കലൂർ ജവഹർലാൽ നെഹ്റു ഇന്‍റർനാഷണൽ സ്റ്റേഡിയത്തിന്‍റെ വിഐപി ഗാലറിയിൽ നിന്ന് വീണ തൃക്കാക്കര എംഎൽഎ ഉമാ തോമസ് വെന്‍റിലേറ്ററിൽ തുടരുന്നു. ഗ്യാലറിയുടെ മുകളിൽ നിന്നും 20 അടിയോളം താഴെയ്ക്ക് തെറിച്ചു വീണാണ് പരുക്കേറ്റത്. തലയ്ക്കും, വാരിയെല്ലിനും, ശ്വാസകോശത്തിനും പരിക്കേറ്റതായി ഡോക്ടർമാർ അറിയിച്ചു. രക്ത സ്രാവം നിയന്ത്രണ വിധേയമാണെന്നും അടിയന്തര ശസ്ത്രക്രിയയുടെ ആവശ്യമില്ലെന്നും അറിയിച്ചിട്ടുണ്ട്.
24 മണിക്കൂർ നിരീക്ഷണത്തിലാണ് നിലവിൽ ഉമാ തോമസ്. അതേസമയം ഉമാ തോമസിനെ ചികിത്സിക്കാൻ പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ ആരോഗ്യമന്ത്രി വീണാ ജോർജ് നിർദ്ദേശിച്ചു. ഉമാ തോമസിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച് മന്ത്രി ഡോക്ടർമാരുമായി സംസാരിച്ചു.
ALSO READ; കലൂർ സ്റ്റേഡിയത്തിലെ ഗാലറിയിൽ നിന്നും താഴെ വീണ് ഉമാ തോമസ് എംഎൽഎക്ക് ഗുരുതര പരിക്ക്
ആദ്യം ബോധമുണ്ടായിരുന്നെങ്കിലും പിന്നീട് ബോധം നഷ്ടമായിരുന്നു. തലയ്ക്കും ശ്വാസകോശത്തിനു മേറ്റ പരുക്ക് സാരമുള്ളതാണ്. ആരോഗ്യനില തൃപ്തികരമെന്ന് പറയാനാകില്ലെന്നും കൊച്ചി റിനൈ മെഡിസിറ്റിയിലെ ഡോക്ടർമാർ പറഞ്ഞു. ബോധം, പ്രതികരണം, ഓർമ്മയെ ഒക്കെ ബാധിക്കാവുന്ന ക്ഷതങ്ങളാണ് ഏറ്റിട്ടുള്ളത്. പെട്ടെന്ന് ഭേദമാകുന്ന പരുക്കുകളല്ല ഉണ്ടായിരിക്കുന്നതെന്നും ഡോക്ടർമാർ പറഞ്ഞു. മന്ത്രി സജി ചെറിയാനും കോൺഗ്രസ് നേതാക്കളും അടക്കമുള്ളവർ ആശുപത്രിയിലെത്തിയിട്ടുണ്ട്.
ലോക റെക്കോർഡ് നേട്ടം ലക്ഷ്യമിട്ട് ദിവ്യ ഉണ്ണിയുടെ നേതൃത്വത്തിൽ 12000 നർത്തകർ അണിനിരന്ന നൃത്ത പരുപാടി തുടങ്ങാനിരിക്കെയായിരുന്നു അപകടം. പരിപാടി തുടങ്ങാറായപ്പോഴാണ് എംഎൽഎ എത്തിയത്. മന്ത്രിയെ കണ്ട ശേഷം തന്‍റെ ഇരിപ്പിടത്തിലേക്ക് നീങ്ങിയിരിക്കാനായി പോകുമ്പോൾ, ഗാലറിയിൽ താത്കാലികമായി കെട്ടിയ ബാരിക്കേഡിൽ നിന്ന് മറിഞ്ഞ് താഴേക്ക് വീഴുകയായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here