സുഡാനില്‍ നിന്ന് എട്ട് ലക്ഷം പേര്‍ പലായനം ചെയ്യാന്‍ സാധ്യതയെന്ന് യുഎന്‍

മിലിട്ടറിയും പാരാ മിലിട്ടറിയും തമ്മിലുള്ള യുദ്ധത്തില്‍ സുഡാനില്‍ നിന്ന് എട്ട് ലക്ഷം പേര്‍ പലായനം ചെയ്യാന്‍ സാധ്യതയെന്ന് യുഎന്‍. 528 പേര്‍ കൊല്ലപ്പെടുകയും 4600 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത യുദ്ധത്തില്‍ വെടിനിര്‍ത്തല്‍ കരാറുകളും ഇതുവരെയും പ്രാവര്‍ത്തികമായിട്ടില്ല.

കഴിഞ്ഞ ഏപ്രില്‍ 15ന് സുഡാനില്‍ തെരുവുയുദ്ധമായി പരിണമിച്ച സൈനിക- അര്‍ദ്ധ സൈനിക സംഘര്‍ഷം നൂറുകണക്കിന് പേരെ കൊലപ്പെടുത്തിയും ആയിരക്കണക്കിന് പേരെ ജീവച്ഛവങ്ങളാക്കിയും തുടരുകയാണ്. ഖാര്‍ത്തൂമിന്റെ പരിസര പ്രദേശങ്ങളെ കശക്കിയെറിഞ്ഞ യുദ്ധം നിലവില്‍ ദാര്‍ഫറിലാണ് തുടരുന്നത്.

കഴിഞ്ഞ ഞായറാഴ്ച വെടിനിര്‍ത്തല്‍ 72 മണിക്കൂര്‍ നേരത്തേക്ക് തുടരാമെന്ന് സൈനിക- അര്‍ദ്ധ സൈനിക തലവന്മാര്‍ വ്യക്തമാക്കിയിരുന്നുവെങ്കിലും കരാറുകള്‍ക്ക് നിരക്കാത്ത പോരാട്ടമാണ് തെരുവില്‍ തുടരുന്നത്. വെടിനിര്‍ത്തല്‍ സമയത്ത് സൗദിയെ കൂടി പങ്കെടുപ്പിച്ച് യുദ്ധം അവസാനിപ്പിക്കാനുള്ള ചര്‍ച്ചകള്‍ തുടരാമെന്ന യുഎന്‍ മോഹങ്ങളും പൊലിഞ്ഞു.

നാലര കോടി മനുഷ്യര്‍ ജീവിക്കുന്ന സുഡാനില്‍ യുദ്ധമൂലം 8,15,000 പേര്‍ക്ക് പലായനം ചെയ്യേണ്ടി വരുമെന്നാണ് ഐക്യരാഷ്ട്രസഭയുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇതില്‍ സുഡാനിലുണ്ടായിരുന്ന രണ്ടര ലക്ഷം വിദേശ പൗരന്മാരും ഉണ്ടാകും. വിദേശ രാജ്യങ്ങള്‍ സ്വന്തം പൗരന്മാര്‍ പരമാവധി പേരെ കടല്‍ കടത്തിക്കഴിഞ്ഞു. ബാക്കിയുള്ളവരെയും രക്ഷപ്പെടുത്താനുള്ള പരിശ്രമം തുടരുകയാണ്.

യുദ്ധം മൂലം പലായനം ചെയ്യാന്‍ സാധ്യതയുള്ള സുഡാന്‍ പൗരന്മാരില്‍ 75,000 പേര്‍ അയല്‍രാജ്യങ്ങളിലേക്ക് രക്ഷപ്പെട്ടു കഴിഞ്ഞുവെന്നും യുഎന്‍ പ്രതിനിധി റൗഫ് മാസോ പറയുന്നുണ്ട്. അയല്‍ രാജ്യങ്ങളായ ഈജിപ്തിലേക്കും ചാഡിലേക്കും സൗത്ത് സുഡാനിലേക്കും എത്യോപ്യയിലേക്കുമെല്ലാം സുഡാന്‍ ജനത കയ്യില്‍ കിട്ടിയതുമെടുത്ത് രക്ഷപ്പെടുകയാണ്. യുദ്ധമുനമ്പില്‍ നിന്ന് വഞ്ചികള്‍ ഉപയോഗിച്ച് ചെങ്കടല്‍ കടന്ന് സൗദി അറേബ്യയിലെത്താനും ചിലര്‍ ശ്രമിക്കുന്നുണ്ട്. സുഡാനില്‍ തുടരുന്നവര്‍ക്ക് വൈദ്യുതിയും വെള്ളവും പോയിട്ട് മൂന്ന് നേരത്തെ ഭക്ഷണം എത്തിക്കുന്നതിന് പോലും യുദ്ധം തടസമാകുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News