ഏക സിവിൽ കോഡിൽ കോൺഗ്രസിൻ്റെ നിലപാട് തളളി ലീഗ്

ഏക സിവിൽ കോഡ് വിഷയത്തിൽ  പ്രതിരോധത്തിലായി കോൺഗ്രസ് നേതൃത്വം. സിപിഐഎം ൻ്റെ നിലപാട് രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടിയാണെന്ന കോൺഗ്രസിൻ്റെ നിലപാട് ലീഗ് നേതൃത്വം തളളിക്കളഞ്ഞത് കോൺഗ്രസിന് തിരിച്ചടിയായിരിക്കുകയാണ്. വിഷയത്തിൽ  കോൺഗ്രസ് ദേശീയതലത്തിൽ വ്യത്യസ്തമായ നിലപാടുകൾ കൈക്കൊള്ളുന്നത് കേരളത്തിലെ നേതാക്കളെ പ്രതിസന്ധിയിലാക്കുകയാണ്.
ഏക  സിവിൽ കോഡ് നടപ്പാക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ ശക്തമായ പ്രക്ഷോഭത്തിനാണ് സി.പി.ഐ എം  മുൻകൈയ്യെടുക്കുന്നത്.ബഹുജനമുന്നേറ്റത്തിൻ്റെ ഭാഗമായി കോഴിക്കോട് സംസ്ഥാന തല സെമിനാർ സംഘടിപിക്കാനും തീരുമാനിച്ചു. വർഗീയ കക്ഷികൾ ഒഴികെ എല്ലാവർക്കും സെമിനാറിൽ പങ്കെടുക്കാമെന്നും സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കിയിരുന്നു.
സിപിഐഎംശക്തമായ സമരത്തിനൊരുങ്ങുമ്പോൾ യു ഡി എഫ് ആകട്ടെ ഏക സിവിൽകോഡ് വിഷയത്തിൽ നിലപാട് സ്വീകരിക്കാനാകാതെ ഇരുട്ടിൽ തപ്പുകയാണ്. സി.പി.ഐ.എം സമരത്തെ രാഷ്ട്രീയ മുതലെടുപ്പ് എന്ന് ആക്ഷേപിക്കുകയാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. എന്നാൽ ഹിമാചൽ പ്രദേശിലെ കോൺഗ്രസ് മന്ത്രി തന്നെ  ഏക സിവിൽ കോഡിനെ അനുകൂലിച്ച് രംഗത്ത് വന്നതിനെ പറ്റി കേരളത്തിലെ കോൺഗ്രസ് നേതാക്കൾക്ക് മിണ്ടാട്ടമില്ല.
അതേ സമയം സി.പി.ഐ.എം നിലപാടിനെ പൂർണമായും പിന്തുണച്ച് ലീഗ് നേതാക്കൾ രംഗത്തെത്തി.
ലീഗ് ജനറൽ സെക്രട്ടറി പി.എം.എ സലാം പ്രതിപക്ഷ നേതാവിൻ്റെ പ്രതികരണത്തെ പൂർണമായും തള്ളി.
സി.പി.ഐ.എമ്മിൻ്റെത് രാഷ്ട്രീയ നീക്കമോ വഞ്ചനയോ ആണെങ്കിൽ ഞങ്ങൾക്ക്    തിരിച്ചറിയാനാവുമെന്നായിരുന്നു സലാം വി.ഡി സതീശന് നൽകിയ മറുപടി. ലീഗിനൊപ്പം സമസ്തയും സിപിഐഎമ്മിനെ പിന്തുണച്ച് രംഗത്ത് വന്നത് കോൺഗ്രസ് നേതൃത്വത്തിന് വലിയ ക്ഷീണമായി. ഏക സിവിൽ കോഡ് വിഷയത്തിൽ ലീഗ് ഒറ്റയ്ക്ക് സെമിനാർ നടത്താൻ തീരുമാനിച്ചതും കോൺഗ്രസിന് തലവേദനയാകും
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News