കൊച്ചി കലൂര്‍ സ്റ്റേഡിയത്തിന്‍റെ ഗാലറിയിൽ നിന്നുള്ള വീഴ്ചയെ തുടര്‍ന്ന് പരിക്കേറ്റ ഉമാ തോമസ് എംഎല്‍എയുടെ ചികിത്സയുമായി ബന്ധപ്പെട്ട മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്ത്. ആശുപത്രിയിലെത്തുമ്പോൾ അബോധാവസ്ഥയിലായിരുന്ന അവരുടെ ജിസിഎസ് സ്കോർ 8 ആയിരുന്നെന്ന് ബുള്ളറ്റിനിൽ പറയുന്നു. നിലവിൽ രോഗി തീവ്ര പരിചരണവിഭാഗത്തിൽ കൂടുതൽ പരിശോധനകൾക്കും ചികിത്സക്കും വിധേയയായിക്കൊണ്ടിരിക്കുകയാണ്. തലയുടെ പരിക്ക് ഗുരുതരമാണെങ്കിൽകൂടി അടിയന്തര ശസ്ത്രക്രിയയുടെ ആവശ്യമില്ലെന്ന് ഡോ. മിഷാൽ ജോണി അറിയിച്ചു.
മെഡിക്കൽ ബുള്ളറ്റിൻ പൂർണരൂപം:
കലൂർ ഇന്റർനാഷണൽ സ്‌റ്റേഡിയത്തിൽ വച്ചുണ്ടായ ഉയരത്തിൽ നിന്നുള്ള വീഴ്‌ചയെത്തുടർന്നാണ് ഉമാ തോമസിനെ റിനൈ മെഡിസിറ്റിയുടെ അത്യാഹിത വിഭാഗത്തിലേക്ക് എത്തിക്കുന്നത്. ആശുപത്രിയിലെത്തുമ്പോൾ അബോധാവസ്ഥയിലായിരുന്ന അവരുടെ ജി.സി.എസ് സ്കോർ 8 ആയിരുന്നു. അടിയന്തിരമായി രോഗിയെ വെൻ്റിലേറ്ററിലേക്ക് മാറ്റുകയും എക്‌സ് റേ, സി. ടി സ്‌കാൻ എന്നിവയടക്കമുളള വിദഗ്ദ പരിശോധനകൾക്ക് വിധേയയാക്കുകയും ചെയ്‌തു. സി. ടി സ്‌കാനിൽ തലക്ക് Grade 2 Diffuse Axonal injury ഉള്ളതായി കണ്ടെത്തി. കൂടാതെ സെർവിക്കൽ സ്പൈനിലും പരിക്കുകൾ കണ്ടെത്തി. വീഴ്‌ച യുടെ ആഘാതത്തിൽ മുഖത്തും വാരിയെല്ലുകൾക്കും ഒടിവുകൾ സംഭവിക്കുകയും ചെയ്‌തിട്ടുള്ളതിനാൽ ശ്വാസകോശത്തിൽ രക്തസ്രാവമുണ്ടാകുകയും ചെയ്തിട്ടുണ്ട്.
റിനൈ മെഡിസിറ്റിയിലെ ന്യൂറോ സർജൻ ഡോ. മിഷാൽ ജോണി, ഓർത്തോപീഡിക് സർജറി വിഭാഗത്തിലെ ഡോ. ബാബു ജോസഫ്, ഡോ. ജെസ്സീൽ, ജനറൽ ആൻറ് ലാപ്പറോസ്കോപ്പിക് സർജറി വിഭാഗത്തിലെ ഡോ. രാഹുൽ ചന്ദ്രൻ, കാർഡിയോളജിസ്‌റ്റ് ഡോ രഞ്ജുകുമാർ ബി. സി, ഒഫ്‌താൽമോളജി വിഭാഗത്തിലെ ഡോ. രേഖ ജോർജ്ജ്, ഇ.എൻ.ടി സർജൻ ഡോ. പൂജ പ്രസാദ്, ക്രിട്ടിക്കൽ കെയർ സ്പെഷ്യലിസ്റ്റ് ഡോ. ഗൗതം ചന്ദ്രൻ, പ്ലാസ്റ്റിക് സർജൻ ഡോ, മധു കെ. എസ്, മെഡിക്കൽ ഡയറക്ടറും ഇൻ്റേണൽ മെഡിസിൻ സ്പെഷ്യലി സ്റ്റുമായ ഡോ. കൃഷ്ണനുണ്ണി പോളക്കുളത്ത് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് രോഗിയെ ചികിത്സിക്കു ന്നത്.
നിലവിൽ രോഗി തീവ്ര പരിചരണവിഭാഗത്തിൽ കൂടുതൽ പരിശോധനകൾക്കും ചികിത്സക്കും വിധേയയാ യിക്കൊണ്ടിരിക്കുകയാണ്. തലയുടെ പരിക്ക് ഗുരുതരമാണെങ്കിൽകൂടി അടിയന്തിര ശസ്ത്രക്രിയയുടെ ആവശ്യമില്ലെന്ന് ഡോ. മിഷാൽ ജോണി അറിയിച്ചു. പ്രാഥമികമായി എടുത്ത സി.ടി സ്‌കാനിൽ അസ്ഥികൾക്ക് ഗുരുതരമായ ഒടിവുകൾ ഇല്ലെന്നാണ് കണ്ടെത്തിയിട്ടുള്ളത്. മുറിവുകൾക്ക് തുന്നലുകളുൾപ്പെടെയുള്ള ചികിത്സകൾക്ക് ശേഷം തീവ്രപരിചരണവിഭാഗത്തിലുള്ള രോഗിയുടെ പുരോഗതി 24 മണിക്കൂർ നേരത്തെ നിരീക്ഷണത്തിന് ശേഷമേ പറയുവാൻ സാധിക്കുകയുള്ളൂ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here