ജനസംഖ്യയിൽ ഒന്നാം സ്ഥാനത്ത് തുടരുന്ന ഇന്ത്യയ്ക്ക് മുമ്പിലുള്ള പ്രധാന വെല്ലുവിളി തൊഴിലില്ലായ്മയെന്ന് കണക്കുകൾ.ഉൽപാദനക്ഷമമായ പ്രായക്കാരിൽ മൂന്നിൽ രണ്ടുപേരുമുള്ള ഇന്ത്യയുടെ തൊഴിലില്ലായ്മ നിരക്ക് എട്ടു ശതമാനത്തിന് തൊട്ടടുത്താണ്. തൊഴിൽ സുരക്ഷിതത്വവും ശമ്പള കുറവും ഇന്ത്യൻ തൊഴിൽ സ്വഭാവത്തെ മോശമാക്കുകയാണ്.
ഐക്യരാഷ്ട്രസഭയുടെ കണക്കുകൾ അനുസരിച്ച് ലോകത്തിൽ ഏറ്റവും കൂടുതൽ മനുഷ്യരുള്ള രാജ്യമായി ഇന്ത്യ മാറുമ്പോൾ അതിനെ അനന്തമായ സാധ്യതയാക്കി മാറ്റണം എന്നായിരുന്നു യുഎൻ പോപ്പുലേഷൻ ഫണ്ടിന്റെ ഇന്ത്യ പ്രതിനിധി ആൻഡ്രിയ വോയ്നറുടെ അഭ്യർത്ഥന. 142 കോടി മനുഷ്യരും അതിൽ തന്നെ ഭൂരിഭാഗവും ചെറുപ്പക്കാരുമുള്ള രാജ്യമായി മാറിയിരിക്കുകയാണ് ഇന്ത്യ. ഉയർന്ന ജനസംഖ്യയെ അനുഗ്രഹമാക്കി മാറ്റണമെങ്കിൽ ഉൽപാദനക്ഷമതയുള്ള പ്രായത്തെ തൊഴിൽശക്തിയാക്കി ഉപയോഗിക്കാൻ കഴിയണം. പക്ഷേ, കടുക്കുന്ന തൊഴിലില്ലായ്മയും ശമ്പളക്കുറവുമാണ് ഇന്ത്യൻ യുവത്വം നേരിടുന്ന യാഥാർത്ഥ്യം.
എട്ട് ശതമാനത്തിന് തൊട്ടടുത്ത് തുടരുന്ന ഇന്ത്യൻ തൊഴിലില്ലായ്മ നിരക്ക് ലോക ശരാശരിക്കും മുകളിലാണ്. ജനസംഖ്യയിൽ ഇതുവരെ ഒന്നാം സ്ഥാനത്തായിരുന്ന ചൈനയിൽ ഇന്ത്യയുടെ വളരെ പിന്നിലാണ് തൊഴിലില്ലായ്മാ നിരക്ക്. 15 മുതൽ 29 വയസ്സ് വരെയുള്ള യുവാക്കൾക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 25 ശതമാനമാണ്. ഇന്ത്യൻ നഗരങ്ങളിലെ സാമൂഹ്യ സാമ്പത്തിക അന്തരം വർദ്ധിക്കുന്നതും തൊഴിലില്ലായ്മയെ പ്രകടമാക്കുകയാണ്. ജനസംഖ്യ 142 കോടിയാണെങ്കിലും മാനവ വിഭവ വികസന സൂചികയിൽ 139-ാം സ്ഥാനത്താണ് ഇന്ത്യ.
ലോക എക്കണോമിക് ഫോറത്തിന്റെ കണക്കുകൾ അനുസരിച്ച് ഒരു വർഷം ഇന്ത്യയിൽ പഠനം കഴിഞ്ഞ് തൊഴിലന്വേഷിച്ച് ഇറങ്ങുന്നത് ഒന്നരക്കോടി ചെറുപ്പക്കാരാണ്. എന്നാൽ തൊഴിൽ ലഭിക്കുന്നത് നാല് എംബിഎക്കാരിൽ ഒരാൾക്കും 5 എൻജിനീയർമാരിൽ ഒരാൾക്കും 10 ബിരുദധാരികളിൽ ഒരാൾക്കും മാത്രമാണ്. സർക്കാർ മേഖലയിൽ മൂന്നുപേർ വിരമിച്ചാൽ തൊഴിൽ നൽകേണ്ടത് ഒരാൾക്ക് മാത്രമെന്ന് തീരുമാനമെടുത്തിട്ടുള്ള സർക്കാരാണ് രാജ്യം ഭരിക്കുന്നത്. കേന്ദ്ര സർവീസിൽ പത്തുലക്ഷത്തോളം ഒഴിവുകളാണ് നികത്താതെ ബാക്കിയുള്ളത്. ഗ്രാമീണ ജനതയ്ക്ക് തൊഴിൽ നൽകാൻ കഴിയുന്ന തൊഴിലുറപ്പ് പദ്ധതിയും ആവശ്യത്തിന് പണം അനുവദിക്കാതെ അപ്രസക്തമാക്കുകയാണ്. സൈന്യത്തിൽ പോലും കരാർവൽക്കരണം ഉറപ്പാക്കുന്ന പദ്ധതികളും ജനവിരുദ്ധ തൊഴിൽകോഡുകളും സാക്ഷാത്കരിച്ച് തൊഴിൽരഹിതരുടെ റിപ്പബ്ലിക് സൃഷ്ടിക്കുകയാണ് സംഘപരിവാർ സർക്കാർ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here