ഡിസിസി ഓഫീസിലെ കയ്യാങ്കളി; ഗ്രൂപ്പ് പോര് രൂക്ഷമാകുന്നു, പ്രസിഡൻ്റിനെതിരെ ഉമ തോമസ് എംഎൽഎയുടെ പരാതി

എറണാകുളം ഡി സി സി ഓഫീസിലെ കയ്യാങ്കളിയുമായി ബന്ധപ്പെട്ട് ഗ്രൂപ്പ് പോര് രൂക്ഷമാകുന്നു. ഡി സി സി പ്രസിഡൻ്റിനെതിരെ ഉമ തോമസ് എം എൽ എ , എ ഐ സി സി യ്ക്കും കെ പി സി സി അച്ചടക്ക സമിതിക്കും പരാതി നൽകി. ഇതിനിടെ കഴിഞ്ഞ ദിവസം ചേർന്ന ഡി സി സി നേതൃയോഗം ‘എ’ വിഭാഗം ബഹിഷ്ക്കരിച്ചു.

ALSO READ: ഉത്തരേന്ത്യയില്‍ അതി ശൈത്യം കടുക്കുന്നു, ജനജീവിതം പ്രതിസന്ധിയിൽ, ട്രെയിനുകൾ വൈകി ഓടുന്നു

തന്നെ അവഗണിച്ച് തൃക്കാക്കര മണ്ഡലത്തിൽ കോൺഗ്രസ് ഭാരവാഹികളെ തുടർച്ചയായി ഡി സി സി പ്രസിഡൻ്റ് മാറ്റുന്നുവെന്നാണ് ഉമാ തോമസ് എംഎൽഎയുടെ പരാതി. വനിത എംഎൽഎ എന്ന പരിഗണനപോലുമില്ലാതെ തുടർച്ചയായി തന്നെ അവഹേളിക്കുംവിധം തന്നോട് ആലോചിക്കാതെ മണ്ഡലത്തിലെ ഭാരവാഹികളെ മാറ്റുകയാണെന്നും എം എൽ എ യുടെ പരാതിയിൽ പറയുന്നു. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, എ കെ ആൻ്റണി, രമേശ് ചെന്നിത്തല, കെ സുധാകരൻ, വി ഡി സതീശൻ എന്നിവർക്കും കെ പി സി സി അച്ചടക്ക സമിതിക്കുമാണ് ഉമാ തോമസ് പരാതി നൽകിയിരിക്കുന്നത്.ഡി സി സി ഓഫീസിൽ ചെന്നു പരാതി പറഞ്ഞ തന്നോട് ഡി സി സി പ്രസിഡൻ്റ് പിന്നീട് ഫോണിൽ അധിക്ഷേപിച്ചു സംസാരിച്ചതായും എം എൽ എ നേതാക്കൾക്ക് നൽകിയ പരാതിയിലുണ്ട്. കേരളത്തിൻ്റെ ചുമതലയുള്ള എ ഐ സി സി ജനറൽ സെക്രട്ടറി ദീപദാസ് മുൻഷിയെ നേരിൽ കണ്ട് പരാതി നൽകാനും നീക്കമുണ്ട്.

തൃക്കാക്കര ബ്ലോക്ക് പ്രസിഡൻ്റ് സ്ഥാനം തന്നോട് ചർച്ച ചെയ്യാതെ ഡി സി സി പ്രസിഡൻറ് എ ഗ്രൂപ്പിൽ നിന്ന് തട്ടിയെടുത്ത് ഐ ഗ്രൂപ്പിനു നൽകിയതും തൃക്കാക്കര ഈസ്റ്റ് മണ്ഡലം പ്രസിഡൻ്റിനെയും എടച്ചിറ ബൂത്ത് പ്രസിഡൻ്റിനെയും മാറ്റിയതും പരാതിയിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. പി ടി തോമസ് എംഎൽഎ ആയിരിക്കെ തൃക്കാക്കര ബ്ലോക്ക് പ്രസിഡൻ്റ് സ്ഥാനം എ ഗ്രൂപ്പിനായിരുന്നു. എന്നാൽ ഇത്തവണ തൻ്റെ എതിർപ്പ് മറികടന്ന് ഐ ഗ്രൂപ്പിലെ റാഷിദ് ഉള്ളമ്പിള്ളിയെ നിയമിച്ചു. എടച്ചിറ ബൂത്ത് പ്രസിഡൻ്റ് പി എസ് നൗഷാദിനെ ബ്ലോക്ക് പ്രസിഡൻ്റ് കയ്യേറ്റം ചെയ്തിട്ടും ഒരു നടപടിയും ഉണ്ടായില്ലെന്നു മാത്രമല്ല, ബൂത്ത് പ്രസിഡൻ്റിനെയാണ് സസ്പെൻഡ് ചെയ്തത്.

ALSO READ: ഉദ്യോഗാർത്ഥികളെ വഞ്ചിച്ച് കേന്ദ്ര സർക്കാർ, റെയിൽവെയിലും റവന്യു വകുപ്പിലും തപാൽ വകുപ്പിലും 9 ലക്ഷത്തിലധികം ഒഴിവുകൾ

ഏറ്റവുമൊടുവിൽ തൃക്കാക്കര ഈസ്റ്റ് മണ്ഡലം പ്രസിഡൻ്റ് എ ഗ്രൂപ്പിലെ എം എസ് അനിൽകുമാറിനെ നവകേരള സദസ്സ് ആലോചന യോഗത്തിൽ പങ്കെടുത്തതിന് സസ്പെൻഡ് ചെയ്തപ്പോൾ വൈസ് പ്രസിഡൻ്റിന് ചുമതല നൽകാതെ ഐ ഗ്രൂപ്പുകാരനായ ബാബു ആൻ്റണിയെ ഡിസിസി പ്രസിഡൻറ് നിയമിച്ചു. ഈ നടപടി പുന:പരിശോധിക്കണം- എന്നിങ്ങനെയാണ് എം എൽ എ പരാതിയിൽ ഉന്നയിച്ചിരിക്കുന്നത്. ബെന്നി ബഹനാൻ എംപി ഉൾപ്പെടെ ജില്ലയിലെ മുതിർന്ന എ ഗ്രൂപ്പ് നേതാക്കളുമായി ആലോചിച ശേഷമാണ് ഉമ തോമസ് പരാതി നൽകിയതെന്നാണ് വിവരം. തൃക്കാക്കരയിലെ മറ്റ് എ ഗ്രൂപ്പ് നേതാക്കളും കെ പി സി സി പ്രസിഡൻ്റിനും അച്ചടക്ക സമിതിക്കും എ ഐ സി സി ക്കും ഇതേ പ്രശ്നം ഉന്നയിച്ച് പരാതി നൽകിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here