കാരം നടത്തുമെന്നും കുടുംബം അറിയിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഉമാ ദാസ് ഗുപ്ത വളരെ ചെറുപ്പത്തിൽ തന്നെ തിയേറ്റർ രംഗത്തേക്ക് വന്നയാളാണ്. ഉമ പഠിച്ചിരുന്ന സ്കൂളിലെ പ്രധാനാധ്യാപകൻ സംവിധായകനായ സത്യജിത് റായിയുടെ അടുത്ത സുഹൃത്തായിരുന്നു. ഈ അധ്യാപകനിലൂടെ റായ് ദുർഗ എന്ന വേഷത്തിലേക്ക് ഉമയെ തെരഞ്ഞെടുക്കുകയായിരുന്നു പഥേർ പാഞ്ചാലിക്കുശേഷം വളരെക്കുറച്ച് ചിത്രങ്ങളിലാണ് ഉമ പിന്നീട് വേഷമിട്ടത്.
ബിഭൂതിഭൂഷൺ ബന്ദോപാധ്യായയുടെ ഇതേ പേരിൽ 1929-ൽ പുറത്തിറങ്ങിയ നോവലിനെ അടിസ്ഥാനമാക്കിയായിരുന്നു സത്യജിത്ത് റായ് പഥേർ പാഞ്ചാലിയെന്ന ചിത്രമൊരുക്കിയത്. റായിയുടെ ആദ്യസംവിധാന സംരംഭവുമായിരുന്നു ഈ ചിത്രം. ഉമാ ദാസ് ഗുപ്തയെ കൂടാതെ, സുബിർ ബാനർജി, കനു ബാനർജി, കരുണ ബാനർജി, പിനാകി സെൻഗുപ്ത, ചുനിബാല ദേവി എന്നിവരും പഥേർ പാഞ്ചാലിയിൽ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരുന്നു.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here