സ്റ്റേഡിയത്തിലെ സ്റ്റേജിൽ നിന്നും വീണ് തൃക്കാക്കര എംഎൽഎ ഉമാ തോമസിന് പരുക്കേറ്റ സംഭവത്തിൽ പൊലീസ് കേസടുത്തു. ഇന്നലെ കൊച്ചി സ്റ്റേഡിയത്തിൽ പരിപാടി സംഘടിപ്പിച്ച സംഘാടകർക്കെതിരെയാണ് പൊലീസ് നടപടി.
സ്റ്റേജ് നിർമ്മാണത്തിലെ അപാകതയ്ക്കെതിരെ പാലാരിവട്ടം പൊലീസാണ് കേസെടുത്തത്.സംഭവത്തിൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു.
കലൂർ ജവഹർലാൽ നെഹ്റു ഇന്‍റർനാഷണൽ സ്റ്റേഡിയത്തിന്‍റെ വിഐപി ഗാലറിയിൽ നിന്ന് വീണാണ് ഉമ തോമസ് എംഎൽഎയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. ലോക റെക്കോർഡ് നേട്ടം ലക്ഷ്യമിട്ട് ദിവ്യ ഉണ്ണിയുടെ നേതൃത്വത്തിൽ 12000 നർത്തകർ അണിനിരന്ന നൃത്ത പരുപാടി തുടങ്ങാനിരിക്കെയായിരുന്നു അപകടം.ഗ്യാലറിയുടെ മുകളിൽ നിന്നും 20 അടിയോളം താഴെയ്ക്ക് തെറിച്ചു വീണാണ് പരിക്കേറ്റത്.
കോൺക്രീറ്റിൽ തലയടിച്ചാണ് വീണതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. എംഎൽഎയുടെ തലക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. മുറിവിൽ നിന്ന് ധാരാളം രക്തം വാർന്നു പോയെന്നാണ് ആശുപത്രിയിൽ നിന്ന് ലഭിക്കുന്ന പ്രാഥമിക വിവരം. വീഴ്ചയിൽ ഉമാ തോമസ് എംഎൽഎയ്ക്ക് ബോധം നഷ്ടപ്പെട്ടിരുന്നു.
എംഎല്‍എയുടെ ചികിത്സയുമായി ബന്ധപ്പെട്ട മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്ത് വന്നിരുന്നു. ആശുപത്രിയിലെത്തുമ്പോൾ അബോധാവസ്ഥയിലായിരുന്ന അവരുടെ ജിസിഎസ് സ്കോർ 8 ആയിരുന്നെന്ന് ബുള്ളറ്റിനിൽ പറയുന്നു. നിലവിൽ രോഗി തീവ്ര പരിചരണവിഭാഗത്തിൽ കൂടുതൽ പരിശോധനകൾക്കും ചികിത്സക്കും വിധേയയായിക്കൊണ്ടിരിക്കുകയാണ്. തലയുടെ പരിക്ക് ഗുരുതരമാണെങ്കിൽകൂടി അടിയന്തര ശസ്ത്രക്രിയയുടെ ആവശ്യമില്ലെന്ന് ഡോ. മിഷാൽ ജോണി മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.
പരിപാടിയിൽ പങ്കെടുക്കാൻ മന്ത്രി സജി ചെറിയാനും എത്തിയിരുന്നു. പരിപാടി തുടങ്ങാറായപ്പോഴാണ് എംഎൽഎ എത്തിയത്. മന്ത്രിയെ കണ്ട ശേഷം തന്‍റെ ഇരിപ്പിടത്തിലേക്ക് നീങ്ങിയിരിക്കാനായി പോകുമ്പോൾ, ഗാലറിയിൽ താത്കാലികമായി കെട്ടിയ ബാരിക്കേഡിൽ നിന്ന് മറിഞ്ഞ് താഴേക്ക് വീഴുകയായിരുന്നു. സന്നദ്ധ പ്രവർത്തകർ ഉടൻ തന്നെ സ്റ്റേഡിയത്തിന് പുറത്തുണ്ടായിരുന്ന ആംബുലൻസിൽ കയറ്റി എംഎൽഎയെ ആശുപത്രിയിലേക്ക് മാറ്റി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here