ചുവപ്പണിയാന്‍ ഫ്രാന്‍സ്; അഭിപ്രായ സര്‍വേകളെ അട്ടിമറിച്ച് ഫ്രഞ്ച് പാര്‍ലമെന്റ് ഇലക്ഷനില്‍ ഇടത് മുന്നേറ്റം

അഭിപ്രായ സര്‍വേകളെ അട്ടിമറിച്ച് ഫ്രാന്‍സില്‍ ഇടതുസഖ്യത്തിന്റെ മുന്നേറ്റം. ഫ്രഞ്ച് പാര്‍ലമെന്റായ നാഷണല്‍ അസംബ്ലിയിലേക്ക് നടന്ന രണ്ടാംവട്ട വോട്ടെടുപ്പിലാണ് ഇടതുസഖ്യമായ ന്യൂ പോപ്പുലര്‍ ഫ്രണ്ടിന്റെ അപ്രതീക്ഷിത നേട്ടം. നേരത്തെ, അധികാരത്തിലെത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന തീവ്രവലതുപക്ഷ പാര്‍ട്ടിയായ നാഷണല്‍ റാലി വോട്ടെടുപ്പില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഫ്രഞ്ച് പ്രസിഡന്റായ ഇമ്മാനുവല്‍ മക്രോണിന്റെ റിനെയ്‌സെന്‍സ് പാര്‍ട്ടിയാണ് രണ്ടാമത്.

ALSO READ: കരുവന്നൂരിൽ ഇഡിക്ക് തിരിച്ചടി; പിടിച്ചെടുത്ത രേഖകൾ ക്രൈംബ്രാഞ്ചിന് വിട്ടു നൽകണമെന്ന് ഹൈക്കോടതി ഉത്തരവ്

66.63% വോട്ട് രേഖപ്പെടുത്തിയ തിരഞ്ഞെടുപ്പില്‍ ഇടത് സഖ്യം 182 സീറ്റാണ് നേടിയത്. റിനെയ്‌സെന്‍സ് പാര്‍ട്ടി 163 സീറ്റ് നേടി. ഇതോടെ, തീവ്രവലതുപക്ഷ പാര്‍ട്ടിയായ നാഷണല്‍ റാലിയ്ക്ക് 143 സീറ്റുകളിലെ വിജയിക്കാനായുള്ളൂ. ഫലത്തില്‍, 577 അംഗ നാഷണല്‍ അസംബ്ലിയില്‍ ആര്‍ക്കും കേവല ഭൂരിപക്ഷം ലഭിച്ചില്ല. 289 സീറ്റാണ് കേവലഭൂരിപക്ഷത്തിന് വേണ്ടത് എന്നതിനാല്‍ ഫ്രാന്‍സില്‍ തൂക്കുസഭയ്ക്കാണ് നിലവില്‍ സാധ്യത. ഫലം പൂര്‍ണമായും പുറത്തുവന്നിട്ടില്ല. ചെറുസോഷ്യലിസ്റ്റ് പാര്‍ട്ടികള്‍, ഗ്രീന്‍പാര്‍ട്ടി, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നിവര്‍ ചേര്‍ന്ന് രൂപവല്‍ക്കരിച്ച സഖ്യമാണ് എന്‍പിഎഫ്. കഴിഞ്ഞ മാസം മാത്രമാണ് ഈ സഖ്യം രൂപപ്പെട്ടത്. ജൂണ്‍ 30ന് കഴിഞ്ഞ ഒന്നാംവട്ട വോട്ടെടുപ്പില്‍ മരീന്‍ ലെ പെന്നിന്റെ ആര്‍എന്‍ പാര്‍ട്ടിയ്ക്ക് 33.15% വോട്ട് നേടാനായിരുന്നു. ഇതിലൂടെ ആര്‍എന്നിന്റെ 39 സ്ഥാനാര്‍ത്ഥികള്‍ എംപി സ്ഥാനം ഉറപ്പിച്ചതാണ്. അഭിപ്രായ സര്‍വേകളുടെ ആനുകൂല്യത്തില്‍ ഇതേ നേട്ടം രണ്ടാംവട്ടവും ആവര്‍ത്തിക്കാനാകുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് ഇടിത്തീയായി ഇടതുസഖ്യത്തിന്റെ കുതിപ്പ്.

ALSO READ: ‘കഴിഞ്ഞ മൂന്നര വർഷം കൊണ്ട് 19 ലക്ഷം കണക്ഷനുകൾ ജല ജീവൻ മിഷനിലൂടെ നൽകാൻ കഴിഞ്ഞു’; മന്ത്രി റോഷി അഗസ്റ്റിൻ

ആര്‍എന്‍ പാര്‍ട്ടിയെ പിടിച്ചുകെട്ടാനായി രണ്ടാം വട്ടത്തിനു മുമ്പ് മധ്യ, ഇടതുചേരികളിലെ ഇരുന്നൂറിലധികം സ്ഥാനാര്‍ത്ഥികള്‍ ചേര്‍ന്നാണ് തന്ത്രപരമായ സഖ്യമുണ്ടാക്കിയത്. ഒന്നാംവട്ടത്തില്‍ പോളിങ് 25% ത്തില്‍ താഴെയുള്ളതും വിജയിക്ക് 50% എങ്കിലും വോട്ട് ലഭിക്കാത്തതുമായ മണ്ഡലത്തിലായിരുന്നു രണ്ടാംവട്ട വോട്ടെടുപ്പ്. അതേസമയം, പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നാലും മക്രോണിന് 2027 വരെ പ്രസിഡന്റ് സ്ഥാനത്ത് തുടരാനാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News