അവകാശികളില്ലാതെ വിവിധ ബാങ്കുകളില്‍ ഉണ്ടായിരുന്ന 35012 കോടി രൂപ റിസര്‍വ് ബാങ്കിലേക്ക് മാറ്റി. കഴിഞ്ഞ പത്തോ അതിലധികമോ വര്‍ഷമായി നിഷ്‌ക്രിയമായി കിടക്കുന്ന അക്കൗണ്ടുകളിലെ നിക്ഷേപമാണ് ആര്‍ബിഐയിലേക്ക് മാറ്റുന്നത്. അവകാശികളില്ലാതെ കിടക്കുന്ന ഈ തുക അതത് ബാങ്കുകളില്‍ നിന്നും ആര്‍ബിഐയിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുകയായിരുന്നു. 2023 ഫെബ്രുവരി മാസം വരെ 10.24 കോടി അവകാശികളില്ലാത്ത അക്കൗണ്ടുകളിലെ തുകയാണ് ബാങ്കുകളില്‍ നിന്നും ആര്‍ബിഐയിലേക്ക് മാറ്റിയിരിക്കുന്നത്.
ഇത്തരത്തില്‍ അവകാശികളില്ലാത്ത അക്കൗണ്ടുകളിലെ പണത്തിന്റെ കാര്യത്തില്‍ എസ്ബിഐയാണ് മുന്‍പന്തിയില്‍. 8096 കോടി രൂപയാണ് എസ്ബിഐയില്‍ കഴിഞ്ഞ പത്തുകൊല്ലത്തിലേറെയായി അവകാശികള്‍ തേടിയെത്താത്ത നിക്ഷേപമായി ഉള്ളത്. 5340 കോടി രൂപയുടെ അവകാശികളില്ലാത്ത നിക്ഷേപം പഞ്ചാബ് നാഷണല്‍ ബാങ്കിലുണ്ട്. കാനറ ബാങ്കില്‍ 4558 കോടി രൂപയും ബാങ്ക് ഓഫ് ബറോഡയില്‍ 3904 കോടി രൂപയും കഴിഞ്ഞ പത്തുകൊല്ലത്തിലേറെയായി അവകാശികള്‍ തേടിയെത്താത്ത നിക്ഷേപമായി ഉണ്ട്. പാര്‍ലമെന്റില്‍ ഇത് സംബന്ധിച്ച ചോദ്യത്തിനുള്ള രേഖാമൂലമുള്ള മറുപടിയില്‍ കേന്ദ്ര ധനകാര്യ സഹമന്ത്രി ഭഗവത് കരാദാണ് ഈ വിവരങ്ങള്‍ വ്യക്തമാക്കിയത്.
കഴിഞ്ഞ രണ്ടുവര്‍ഷമായി അക്കൗണ്ടില്‍ ഇടപാടുകളൊന്നും നടന്നിട്ടില്ലാത്ത അക്കൗണ്ട് ഉടമകള്‍/നിയമപരമായ അവകാശികള്‍ എവിടെയാണെന്ന് കണ്ടെത്തുന്നതിന് പ്രത്യേക ഡ്രൈവ് ആരംഭിക്കുന്നതിനെക്കുറിച്ച് പരിഗണിക്കാന്‍ ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
പത്തോ അതിലധികമോ വര്‍ഷമായി പ്രവര്‍ത്തന രഹിതമായ അവകാശികളില്ലാത്ത നിക്ഷേപങ്ങളുടെ പട്ടിക ബാങ്കുകള്‍ അവരുടെ വെബ്സൈറ്റില്‍ പ്രദര്‍ശിപ്പിക്കേണ്ടതുണ്ട്. അക്കൗണ്ട് ഉടമയുടെ പേരും വിലാസവും അടങ്ങുന്ന പട്ടികയാവും ബാങ്കുകള്‍ വെബ്സൈറ്റില്‍ പ്രദര്‍ശിപ്പിക്കുക. ഇത്തരമൊരു പട്ടിക ബാങ്കുകള്‍ പ്രദര്‍ശിപ്പിക്കുന്നതോടെ അവകാശികളുടെ ശ്രദ്ധയില്‍പ്പെടാത്ത അക്കൗണ്ടുകള്‍ മനസ്സിലാക്കാനും നിയമപരമായ അവകാശം തെളിയിക്കാനായി ബാങ്കുകളെ സമീപിക്കാനും തുടര്‍നടപടികള്‍ ആരംഭിക്കാനും ഇതോടെ സാധിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here